India

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വഖ്ഫ് ബോര്‍ഡിന് പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍. വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും സംസ്ഥാന വഖഫ് ബോർഡും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് വഖഫ് ബോര്‍ഡ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളാ ഹൈക്കോടതിയുടെ വിധി ഉടൻ സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ പഴയ പടി തന്നെ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാണ് ആവശ്യം. ബോര്‍ഡിന്റെ മേല്‍നോട്ട ചുമതല നല്‍കിയ നടപടി റദ്ദാക്കണമെന്നും ആവശ്യമുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വസ്തുതകള്‍ പരിഗണിക്കാതെയാണെന്നും വഖഫ് ബോര്‍ഡിന്റെ സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഇതര മതസ്ഥരെ ഉള്‍പ്പെടുത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.

സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജി പരിഗണിച്ചാണ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും ചിലവുകൽ നടത്തരുതെന്നുമായിരുന്നു കോടതി വിധി. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിൻ്റ് സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരിക്കും താൽക്കാലിക കമ്മറ്റിയുടെ പ്രവർത്തനം എന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

ഇതോടെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് വഖഫ് ബോർഡിനെയും ഉമർ ഫൈസിയെയും പ്രതിനിധീകരിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 2025-ലെ നിയമ ഭേദഗതി പ്രകാരം മുസ്ലിം അല്ലാത്ത രണ്ട് പേരെങ്കിലും വഖഫ് ബോർഡിൽ ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. ഇത് ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം അല്ലാത്ത രണ്ട് പേരുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയൻ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത് എന്ന് ഹർജിയിൽ വ്യക്തമാക്കിയ ഷോൺ ജോർജ് ഈ ഒഴിവ് നികത്താൻ കോടതി ഉത്തരവിടണന്നും ആവശ്യപ്പെട്ടിരുന്നു.

 

Recent Posts