Kerala

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ പോലീസ് പിടികൂടി. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി നാവികസേനയുടെ ലോൺട്രി വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ ഒരു സ്പായിൽ വ്യാജരേഖകളുമായി ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കിയത്.

Recent Posts