ഒറിഗോണ്‍: അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2026ല്‍ ഭാരതത്തിനായി ആദ്യ മെഡല്‍ സമ്മാനിച്ച് ജാവലിന്‍ ത്രോ താരം ആശിഷ് യാദവ്. 74.09 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞെത്തിച്ചാണ് മെഡല്‍ നേട്ടം. 2016ല്‍ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടത്തിന് ശേഷം ആദ്യമായാണ് ഒരു ഭാരത താരം അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ ജാവലിന്‍ത്രോയിലൂടെ മെഡല്‍ നേടുന്നത്.
80.50 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എത്തിച്ച് ദക്ഷിണാഫ്രിക്കയുടെ യാന്‍-ഹെന്‍ഡ്രിക് ഹെയ്‌മന്‍സ് ആണ് ഭാരത താരത്തെ മറികടന്ന് ഇന്നലെ സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ തന്നെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ ഹെയ്ന്‍സ് കരിയറില്‍ ആദ്യമായാണ് 80 മീറ്ററിന് മുകളില്‍ എറിയുന്നത്.
ആശിഷ് പതുക്കെ താളം കണ്ടെത്തിയാണ് മെഡല്‍ എറിഞ്ഞെടുത്തത്. ആദ്യ രണ്ട് വസരങ്ങളില്‍ 70ല്‍ താഴെയായിരുന്നു പ്രകടനം. മൂന്നാം ഊഴത്തില്‍ 70ന് മേലെ ജാവലിന്‍ എത്തിച്ച് താളത്തിലായി. പിന്നെ മെഡല്‍ ഉറപ്പിക്കാന്‍ അധികം പ്രയാസമുണ്ടായിരുന്നില്ല. കോമണ്‍വെല്‍ത്ത് ഓഫ് ഡോമിനിക്കയെ പ്രതിനിധീകരിച്ചെത്തിയ അഡ്ഡിസന്‍ ജെയിംസ് ആണ് ആശിഷിന് പിന്നില്‍ 73.89 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയത്. മറ്റൊരു ഭാരത താരം കൂടി മത്സരത്തിനുണ്ടായിരുന്നു. 72.35 മീറ്റര്‍ പ്രകടനം കാഴ്‌ച്ചവച്ച ടി ധരണീധരന്‍. മത്സരത്തില്‍ ആറാം സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്.











