പാലക്കാട്: മുന്നറിയിപ്പില്ലാത്ത പവർകട്ടില്‍ ഓക്സിജൻ കോണ്‍സണ്‍ട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന കിടപ്പുരോഗി ശ്വാസം കിട്ടാതെ മരിച്ചു. പാലക്കാട് കല്ലേക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ മരിച്ചത്. വീട്ടില്‍ ഓക്സിജൻ സപ്പോർട്ടിലായിരുന്ന കൃഷ്ണന്, വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ നല്‍കാനാകാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു.
വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്ന് മരണപ്പെട്ട കൃഷ്ണന്റെ മരുമകള്‍ ആരോപിച്ചു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രോഗിയുടെ നില വഷളാവുകയും, ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിന് മുമ്പ് തന്നെ അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് വ്യക്തമാക്കി. സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും പരാതിയുമാണ് ഉയരുന്നത്.
















