Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

emerges as.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തായ്‌പേയി: ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ. തായ്‌പേയി ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ വിയെറ്റ്‌നാമില്‍ നിന്നുള്ള എന്‍ഗൂയെന്‍ തൂയ് ലിന്‍ഹിനെ നേരിട്ടുള്ള ഗെയിമിന് തകര്‍ത്താണ് കിരീട നേട്ടം. സ്‌കോര്‍ 21-16, 21-16. 17കാരിയായ തന്‍വി കരിയറില്‍ സ്വന്തമാക്കുന്ന ആദ്യ ബിഡബ്ല്യുഎഫ് ടൈറ്റില്‍ ആണിത്.

18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തായ്‌പേയി ഓപ്പണില്‍ ഭാരത വനിത ടൈറ്റില്‍ നേടുന്നത്. ഇതിന് മുമ്പ് 2008ല്‍ സൈന നെവാള്‍ ആണ് കിരീടം നേടിയത്. തായ്‌പേയി ഓപ്പണിന്റെ ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂറഞ്ഞ താരമായും തന്‍വി മാറി. ഇന്നലെ കിരീടനേട്ടത്തിലെത്തുമ്പോള്‍ തന്‍വി ശര്‍മയ്‌ക്ക് പ്രായം 17 വര്‍ഷവും 222 ദിവസവും പിന്നിട്ടിരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിഹാസ തരാം തായി സു യിങ്ങിനെയാണ് ഇക്കാര്യത്തില്‍ ഭാരത താരം മറികടന്നത്.
ഫൈനലില്‍ അത്യുഗ്രന്‍ പ്രകടനമികവോടെയാണ് തന്‍വി കിരീടം സ്വന്തമാക്കിയത്. വെറും 36 മിനിറ്റില്‍ മത്സരം അവസാനിപ്പിച്ചു. ആദ്യ ഗെയിമില്‍ തന്‍വിയുടെ സമ്പൂര്‍ണ ആധികാരികതയാണ് കണ്ടത്. രണ്ടാം ഗെയിം ഒരു നിശ്ചിത സമയം കഴിയും വരെ തന്‍വിയുടെ ചില പോരായ്‌മകള്‍ മത്സരത്തെ വല്ലാത്ത ഏറ്റക്കുറച്ചിലിലാക്കി. പിന്നീട് പൊരുതി മത്സരത്തില്‍ മുന്നേറ്റമുണ്ടാക്കി.

കഴിഞ്ഞ വര്‍ഷം തന്‍വി ഇതേ ടൂര്‍ണമെന്റില്‍ ഫൈനലിസ്റ്റ് ആയിരുന്നു. കൂടാതെ ഒഡീഷ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 100, ഗുവാഹട്ടി മാസ്റ്റേഴ്‌സ് സൂപ്പര്‍ 100 എന്നിവയിലും ഫൈനലിലെത്തിയിരുന്നു.