
തിരുവനന്തപുരം: കത്തോലിക്ക സഭ കഴിഞ്ഞാല്‍പ്പിന്നെ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി സംവിധാനമുള്ളത് ആര്‍എസ് എസിന് മാത്രമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. ലോകത്ത് സ്വയം നവീകരിക്കുന്ന ബ്യോറോക്രസിയുള്ളത് സഭയ്‌ക്കും ആര്‍എസ്എസിനും മാത്രമാണുള്ളത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിബോധം വര്‍ധിച്ചുവരികയാണ് . ഹിന്ദു വ്യവസ്ഥിതിയില്‍ നിന്നാണ് സംസ്ഥാനത്ത് ഇത് രൂപപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ അടിസ്ഥാന മാതൃക ഹിന്ദു മോഡലാണ്. അടിസ്ഥാനപരമായി, ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു ഹിന്ദു സാമൂഹിക പാരമ്പര്യമാണുള്ളത്.
ഹിന്ദു മാതൃക പിന്തുടര്‍ന്ന്, ഉന്നതര്‍ എന്ന വിഭാഗത്തില്‍ ഇടംപിടിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ശ്രമിക്കുന്നു. അടിയന്തരാവസ്ഥയെ സംബന്ധിച്ചിടത്തോളം, എട്ടോ പത്തോ പേര്‍ ഒരു മുറിയില്‍ ഒത്തുകൂടി ഭരണഘടനയെ വലിച്ചെറിഞ്ഞ് രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അതിനു കഴിയുമെന്ന് ഇന്ദിരാഗാന്ധി നമുക്ക് കാണിച്ചുതന്നു. ഇത് സാധ്യമാണെന്ന് ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.
അതേസമയം ബിജെപി അത്രത്തോളം തീവ്രമായ ഏകാധിപത്യ സ്വഭാവത്തിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും, അവര്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നരേന്ദ്രമോദി വളരെ സമര്‍ത്ഥമായാണ് ഇതു കൈകാര്യം ചെയ്തത്.
നേതാക്കളുടെ അഹങ്കാരമാണ് സിപിഎം നേരിടുന്ന മറ്റൊരു വിഷയം. ഇത് ഒരാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല; സംഘടനയിലുടനീളം അത് വ്യാപിച്ചുകിടക്കുന്നു. അഴിമതിയാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. രാഷ്‌ട്രീയത്തില്‍ അഴിമതി ഉണ്ടാകും എന്നുറപ്പാണ്. എന്നാല്‍ അതിനെ എങ്ങനെ നിയന്ത്രണവിധേയമായി നിര്‍ത്താം എന്ന് അറിഞ്ഞിരിക്കണം. സക്കറിയ ചൂണ്ടിക്കാട്ടി.