കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ച് യാത്രികയായ അരുണിമ. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും കടുത്ത നിയന്ത്രണമുള്ള അഫ്ഗാന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് അരുണിമയുടെ വീഡിയോയിലൂടെ പുറത്തുവരുന്നത്. ‘സ്ത്രീക്ക് പുല്ലുവില’ എന്ന തോന്നലുണ്ടായെന്നും ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി’യെന്നും അവര്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ യാത്രക്കിടെ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് അരുണിമ വീഡിയോയില്‍ വിശദീകരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം, സഞ്ചാരസ്വാതന്ത്ര്യം, പൊതുജീവിതത്തിലെ ഇടപെടല്‍ തുടങ്ങി നിരവധി മേഖലകളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും പരിമിതപ്പെടുന്ന സാഹചര്യം നേരില്‍ക്കണ്ടതിന്റെ ഞെട്ടലാണ് അരുണിമ പങ്കുവച്ചത്. പുരുഷാധിപത്യ സാമൂഹിക നിയന്ത്രണങ്ങള്‍ക്കിടയില്‍ അഫ്ഗാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിതാവസ്ഥയും വീഡിയോയില്‍ വിവരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് അരുണിമയുടെ അനുഭവവിവരണം ശ്രദ്ധ നേടുന്നത്. സ്വാതന്ത്ര്യവും തുല്യാവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് അഫ്ഗാനിലെ സ്ത്രീജീവിതം നീങ്ങുന്നതെന്ന വിമര്‍ശനങ്ങള്‍ക്കും വീഡിയോ വഴിവച്ചിട്ടുണ്ട്.
അരുണിമയുടെ കുറിപ്പ്
ഒറ്റയ്‌ക്ക് അഫ്ഗാനിസ്ഥാനില്‍ യാത്ര ചെയ്യണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ ഇപ്പോള്‍ ഞാന്‍ അതോര്‍ത്ത് ഖേദിക്കുന്നു. സ്വാതന്ത്ര്യം എന്താണെന്നും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്താണെന്നും ഒരു സ്ത്രീക്കുള്ള സ്വാതന്ത്ര്യം എന്താണെന്നും ഇന്ന് ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കി. സത്യം പറഞ്ഞാല്‍ ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമാണോയെന്ന് എനിക്കറിയില്ല… എന്തായാലും ഞാന്‍ ഇവിടെ ഉള്ള ആളുകളെ കാണുന്നത് മനുഷ്യനെന്നുള്ളതിനേക്കാള്‍ മതം തലയ്‌ക്കുപിടിച്ച കുറെ ഭ്രാന്തന്മാരായിട്ടാണ്… ഇത് വായിക്കുമ്പോള്‍ കേരളത്തിലെ ഒരുപാട് ആളുകള്‍ക്ക് ബുദ്ധിമുട്ട് തോന്നാം, പക്ഷേ എന്റെ ഉള്ളിലുള്ളത് എനിക്ക് പറയണം, പറയാതിരിക്കാന്‍ എനിക്ക് സാധിക്കില്ല, അത്രമേല്‍ ശ്വാസംമുട്ടുന്നു എനിക്ക്, അരുണിമ കുറിച്ചു.











