
കൊച്ചി : കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ കഥ റിപ്പോർട്ടർ ചാനൽ എം ഡി ആന്റോ അഗസ്റ്റിനുമായി കൂട്ടിയിണക്കി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ അയാളൊരു റൗഡിയാണ്, കേഡി എന്ന് സ്വയം അഭിമാനിക്കുന്നയാൾ. ഒന്നാന്തരമൊരു പൊങ്ങച്ചക്കാരനുമാണ്. സ്വന്തം പേര് ഇടയ്‌ക്കിടെ പറയുന്ന ശീലമുണ്ട്. ഇംഗ്ലീഷ് വാക്കുകൾ തെറ്റായി പ്രയോഗിക്കും. നന്നായി വസ്ത്രം ധരിച്ചും റെയ്ബാൻ കണ്ണട വച്ചും വിവിധ പോസുകളിൽ വാഹനത്തിൽ ചാരിയും സ്വന്തം അലമ്പൊക്കെ മറയ്‌ക്കാൻ ശ്രമിക്കാറുണ്ട്. ‘ എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
രഹസ്യമായി എത്തിക്കുന്ന കള്ളുകുപ്പി വീട്ടിൽ സൂക്ഷിക്കുന്ന പതിവുണ്ട് അയാൾക്ക്. മദ്യപിക്കില്ലെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ മടിയില്ല. തന്റെ ഗാഢവും സുദൃഢവും അഗാധവും ദീർഘവുമായ ബന്ധത്തിന്റെ പുറത്ത്, ആരാധകരുടെ രോമാഞ്ചമായ പ്രശസ്ത താരത്തെ തന്റെ നാട്ടിൽ കൊണ്ടുവരാമെന്ന് അയാൾ പ്രഖ്യാപിച്ചു – എന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
അയാളൊരു റൗഡിയാണ്. കേഡി എന്ന് സ്വയം അഭിമാനിക്കുന്നയാൾ. നിരവധി കേസുകളിൽ പ്രതി. ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കേസുകളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. എല്ലാ മാസവും പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം.
ഒന്നാന്തരമൊരു പൊങ്ങച്ചക്കാരനുമാണ്. സ്വന്തം പേര് ഇടയ്‌ക്കിടെ പറയുന്ന ശീലമുണ്ട്. ഇംഗ്ലീഷ് വാക്കുകൾ തെറ്റായി പ്രയോഗിക്കും. നന്നായി വസ്ത്രം ധരിച്ചും റെയ്ബാൻ കണ്ണട വച്ചും വിവിധ പോസുകളിൽ വാഹനത്തിൽ ചാരിയും സ്വന്തം അലമ്പൊക്കെ മറയ്‌ക്കാൻ ശ്രമിക്കാറുണ്ട്.
നാട്ടുകാരെ മൊത്തം തെറിവിളിച്ചും അവരെക്കുറിച്ച് ഗോസിപ്പ് പറഞ്ഞും ജീവിക്കുന്നവൻ. വാർത്തകളും കിംവദന്തികളും ചേർത്തുപറഞ്ഞ് തനിക്കെല്ലാം അറിയാമെന്ന് നടിക്കുന്നവൻ. ഒരു സ്ത്രീയുടെ പേര് പറഞ്ഞ് ദുർനടപ്പുകാരൻ എന്ന് വിളിച്ച് സത്സ്വഭാവിയായ ഒരു നിരപരാധിയെ അപമാനിക്കാൻ അയാൾ ശ്രമിച്ചിട്ടുണ്ട്. സത്യം പറയുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് കരുതാതെ നുണ പ്രചരിപ്പിക്കാൻ മടിയില്ലാത്തവൻ.
നാലാം ക്ലാസും ഗുസ്തിയും ആണെങ്കിലും പണമുള്ളതുകൊണ്ട് നാട്ടിൽ നിന്നും ദൂരെയുള്ള ഒരു സ്ഥാപനത്തിന്റെ മുതലാളി ആയി. താനിപ്പോൾ പഴയതു പോലെയല്ല എന്ന് സ്വയം പറയും. പണം കൊടുത്താൽ ആൾക്കാരെ തന്റെ വശത്ത് ആക്കാമെന്നാണ് അയാളുടെ ധാരണ.
അയാളുടെ കൂടെ എപ്പോഴും വിവരമില്ലാത്ത ഒരു ശിങ്കിടിയുണ്ട്. അയാളെക്കുറിച്ച് ആരെന്തുപറഞ്ഞാലും അയാൾ ദൈവം അയച്ച ദൈവദൂതനെ പോലെയാണെന്ന് അയാളുടെ ശിങ്കിടികൾ മുഖസ്തുതി പറയും. മഹാത്മാ ഗാന്ധി മുതൽ എകെ ഗോപാലൻ വരെ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പറഞ്ഞ് അയാളുടെ ജയിൽവാസത്തെ ന്യായീകരിക്കുന്ന ദാസരാണ് ചുറ്റും. അയാൾ ജയിലിൽ പോയത് റൗഡിത്തരം കൊണ്ടല്ല, മറ്റു കാരണങ്ങളാലാണ് എന്നവർ ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
നീ കമ്യൂണിസ്റ്റാണോ എന്നൊരാൾ ചോദിക്കുമ്പോൾ അയാൾ അത് നിഷേധിക്കുന്നുണ്ട്.
രഹസ്യമായി എത്തിക്കുന്ന കള്ളുകുപ്പി വീട്ടിൽ സൂക്ഷിക്കുന്ന പതിവുണ്ട് അയാൾക്ക്. മദ്യപിക്കില്ലെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ മടിയില്ല. കള്ളുകുപ്പി മറ്റുള്ളവർ കണ്ടാൽ അതിൽ തേൻ ആണെന്നു പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവൻ. അവസാനം വീട്ടിൽ കള്ള് സൂക്ഷിക്കുന്നത് അധികൃതർ തെളിവുസഹിതം കണ്ടെത്തുന്നു. അതേക്കുറിച്ച് തർക്കം ഉണ്ടാകുന്നു. അവസാനം കുടിച്ചതും കുപ്പിയിലുള്ളതും കള്ളാണെന്ന് അയാൾക്ക് സമ്മതിക്കേണ്ടി വരുന്നു. “കൊടിമൂത്ത ചട്ടമ്പിയായിട്ടും ഇത്തിരി കള്ള് കുടിക്കുന്നത് പാത്തും പതുങ്ങിയും ആണെന്ന് ഞാനറിഞ്ഞോ,” എന്ന് പ്രധാന ശിങ്കിടിക്ക് വരെ ചോദിക്കേണ്ടി വരുന്ന അവസ്ഥ.
തന്റെ ഗാഢവും സുദൃഢവും അഗാധവും ദീർഘവുമായ ബന്ധത്തിന്റെ പുറത്ത്, ആരാധകരുടെ രോമാഞ്ചമായ പ്രശസ്ത താരത്തെ തന്റെ നാട്ടിൽ കൊണ്ടുവരാമെന്ന് അയാൾ പ്രഖ്യാപിച്ചു. ശരിക്കും താരം വരുമോ എന്ന് ചോദിച്ചവരോട് അയാൾ തിരികെ ചോദിച്ചത്, “ഞാൻ പിന്നെ കള്ളം പറയുമോ” എന്നാണ്. താരം പൊതുജനങ്ങളുടെ മുന്നിൽ പെർഫോം ചെയ്യുമെന്ന് സ്തുതിപാഠകർ മൈക്കിൽ കൂടി വിളിച്ചുകൂവി. എന്തൊക്കെ പ്രതിബന്ധം ഉണ്ടായാലും താരത്തെ കൊണ്ടുവരുമെന്ന് അവസാന നിമിഷം വരെയും അയാൾ വീമ്പിളക്കി. എന്നിട്ട് അവസാനം താരത്തെ കൊണ്ടുവരാതെ നാട്ടുകാരെ പറ്റിച്ചു. വിമർശനം ഉയർന്നപ്പോൾ, താരത്തെ വിട്ടുകൊടുക്കാത്ത അധികൃതരോട് താൻ ചോദിച്ചോളാമെന്ന് അയാൾ പരസ്യമായി പ്രഖ്യാപിച്ചു.
ഇങ്ങനെ നേരും നെറിയും സത്യവും ഇല്ലാത്തൊരു മനുഷ്യൻ. അയാൾ ചെയ്ത പാപങ്ങൾ കേട്ട് കുമ്പസാരക്കൂട്ടിലെ അച്ചൻ വരെ ഞെട്ടിത്തരിച്ച് ഇരുന്നിട്ടുണ്ട്. ഹോ!
പറഞ്ഞുവന്നത് കോട്ടയം കുഞ്ഞച്ചനെ കുറിച്ചാണ്. സംശയമുള്ളവർ ആ സിനിമ ഒന്നുകൂടി കണ്ടുനോക്കൂ. മേല്പറഞ്ഞതെല്ലാം അതിലുണ്ട്.