Kerala

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

Published by
സജിത്ത് പരമേശ്വരന്‍

പത്തനംതിട്ട: ഒന്നര വര്‍ഷം മുമ്പ് കുറഞ്ഞ നിരക്കില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വൈദ്യുതി വാഗ്ദാനം ചെയ്തിട്ടും പിണറായി സര്‍ക്കാര്‍ അത് നിഷേധിച്ചത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി. ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ പീക്ക് സമയത്ത് 184.08 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് 2025 ജനുവരിയിലാണ് ഉത്തരാഖണ്ഡിലെ തെഹ്രി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ടിഎച്ച്ഡിസി) കേരള സര്‍ക്കാരിനെ അറിയിച്ചത്, ഇത് കേരളത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ഒരു പരിധി വരെ പര്യാപ്തമായിരുന്നു. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്ക് പ്രകാരം യൂണിറ്റിന് ഏകദേശം ആറു രൂപ മാത്രമേ നല്‍കേണ്ടിയിരുന്നുള്ളൂ.

സോളാര്‍ വൈദ്യുതി നിരക്ക് ഓരോ വര്‍ഷവും കുറയുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഈ കരാര്‍ കേരളത്തിന് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കേരളവുമായി കരാറുണ്ടാക്കാന്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നുവെന്ന് ടിഎച്ച്ഡിസി സ്‌പെഷല്‍ ഓഫിസര്‍ എ.കെ. വിജയകുമാറും അന്ന് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയപ്പോള്‍ കമ്പനി അധികൃതര്‍ ഇക്കാര്യം കെഎസ്ഇബിയെ അറിയിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഇക്കാര്യത്തില്‍ യാതൊരു താല്‍പര്യം പ്രകടിപ്പിച്ചില്ല. അതിനാല്‍ കെഎസ്ഇബി കരാറുമായി മുന്നോട്ടുപോയില്ലെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍ വ്യക്തമാക്കുന്നു. കരാറില്‍ നിന്ന് കേരളം പി
ന്മാറിയതോടെ അവസരം ഗുജറാത്ത് സ്വന്തമാക്കി. ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് (ജിയുവിഎന്‍എല്‍), ടിഎച്ച്ഡിസിയുമായി കരാറിലെത്തി.

നിലവില്‍ തെഹ്രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 200 മെഗാവാട്ട് ഉത്തരാഖണ്ഡും 100 മെഗാവാട്ട് വീതം രാജസ്ഥാനും ഹരിയാനയും വാങ്ങുന്നുണ്ട്. ദല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ബിആര്‍പിഎല്‍ 263.52 മെഗാവാട്ടും ബിവൈപിഎല്‍ 152.4 മെഗാവാട്ടും തെഹ്രി പദ്ധതിയില്‍ നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയും വിലയും സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ്, കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല വൈദ്യുതി ഉറപ്പാക്കാമായിരുന്ന അവസരം കേരളം നഷ്ടപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

പത്തു വര്‍ഷത്തെ ഇടതു ഭരണത്തില്‍ ജല വൈദ്യുത പദ്ധതികളിലൂടെ വെറും 150. 63 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കേരളത്തിന് അധികമായി ഉത്പാദിപ്പിക്കാനായത്.

ഇടുക്കിയിലെ തൊട്ടിയാര്‍ (40 മെഗാവാട്ട്), പള്ളിവാസല്‍ വിപുലീകരണ പദ്ധതി, കരിയംപ്ലാവ്, ചാത്തന്‍കോട്ടുനട തുടങ്ങിയ വിവിധ ചെറുകിട-വന്‍കിട ജലവൈദ്യുത പദ്ധതികളിലൂടെയാണിത്.

സംസ്ഥാന സര്‍ക്കാര്‍ 2015-ല്‍ 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 4.26 രൂപയ്‌ക്ക് വാങ്ങാന്‍ സ്വകാര്യ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടതുകൊണ്ടു മാത്രമാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ ഒഴിവായത്. എന്നാല്‍ ഈ കരാറിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ 2023ല്‍ അന്തിമ അനുമതി നിഷേധിച്ചതിന് പിന്നില്‍ ഇടത് രാഷ്‌ട്രീയ ലക്ഷ്യമാണെന്ന വിമര്‍ശനം ശക്തമാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ കമ്മിഷന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ, ലേല വ്യവസ്ഥകള്‍ ലംഘിച്ചാണ് വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത് എന്നാണ് റെഗുലേറ്ററി കമ്മിഷന്റെ ആരോപണം. എന്നാല്‍ ദീര്‍ഘകാല കരാര്‍ ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അവര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെയും വീഴ്ചയും അഴിമതിയും കാരണമാണെന്ന് ബിജെപി തെളിവു സഹിതം വ്യക്തമാക്കുന്നു.
കരാറുകള്‍ നഷ്ടപ്പെടുത്തിയതിലൂടെ കേരളത്തിന് കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്. പ്രതിസന്ധി പരിഹരിക്കാന്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും പുറത്തുനിന്നും യൂണിറ്റിന് 7 മുതല്‍ 14 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങേണ്ടി വന്നു. ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും ബിജെപി ചൂണ്ടിക്കാട്ടുന്നു.

Recent Posts