ദുബായ്: വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയെ പ്രകോപിപ്പിച്ചതിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ശിക്ഷാനടപടി. ഐസിസിയുടെ പെരുമാറ്റച്ചട്ടം (ലെവൽ 1) ലംഘിച്ചതിന് ഫാത്തിമയ്‌ക്ക് മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ഷഫാലി വർമയെ പുറത്താക്കിയതിനു പിന്നാലെ, ഫാത്തിമ സന പ്രകോപനപരമായി താരത്തിനു പുറത്തേക്കുള്ള വഴി കാണിക്കുകയായിരുന്നു. ഇത് ഒരു ബാറ്റർ പുറത്താകുമ്പോൾ അവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങളെ വിലക്കുന്ന ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ആർട്ടിക്കിൾ 2.5 ന്റെ ലംഘനമാണെന്ന് ഐസിസി വ്യക്തമാക്കി.
കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സന നടത്തുന്ന രണ്ടാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. ഇതോടെ താരത്തിന്റെ ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം രണ്ടായി ഉയർന്നു. എമിറേറ്റ്സ് ഐസിസി ഇന്റർനാഷണൽ പാനൽ മാച്ച് റഫറി സുപ്രിയ ദാസ് നിർദേശിച്ച ശിക്ഷാ നടപടികൾ ഫാത്തിമ സന അംഗീകരിച്ചതിനാൽ ഔദ്യോഗികമായി വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. ലെവൽ 1 ലംഘനങ്ങൾക്ക് പരമാവധി 50 ശതമാനം മാച്ച് ഫീ പിഴയും ഔദ്യോഗിക താക്കീതും ഒന്ന് മുതൽ രണ്ട് വരെ ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കാറുള്ളത്.
അതേസമയം, മത്സരത്തിൽ മൂന്നോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി മികച്ച പ്രകടനം ഫാത്തിമ പുറത്തെടുത്തിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഉയർത്തിയ 56 റൺസെന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 9-ാം ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
















