
ലക്നൗ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള പിന്തുണ പ്രകടിപ്പിക്കാൻ യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ . ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള മുസ്ലീം അഭിഭാഷകൻ തബിഷ് നിസാറാണ് യോഗി ആദിത്യനാഥിനുള്ള പിന്തുണ പ്രകടിപ്പിക്കാൻ തികച്ചും വ്യത്യസ്തമായ മാർഗം തിരഞ്ഞെടുത്തത്.
രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി യോഗിയെ ചിത്രീകരിക്കുന്ന ടാറ്റൂവാണ് നിസാർ തന്റെ നെഞ്ചിൽ പതിപ്പിച്ചിരിക്കുന്നത് . “Next PM, CM Sahab Maharaj Ji Yogi Ji BJP” (അടുത്ത പ്രധാനമന്ത്രി, മുഖ്യമന്ത്രി സാഹിബ് മഹാരാജ് ജി യോഗി ജി ബിജെപി) എന്നാണ് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.
താൽക്കാലിക പ്രശസ്തിക്കോ വെറും ഷോയ്‌ക്ക് വേണ്ടിയല്ല താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നിസാർ വ്യക്തമാക്കുന്നു. മറിച്ച്, യോഗി സർക്കാരിന്റെ പ്രവർത്തനരീതിയിലും ഭരണപരമായ തീരുമാനങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ.സംസ്ഥാനത്ത് കർശനമായ ക്രമസമാധാനപാലനം നടപ്പിലാക്കിയത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും, കലാപങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടഞ്ഞുവെന്നും, സ്ത്രീ സുരക്ഷയിൽ പ്രകടമായ പുരോഗതി കൊണ്ടുവന്നുവെന്നും അദ്ദേഹം പറയുന്നു. യോഗിയുടെ വികസനവും സുരക്ഷയും സംബന്ധിച്ച നയങ്ങൾ ഏതെങ്കിലും മതത്തെയോ സാമൂഹിക വിഭാഗത്തെയോ വേർതിരിച്ചു കാണാത്തവയാണെന്നും നിസാർ വ്യക്തമാക്കുന്നു.
രാഷ്‌ട്രീയ പാർട്ടികളുടെ അനുയായികൾ സാധാരണയായി മുദ്രാവാക്യങ്ങൾ, പതാകകൾ, പ്രസ്താവനകൾ എന്നിവയിലൂടെയാണ് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാറുള്ളതെങ്കിൽ, തബിഷ് നിസാർ തന്റെ ഉറച്ച വിശ്വാസത്തെ സ്വന്തം ശരീരത്തിന്റെ തന്നെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. നിലവിലെ നേതൃത്വത്തിന് ശേഷം രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഒരേയൊരു നേതാവ് യോഗി ആദിത്യനാഥ് ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരു യുവ പ്രൊഫഷണൽ ഇത്രയും തുറന്നതും വ്യത്യസ്തവുമായ രീതിയിൽ യോഗിയ്‌ക്ക് പിന്തുണ പ്രകടിപ്പിച്ചത് വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിട്ടുണ്ട്.