അസാന്‍: ഭാരതത്തിന്റെ അഷ്മിത ചാലിഹ കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300 വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ചൈനയുടെ ഹാന്‍ ചിയാന്‍ ഷിയെ തോല്‍പ്പിച്ചാണ് അഷ്മിതയുടെ നേട്ടം.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷും തുടരെ രണ്ട് ഗെയിമുകള്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു വിജയം. സ്‌കോര്‍ 14-21, 21-14, 21-14
കിരീടം നിര്‍ണയിക്കപ്പെട്ട മൂന്നാം ഗെയിമിന്റെ ഒരവസരത്തില്‍ അഷ്മിത 9-11ന് പിറകിലായതാണ്. പിന്നീട് കളം കയ്യടക്കി ഭാരത വനിത കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു.
ഇതോടെ ബിഡബ്ല്യുഎഫ് ടൈറ്റില്‍ സ്വന്തമാക്കുന്ന ഭാരത വനിതാ താരങ്ങളുടെ ആകെ എണ്ണം അഞ്ചായി. സൈന നെവാള്‍, പി.വി. സിന്ധു, ദേവിക സിഹാഗ്, ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്‌ച്ച തന്‍വി ശര്‍മ എന്നിവര്‍ക്ക് ശേഷമാണ് അഷ്മിതയും ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.











