Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌ഗോ: ഭാരദ്വേഹന വേദിയില്‍ ഭാരതത്തിന്റെ ഹര്‍ജിന്ദര്‍ കൗര്‍ വെള്ളി മെഡല്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍, അത് ഒരു കായിക നേട്ടം മാത്രമായിരുന്നില്ല, വിയര്‍പ്പും പട്ടിണിയും കണ്ണീരും നിറഞ്ഞ ഒരു കുടുംബത്തിന്റെ നിശബ്ദ ത്യാഗങ്ങള്‍ക്കുള്ള മറുപടിയായിരുന്നു.

മെഡല്‍ നേട്ടത്തിന് ശേഷം തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ സംസാരിച്ച ഹര്‍ജിന്ദറിന്റെ വാക്കുകള്‍ ഏതൊരു കായികപ്രേമിയുടെയും ഉള്ളുലയ്‌ക്കുന്നതായിരുന്നു. ‘ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരൊറ്റ കാരണമേയുള്ളൂ, എന്റെ കുടുംബം. അവര്‍ എനിക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ ഈ മെഡല്‍ ഞാനൊരു സമര്‍പ്പണമായി സമര്‍പ്പിക്കുന്നു.’അവര്‍ പറഞ്ഞു.

ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതിയാണ് പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഹര്‍ജിന്ദര്‍ കായികലോകത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ന്നുവന്നത്. പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളോ നല്ല ഭക്ഷണത്തോ ലഭിക്കാതിരുന്ന കാലത്തും മകളുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ സര്‍വ്വസ്വവും നല്‍കി പിന്തുണച്ചു.

വേദിയില്‍ മെഡല്‍ കഴുത്തില്‍ അണിഞ്ഞ നിമിഷം, താന്‍ കടന്നുവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണ് ഓര്‍മ്മ വന്നതെന്ന് താരം പറഞ്ഞു. തനിക്ക് വേണ്ടി സ്വന്തം സന്തോഷങ്ങള്‍ മാറ്റിവെച്ച മാതാപിതാക്കളുടെ മുഖം മാത്രമായിരുന്നു ആ നിമിഷം മനസ്സില്‍. തന്റെ രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക വാനോളമുയര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് അതീതമായ അഭിമാനമാണ് തോന്നിയതെന്ന് ഹര്‍ജിന്ദര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികളില്‍ തളരാതെ തന്നില്‍ വിശ്വസിച്ചവര്‍ക്കുള്ള സമ്മാനമാണ് ഈ വെള്ളി മെഡല്‍. നിശ്ചയദാര്‍ഢ്യവും കുടുംബത്തിന്റെ പ്രാര്‍ത്ഥനയുമുണ്ടെങ്കില്‍ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭാരതത്തിന്റെ വീരപുത്രി.

Recent Posts