
മലപ്പുറം ; കേരളത്തിൽ പോയി സമ്പന്നനായെ വീട്ടിലേക്ക് തിരിച്ച് വരൂവെന്ന് പറഞ്ഞ് മലപ്പുറത്ത് ജോലിക്കായി വന്ന 14 ക്കാരനായ ബംഗാളി കുട്ടിയെ തിരികെ മാതാപിതാക്കൾക്ക് കൈമാറി മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്.
സ്കൂളിൽ പോവാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് 14 ക്കാരൻ വീട് വീട്ടിറങ്ങിയത്. “ഞാനിനി കേരളത്തിൽ പോയി സമ്പന്നനായെ വീട്ടിലേക്ക് തിരിച്ച് വരൂ” എന്ന് മാതാപിതാക്കളോട് പറഞ്ഞ് നാല് സുഹൃത്തുക്കളോടൊപ്പമാണ് കുട്ടി കേരളത്തിലേക്ക് വന്നത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൂട്ടുക്കാരോടൊപ്പം കുട്ടി എത്തുകയും പിന്നീട് വാഴക്കാട് ഉള്ള കോർട്ടേഴ്സിൽ എത്തുകയുമായിരുന്നു. എന്നാൽ വൈകാതെ താൻ ജോലി ആവശ്യാർത്ഥം കേരളത്തിൽ വന്നതാണ് എന്നും തനിക്ക് 14 വയസ്സ് മാത്രമേയുള്ളൂ എന്നും അതുകാരണം ഇവിടെ ജോലി കിട്ടുന്നില്ല ജോലിയെടുക്കാൻ പ്രയാസമാണ് തിരിച്ചു നാട്ടിലേക്ക് പോവണമെന്നും ആയതിനുള്ള പണമില്ലെന്നും കുട്ടി തന്നെയാണ് ചൈൽഡ് ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറായ 1098 ലേക്ക് വിളിച്ചു പറഞ്ഞു.
താൻ ജോലിക്ക് വന്നിരിക്കുന്ന സ്ഥലത്തിന്റെ പേരോ വിവരമോ മറ്റോ ഒന്നും തനിക്ക് അറിയില്ലെന്ന് പറഞ്ഞ കുട്ടിയോട് കുട്ടി വിളിക്കുന്ന ഫോണിൽ നിന്നും ലൊക്കേഷൻ അയക്കാൻ ആവശ്യപ്പെടുകയും ആയതുപ്രകാരം അന്വേഷണം നടത്തി കുട്ടിയെ മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ടീം റെസ്ക്യൂ ചെയ്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.
കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിലെ മുതിർന്ന ആളുകൾ ഫർണിച്ചർ ഡിസൈനിങ് ജോലിയാണ് ചെയ്യുന്നത്. അവരോടൊപ്പം കുറച്ചു ദിവസം ജോലിക്ക് സഹായത്തിന് പോവുകയും ചെയ്തു.
ജൂലൈ നാലിനാണ് കുട്ടി ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ചത്. പിന്നീട് അന്വേഷണം നടത്തിയപ്പോൾ കുട്ടി ഒരു ചെറിയ റൂമിൽ എട്ടോളം ആളുകൾ കുത്തി നിറഞ്ഞ് താമസിക്കുന്ന ഇടത്താണ് എന്നും തുടർന്നും പ്രസ്തുത ആളുകളോടൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ല എന്നും മനസിലായി.
അന്വേഷണത്തിൽ കുട്ടിയുടെ സുഹൃത്തുക്കൾക്ക് എല്ലാം തന്നെ 18 വയസ്സ് പൂർത്തിയായതാണ് എന്ന് വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയെ മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മമ്മു മാസ്റ്റർ മുമ്പാകെ ഹാജരാക്കുകയും അവരുടെ ഉത്തരവ് പ്രകാരം കുട്ടിയെ തവനൂർ ഗവൺമെൻറ് ചിൽഡ്രൻ ഹോമിലേക്ക് താൽക്കാലിക സംരക്ഷണം നൽകുകയും ചെയ്തു.
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പശ്ചിമ് മദനിപ്പൂർ ജില്ലയിലെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിക്കുകയും കുട്ടിയുടെ സാമൂഹിക അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് എത്തിക്കുന്ന നടപടികൾ ആരംഭിക്കുകയുമായിരുന്നു.