
കൊച്ചി: മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അഴിമതിക്കേസില്‍ ഇയാളെ രക്ഷിക്കാന്‍ ഒരു വിഐപി ഇടപെടുകയും ശിപാര്‍ശക്കത്ത് നല്‍കുകയും ചെയ്തത് പുറത്തായി. ഇയാളെ പ്രോസിക്യൂട്ട് ചെയ്യാന്‍, സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് തൊട്ടുമുന്‍പ്, 2011 മെയ് 25നാണ് ഒരു രാജ്യസഭാംഗം, കത്ത് നല്‍കിയത്. അനുമതി നല്‍കും മുന്‍പ് തച്ചങ്കരിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും നിവേദനം നല്‍കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്, ആഭ്യന്തര സെക്രട്ടറിക്ക് രാജ്യസഭാഗം കത്ത് നല്‍കിയത്.
കോട്ടയം വിജിലന്‍സ് കോടതിയില്‍ വാദം നടക്കുമ്പോഴാണ് ഈ കത്ത് പുറത്തായത്. ആഭ്യന്തര സെക്രട്ടറി പിള്ളേജിയെ അഭിസംബോധന ചെയ്യുന്ന കത്ത് ആരുടെയാണെന്ന് പുറത്തുവന്നിട്ടില്ല. എന്നാല്‍ പിജെ കുര്യനാണ് ആ രാജ്യസഭാംഗം എന്ന നിലയ്‌ക്കാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ വിവാദത്തോട് കുര്യന്റെ പ്രതികരണം ദുര്‍ബലമാണ്. തച്ചങ്കരിയെ അറിയാം. സാധാരണ ശിപാര്‍ശക്കത്ത് നല്‍കാറില്ല. ഇത്തരമൊരു കത്ത് നല്‍കിയതായി ഓര്‍മയില്ല എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് കുര്യന്‍ പറയുന്നത്. അന്ന് രാജ്യസഭയില്‍ ഉണ്ടായിരുന്ന മലയാളികള്‍ വയലാര്‍ രവിയും എ.കെ. ആന്റണിയും പി.ജെ. കുര്യനുമായിരുന്നു. രവിയും ആന്റണിയും അല്ലെന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയാണ് സംശയത്തിന്റെ മുന ശക്തമായി കുര്യനിലേക്ക് തിരിഞ്ഞത്.