
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണയ്‌ക്കു ഹാജരാകാത്തതിനെത്തുടര്‍ന്ന് നിലപാടു കടുപ്പിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. പ്രതികള്‍ 11നു ഹാജരാകണമെന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് അന്ത്യശാസനം നല്‍കി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നാം പ്രതി റോജി അഗസ്റ്റിന്‍, മറ്റു പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരും ഹാജരായില്ല.
ഒന്നാം പ്രതിയോടു നേരിട്ടും മറ്റു പ്രതികളോടു വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ഹാജരാകാനാണ് നിര്‍ദേശിച്ചിരുന്നത്. വിചാരണ നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
മുമ്പു മൂന്നു തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ബത്തേരി കോടതിയില്‍ ശനിയാഴ്ച ഹാജരായിരുന്നു.
റോജി അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച 42 കേസുകളില്‍ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായാണ് നടപടി. 2020-21ലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇനി വൈകാതെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കും.