Entertainment

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നടനെന്ന നിലയില്‍ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരം പുതിയ കാലത്തും തന്നിലെ നടനെ അടയാളപ്പെടുത്തുകയാണ് വിജയരാഘവൻ . നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ തന്റെ അച്ഛനും കുടുംബവും കളിയാക്കലുകളും അവഗണനകളും നേരിട്ടിട്ടുണ്ടെന്നാണ് വിജയരാഘവന്‍ പറയുന്നത്.

”അന്ന് നാടകത്തില്‍ അഭിനയിക്കുന്നതിനെ വളരെ മോശപ്പെട്ട കാര്യമായാണ് സമൂഹം കണ്ടിരുന്നത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ പെങ്ങളും അടക്കം ഞങ്ങളുടെ കുടുംബം മുഴുവന്‍ നാടകത്തില്‍ അഭിനയിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ ബന്ധുക്കള്‍ പലരും വീട്ടിലേക്ക് പോലും വരില്ലായിരുന്നു. നാടകക്കാരന്‍ എന്ന് വിളിച്ച് അച്ഛനെ കളിയാക്കുമായിരുന്നു.

അയാള്‍ നാടകം ചെയ്ത് നടക്കുന്നത് പോരാഞ്ഞിട്ട് എന്തിനാണ് ഭാര്യയേയും മക്കളേയും കൂടി അതിലേക്ക് വലിച്ചിഴയ്‌ക്കുന്നത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത്. എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.” വിജയരാഘവന്‍ പറയുന്നു.

‘കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്നോട് സുഹൃത്തിനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. തല്ലുകയും വഴക്ക് പറയുകയും ചെയ്തിട്ടുമുണ്ട്. അതില്ല എന്നല്ല. അച്ഛനോട് എനിക്ക് വലിയ ബഹുമാനമാണ്. പക്ഷെ സുഹൃദ്ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. എനിക്ക് ആദ്യമായി മദ്യം ഒഴിച്ചു തരുന്നത് പോലും അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയൊന്നും ഉണ്ടായിട്ടില്ല” അദ്ദേഹം പറയുന്നു.

ഇന്ന് തന്റെ മക്കളുമായും കൊച്ചുമക്കളുമായും തനിക്കുള്ളതും അതുപോലൊരു ബന്ധമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. കൊച്ചുമകള്‍ക്കൊപ്പമിരിക്കുമ്പോള്‍ തനിക്കും അവള്‍ക്കും ഒരേ പ്രായമാണെന്നും വിജയാരാഘവന്‍ പറയുന്നു.

Recent Posts