
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോണ്‍ഗ്രസിലെ പദവികളില്‍ നിന്ന് രാജിവെച്ചു. റാത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദന്‍സിങ് ജീനയുടെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെയാണ് രാജി. ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ (എഐസിസി) സ്ഥിരം ക്ഷണിതാവ് എന്നീ പദവികളില്‍ നിന്നാണ് രാജിവെച്ചത്. 2014 മുതല്‍ 2017 വരെ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജീന അദ്ദേഹത്തിന്റെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.
2016ലെ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചന്ദന്‍സിങ് ജീനയുടെ വീട്ടിലടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ചന്ദന്‍സിങ് ജീനയുടെ വീട്ടില്‍ നിന്ന് 32 ലക്ഷം രൂപയും 200.5 ഗ്രാം സ്വര്‍ണവും 13 സ്വര്‍ണ നാണയങ്ങളും 12 ആഡംബര വാച്ചുകളും ഇ ഡി പിടിച്ചെടുത്തിരുന്നു. ജീനയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലെ 52.16 ലക്ഷം രൂപ മരവിപ്പിക്കുകയും ഫോറന്‍സിക് പരിശോധനയ്‌ക്കായി മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.