India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പതിനാലു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മതപഠനം നല്‍കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന നിവേദനത്തില്‍ തീരുമാനമെടുക്കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹര്‍ജിയില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ടി.കെ. അനില്‍കുമാറിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മതേതരമോ മതപരമോ ആയ വിദ്യാഭ്യാസം നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായ കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നത്. ഈ നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്ന് നാളുകള്‍ കഴിഞ്ഞിട്ടും വിദ്യാഭ്യാസ സെക്രട്ടറി വിഷയത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപാധ്യായ വീണ്ടും കോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ നിരീക്ഷണമോ അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വ്യാജ, അണ്‍രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ മതപഠനത്തിന്റെ മറവില്‍ കുട്ടികളില്‍ തീവ്രവാദ ചിന്തകള്‍ കുത്തിവെക്കപ്പെടുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടമില്ലായ്‌മ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും സൗഹാര്‍ദ്ദത്തിനും കടുത്ത ഭീഷണിയാണെന്നും മതത്തിന്റെ പേരില്‍ കുട്ടികളുടെ ചിന്തയിലേക്ക് തീവ്രവാദ ചിന്ത കടത്തിവിടാന്‍ ഇത് വഴിയൊരുക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Recent Posts