India

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നടപടി. റൈഡ് ബുക്ക് ചെയ്യുന്നതിനിടെ കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) 10 ലക്ഷം രൂപ പിഴയിട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനും അന്യായ വ്യാപാര രീതികൾക്കുമാണ് നടപടി.

2025 മെയ് 16ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് CCPA അന്വേഷണം ആരംഭിച്ചത്. തുടർന്ന് റാപ്പിഡോ ഉൾപ്പെടെയുള്ള വിവിധ ക്യാബ്, ബൈക്ക്-ടാക്സി അഗ്രഗേറ്റർമാരുടെ പ്രവർത്തനരീതികൾ അതോറിറ്റി പരിശോധിച്ചു.

റാപ്പിഡോ ആപ്പിൽ യാത്ര ബുക്ക് ചെയ്യുമ്പോൾ ആദ്യം ഒരു നിശ്ചിത നിരക്കാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ബുക്കിംഗ് നടപടികളുമായി ഉപഭോക്താവ് മുന്നോട്ടുപോകുമ്പോൾ, “60 രൂപ നിരക്കിൽ ഡ്രൈവർമാർ യാത്ര സ്വീകരിക്കുന്നില്ല; +10, +20, +30 എന്നിങ്ങനെ തുക കൂട്ടി നോക്കൂ, നിരക്ക് കൂടുന്തോറും യാത്ര ലഭിക്കാനുള്ള സാധ്യതയും കൂടും” തുടങ്ങിയ സന്ദേശങ്ങൾ ആപ്പ് കാണിച്ചിരുന്നു.

ടിപ്പ് നൽകുന്നത് തികച്ചും സ്വമേധയാ ഉള്ള കാര്യമാണെന്നും, അധിക തുക വാഗ്ദാനം ചെയ്താലും ഇല്ലെങ്കിലും തങ്ങളുടെയാത്രക്കാരെയും ഡ്രൈവർമാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും റാപിഡോ വാദിച്ചു. എന്നാൽ ഈ വാദം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അം​ഗീകരിച്ചില്ല. ഉപഭോക്താവിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന ഇത്തരം രീതികൾ അന്യായ വ്യാപാര രീതിയുടെ പരിധിയിൽ വരുന്നതായാണ് അതോറിറ്റിയുടെ നിലപാട്.

അഡ്വാൻസ് ടിപ്പിംഗ്, ‘ഡാർക്ക് പാറ്റേൺ’ തുടങ്ങിയ രീതികളുമായി ബന്ധപ്പെട്ട് യൂബർ, ഓല, റാപ്പിഡോ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെയും CCPA നോട്ടീസ് നൽകിയിരുന്നു.