
ന്യൂദല്‍ഹി: യമുന നദി സംബന്ധിച്ചുള്ള അന്തര്‍ സംസ്ഥാന സഹകരണത്തിനും ജലസ്രോതസുകളുടെ വികസനത്തിനുമുള്ള കിഷൗ മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതി കരാറില്‍ ആറ് സംസ്ഥാനങ്ങള്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കിഷൗ പദ്ധതിയുടെ നിര്‍മാണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രം ഒപ്പുവെച്ചതോടെ, പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
ആറ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ഏകദേശം 28 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്. രേണുകാജി മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതി, ലഖ്വാര്‍ മള്‍ട്ടി പര്‍പ്പസ് പദ്ധതികളില്‍ രണ്ട് പ്രോജക്ടുകള്‍ക്ക് പിന്നാലെ ആറ് സംസ്ഥാനങ്ങള്‍ക്കിടയില്‍ നിര്‍മാണത്തിനുള്ള മൂന്നാമത്തെ കരാറാണ് കിഷൗ മള്‍ട്ടി പര്‍പ്പസ് പ്രോജക്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലും ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുമായി ഒഴുകുന്ന യമുന നദിയുടെ ഒരു പ്രധാന പോഷകനദിയായ ടണ്‍സ് നദിയിലാണ് കിഷൗ മള്‍ട്ടി പര്‍പ്പസ് പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
1,562 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള 232.6 മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ട് നിര്‍മിക്കുകയാണ് പദ്ധതി. ഏകദേശം 1,476 ദശലക്ഷം യൂണിറ്റ് വാര്‍ഷിക വൈദ്യുത ഉത്പാദനത്തോടെ ഏകദേശം 0.97 ലക്ഷം ഹെക്ടര്‍ കാര്‍ഷികമേഖലയ്‌ക്ക് ജലസേചനവും ഇതിലൂടെ സാധിക്കും.
കിഷൗ മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതിയുടെ 90 ശതമാനവും കേന്ദ്ര സഹായമാണ്. ശേഷിക്കുന്ന 10 ശതമാനം സാമ്പത്തിക ബാധ്യത ആറ് സംസ്ഥാനങ്ങള്‍ പങ്കിടും. ഹിമാചല്‍ പ്രദേശിന്റെ വൈദ്യുതി പദ്ധതിയുടെ ചെലവ് പങ്കിടുന്നതിന് പകരമായി ഡല്‍ഹിക്കും രാജസ്ഥാനും ഹിമാചല്‍ പ്രദേശിന്റെ ജലവിഹിതം അനുവദിക്കുന്നതിനും യോഗം സമവായത്തിലെത്തി.
ഒരു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.