
നമ്മുടെ ഭക്ഷണത്തിലെ ഒട്ടുമിക്ക വസ്തുക്കളും അവയുടെ സ്വാഭാവിക അവസ്ഥയില്‍ തന്നെ കഴിക്കാന്‍ കഴിയുന്നവയല്ല. ഉദാഹരണത്തിന് മത്സ്യവും മാംസവും ഒക്കെ വേണ്ടവിധം പാചകം ചെയ്യാതെ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയും അണുബാധകളും ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കാര്യത്തിലും പാചകം വെറുമൊരു രുചിക്കുള്ള വിദ്യയല്ല. ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഘടന മാറുകയും പല പോഷകങ്ങളും ശരീരത്തിന് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാവുകയും ചില ദഹനപ്രശ്‌നങ്ങളും വിഷാംശങ്ങളും കുറയുകയും ചെയ്യുന്നു. ഇത് ആധുനിക കണ്ടുപിടുത്തമൊന്നുമല്ല.
നാം കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തിനുള്ളില്‍ എന്താണ് സംഭവിക്കുന്നത് ദഹനപ്രക്രിയയുടെ ആദ്യഘട്ടം തുടങ്ങുന്നത് വായില്‍ നിന്നുതന്നെയാണ്. പല്ലുകള്‍ ഭക്ഷണത്തെ ചവച്ചരക്കുമ്പോള്‍ ഉമിനീരുകൂടി ചേര്‍ന്ന് ദഹനത്തിനു തുടക്കം കുറിക്കുന്നു. അവിടെനിന്ന് ഭക്ഷണം ആമാശയത്തിലെത്തുന്നു. ആമാശയത്തില്‍ ഭക്ഷണം ശക്തമായ ഹൈഡ്രോക്ലോറിക് ആസിഡും ദഹന എന്‍സൈമുകളുമായി കലരുന്നു. ആമാശയത്തിലെ പേശികളുടെ ചലനവും ഈ ദഹനരസങ്ങളും ചേര്‍ന്ന് ഭക്ഷണത്തെ കൂടുതല്‍ ചെറിയ ഘടകങ്ങളാക്കി മാറ്റുന്നു. പ്രത്യേകിച്ച് പ്രോട്ടീനുകളുടെ ദഹനം ഇവിടെ പ്രധാനമായും നടക്കുന്നു.
പക്ഷേ ദഹനം ഇവിടെ അവസാനിക്കുന്നില്ല. ഈ പകുതി ദഹിച്ച ഭക്ഷണം ചെറുകുടലില്‍ എത്തുമ്പോള്‍ പാന്‍ക്രിയാസില്‍ നിന്നുള്ള എന്‍സൈമുകളും കരളില്‍ നിര്‍മ്മിക്കുന്ന പിത്തരസവും ഉള്‍പ്പെടെയുള്ള ദഹനരസങ്ങള്‍ അതിലേക്ക് ചേരുന്നു. അവിടെ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൊഴുപ്പുകളും ഇനിയും വീണ്ടും ചെറിയ തന്മാത്രകളായി വിഘടിക്കപ്പെടുന്നു.
അതിനുശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ചെറുകുടലിന്റെ ഉള്ളിലൂടെ കടക്കുന്ന ദഹിച്ച ഭക്ഷണം പ്രത്യേക പോഷകങ്ങളെ ആഗിരണം ചെയ്യുന്നു. ചില പോഷകങ്ങള്‍ നേരിട്ട് രക്തത്തിലേക്കും കൊഴുപ്പിന്റെ ദഹന ഉല്‍പ്പന്നങ്ങളില്‍ ചിലത് ആദ്യം ലിംഫാറ്റിക് സംവിധാനത്തിലേക്കുമാണ് എത്തുന്നത്. രക്തത്തിലേക്ക് എത്തിയ പല പോഷകങ്ങളും ആദ്യം കരളില്‍ എത്തുകയും അവിടെ സംസ്‌കരിക്കപ്പെടുകയും ചെയ്യുന്നു.
അതായത്, നാം വായിലൂടെ കഴിക്കുന്ന ഒരു വസ്തു ശരീരം അതിനെ പല ഘട്ടങ്ങളിലൂടെ കടത്തിവിട്ട് രാസപരമായി, കെമിക്കലായി മാറ്റുകയും ചെറിയ ഘടകങ്ങളാക്കി വിഭജിക്കുകയും അതില്‍ നിന്ന് ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയുന്നവ മാത്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഈ വിഘടനപ്രക്രിയയ്‌ക്ക് വിധേയമാക്കാന്‍ കഴിയാത്ത വസ്തുവാണെങ്കില്‍ അത് കുടലിലൂടെ സഞ്ചരിച്ച് മലത്തിലൂടെ പുറന്തള്ളപ്പെടും.
നാം എന്ത് കഴിച്ചാലും ദഹനവ്യവസ്ഥ അതിനെ ഒരേ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. കഴിക്കുന്ന വസ്തു നമുക്ക് ഗുണകരമാണോ ദോഷകരമാണോ എന്ന് ഒരു വിധി പറയുകയല്ല ദഹനവ്യവസ്ഥയുടെ ജോലി. അതിന്റെ പ്രധാന ധര്‍മ്മം ഭക്ഷണത്തിലെ വിവിധ ഘടകങ്ങളെ വിഘടിപ്പിക്കുക, ശരീരത്തിന് ഉപയോഗിക്കാന്‍ ആകുന്ന ചെറിയ തന്മാത്രകളാക്കി മാറ്റുക, അവയില്‍ സ്വീകരിക്കാന്‍ പറ്റുന്നവയെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുക എന്നതാണ്. അതുകൊണ്ടുതന്നെ പ്രകൃതിദത്തമാണോ കൃത്രിമമാണോ മരുന്നാണോ ഭക്ഷണമാണോ എന്നത് മാത്രം നോക്കി കുടല്‍ തീരുമാനമെടുക്കുന്നില്ല.ഒരു വസ്തു ദഹനവ്യവസ്ഥയിലൂടെ കടന്നെത്തുമ്പോള്‍ അവയില്‍ പലതും രക്തത്തിലൂടെ ആദ്യം എത്തുന്നത് കരളിലേക്കാണ്. അവിടെ അവ സംസ്‌കരിക്കപ്പെടുകയും സംഭരിക്കപ്പെടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യപ്പെട്ട പല വസ്തുക്കളും, പ്രത്യേകിച്ച് ചെറുകുടലില്‍ നിന്ന് രക്തത്തിലേക്ക് എത്തിയവ, ആദ്യം കരളില്‍ എത്തുന്നു. ഇവിടെ കരള്‍ അവയെ വെറുതെ കടത്തിവിടുകയല്ല ചെയ്യുന്നത്. അവയില്‍ പലതിനെയും രാസപരമായി മാറ്റുകയും ശരീരത്തിന് ഉപയോഗിക്കാവുന്ന രീതിയില്‍ സംസ്‌കരിക്കുകയും സംഭരിക്കുകയും ആവശ്യമില്ലാത്തതോ വിഷാംശമുള്ളതോ ആയ ചില വസ്തുക്കളെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. കരളിന്റെ ഈ മെറ്റബോളിക് സിസ്റ്റം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ഒരു വസ്തുവിന്റെ അളവോ വിഷാംശമോ ശരീരത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പരിധി കടന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചില രാസവസ്തുക്കള്‍ നേരിട്ട് കരളിന്റെ കോശങ്ങളെ നശിപ്പിച്ചേക്കാം. ചിലത് ദീര്‍ഘകാലമായി കരളില്‍ മുറിവുവരുത്തുകയും അതുവഴി സ്‌കാര്‍ ടിഷ്യൂ രൂപപ്പെടുകയും ഒടുവില്‍ സിറോസിസിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്ന അമോണിയ പോലുള്ള വിഷാംശങ്ങളെ കരളില്‍ സാധാരണ രീതിയില്‍ ഡീറ്റോക്‌സിഫൈ ചെയ്യാന്‍ കഴിയാതെ വരും. അമോണിയയുടെ അളവ് രക്തത്തില്‍ ഉയര്‍ന്നാല്‍ അത് തലച്ചോറിനെ ബാധിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
ഒരു മരുന്ന് കഴിക്കുമ്പോഴും അടിസ്ഥാനപരമായി ഇതേ പ്രക്രിയകളിലൂടെയാണ് അത് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. മരുന്ന് ആമാശയത്തിലേക്കും ചെറുകുടലിലേക്കും എത്തുന്നു. അവിടെനിന്ന് മരുന്നിലെ സജീവ ഘടകങ്ങള്‍ (Active Ingredients) ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തില്‍ പ്രവേശിച്ചശേഷം അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു.
ഇവിടെ കരളിനും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. പല മരുന്നുകളും കരളില്‍ എത്തുമ്പോള്‍ അവിടെ എന്‍സൈമുകള്‍ അവയുടെ രാസഘടനയില്‍ മാറ്റം വരു
ത്തുന്നു.
ഇനി നമുക്ക് യഥാര്‍ത്ഥ കാര്യത്തിലേക്ക് വരാം. നമ്മുടെ കരളില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതും ഒരിക്കല്‍ ഉള്ളില്‍ കടന്നാല്‍ പുറന്തള്ളപ്പെടാത്തതുമായ കാര്യങ്ങളാണ് ഭാരമേറിയ മെര്‍ക്കുറി, ആര്‍സെനിക്, ലെഡ്, സ്വര്‍ണ്ണം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങള്‍. ഇവ കരളില്‍ കേടുവരുത്തും എന്നതും ശരിയാണ്. ആയുര്‍വേദത്തില്‍ ഇവ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഉണ്ട്. ഉപയോഗിക്കുന്നുണ്ട്.
അപ്പോ കേള്‍ക്കുന്നതൊക്കെ സത്യമാണല്ലോ എന്ന് തോന്നുന്നു. നോക്കൂ നമ്മള്‍ ആഹാരത്തിന്റെ കാര്യം പറഞ്ഞതുപോ
ലെ നേരിട്ട് ഉപയോഗിച്ചാല്‍ പ്രശ്‌നമാകുന്ന ഒരുപാട് കെമിക്കലുകള്‍, ലോഹങ്ങള്‍ എല്ലാം ചികിത്സയുടെ ഭാഗമായി പ്രോസസ്സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്! ലോഹങ്ങളെ ഉയര്‍ന്ന താപനിലയില്‍ ആവര്‍ത്തിച്ച് ചൂടാക്കുകയും എണ്ണ, മോര്, കാടിവെള്ളം, ഔഷധക്കൂട്ടുകള്‍ എന്നിവയില്‍ മുക്കി പെട്ടെന്ന് തണുപ്പിക്കുകയും ചെയ്യുന്നു. ഇത് ലോഹത്തിന്റെ കാഠിന്യം കുറയ്‌ക്കുകയും അതിലെ അഴുക്കുകളെ മാറ്റുകയും ചെയ്യുന്നു. ഇതാണ് ശോധനം. ഇതിനാണ് ആയുര്‍വേദത്തില്‍ ശോധനം എന്ന് പറയുന്നത്.
അതിനുശേഷം ശുദ്ധി ചെയ്ത ലോഹങ്ങളെ പ്രത്യേക ഔഷധച്ചാറുകള്‍ ചേര്‍ത്ത് അരച്ച് ചെറിയ രൂപത്തിലാക്കി മണ്‍ചട്ടികളില്‍ അടച്ച് സീല്‍ ചെയ്ത് പുടം അതായത് പ്രത്യേക താപനിലയിലുള്ള ചൂട് നല്‍കി ഭസ്മമാക്കുന്നു. ഈ പ്രക്രിയ പലവട്ടം ആവര്‍ത്തിക്കുന്നു.
ആധുനിക ശാസ്ത്രീയ പഠനങ്ങളായ എക്‌സ്-റേ ഡിഫ്രാക്ഷന്‍, സ്‌കാനിംഗ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി, ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി എന്നിവയിലൂടെ ആയുര്‍വേദ ഭസ്മങ്ങള്‍ പരിശോധിച്ചപ്പോള്‍ അവയിലെ കണികകള്‍ നാനോമീറ്റര്‍ അളവിലുള്ളതാണെന്നും ആധുനിക പഠനങ്ങള്‍ വഴി ആയുര്‍വേദ ഭസ്മങ്ങളിലെ കണികകള്‍ 50 മുതല്‍ 100 നാനോമീറ്റര്‍ വരെയുള്ള അളവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു ടോപ്പ്-ഡൗണ്‍ നാനോടെക്‌നോളജിയാണ് ഭസ്മനിര്‍മ്മാണം. ഇതിലൂടെ ലോഹങ്ങള്‍ ഫ്രീ മെറ്റല്‍ രൂപത്തില്‍ നിന്ന് മെറ്റാലിക് ഓക്‌സൈഡുകളായോ സള്‍ഫൈഡുകളായോ മാറി, ശരീരത്തിലെ കോശങ്ങള്‍ക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകുന്നു. ഭസ്മങ്ങള്‍ ‘യോഗവാഹി’ ആയി പ്രവര്‍ത്തിക്കുകയും മറ്റ് ഔഷധങ്ങളുടെ ഗുണങ്ങളെ വേഗത്തില്‍ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും തെറ്റായ താപനിലയിലും നിര്‍മ്മിക്കുന്ന ഭസ്മങ്ങളില്‍ ഫ്രീ മെറ്റല്‍ അവശേഷിച്ചാല്‍ അത് കരളിനും വൃക്കകള്‍ക്കും കേടുവരുത്തുകയും ഹെവി മെറ്റല്‍ ടോക്‌സിസിറ്റിക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഏങജ അംഗീകാരമുള്ള കമ്പനികളുടെ ലാബ് ടെസ്റ്റ് ചെയ്ത ഭസ്മങ്ങള്‍, ക്വാളിഫൈഡ് ആയ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ അളവില്‍ മാത്രമേ കഴിക്കാവൂ.
സ്വയംപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാനും (സ്വര്‍ണ്ണപ്രാശനം), റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, അങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളിലെ വീക്കം കുറയ്‌ക്കാനും, ഹൃദ്രോഗങ്ങള്‍ക്കും, ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും ഇത്തരം ലോഹഭസ്മങ്ങള്‍ ഉപയോഗിക്കുന്നു.
ഹെവി മെറ്റലുകള്‍ ഔഷധങ്ങളാക്കുന്നത് ആയുര്‍വേദത്തില്‍ മാത്രമല്ല, മോഡേണ്‍ മെഡിസിനിലും വ്യാപകമാണ്:
പ്ലാറ്റിനം: കീമോതെറാപ്പി മരുന്നുകളായ സിസ്പ്ലാറ്റിന്‍, കാര്‍ബോപ്ലാറ്റിന്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.
സ്വര്‍ണ്ണം: റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള ഔറനോഫിന്‍ എന്ന മരുന്നില്‍ ഉപയോഗിക്കുന്നു.ബിസ്മത്ത്: വയറിലെ അള്‍സറിനും ദഹനക്കേടിനും നല്‍കുന്ന മരുന്നുകളില്‍ ഉപയോഗിക്കുന്നു.
ആര്‍സെനിക് ട്രയോക്‌സൈഡ്: ബ്ലഡ് ക്യാന്‍സര്‍ ചികിത്സിക്കാന്‍ എഉഅ അംഗീകരിച്ച മരുന്നാണ്.
മെര്‍ക്കുറി: വാക്‌സിനുകളിലെ പ്രിസര്‍വേറ്റീവായ തൈമറോസല്‍, ഡെന്റല്‍ അമാല്‍ഗം എന്നിവയില്‍ ഉപയോഗിക്കുന്നു.
ശാസ്ത്രീയമായി പ്രോസസ്സ് ചെയ്ത് ഉപയോഗിച്ചാല്‍ ലോഹങ്ങള്‍ ഔഷധമാകും; അല്ലാത്തപക്ഷം അവ ദോഷം ചെയ്യും. ഇത് ആയുര്‍വേദത്തിന്റെ മാത്രം പ്രശ്‌നമല്ല ശാസ്ത്രീയമായ രീതിയില്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ്. ആയുര്‍വേദം ഇന്നോഇന്നലെയൊ തുടങ്ങിയതല്ല എന്നോര്‍ക്കണം.