
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയിലും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താത്കാലിക നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം സാംസ്‌കാരിക വകുപ്പിനോട് ആവശ്യപ്പെട്ടു. ധനകാര്യ വിഭാഗം നല്‍കിയ നിര്‍ദേശം നടപ്പിലാക്കാന്‍ സാഹിത്യ അക്കാദമിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയാക്കാന്‍ നടപടി വേണമെന്നും ശിപാര്‍ശ ചെയ്തു. പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും ഡ്രൈവര്‍മാരെ മുതല്‍ പ്രോജക്ടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും താത്കാലിക ജീവനക്കാരെവരെ നിയമിച്ച് അഴിമതി നടത്തിയിട്ടുണ്ട്. ഇല്ലാത്ത തസ്തികയില്‍ 15 കരാര്‍ നിയമനങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയായിരിക്കണമെന്നാണ് അക്കാദമി ചട്ടം. എന്നാല്‍ 2014 മുതല്‍ 2024 വരെ നടത്തിയ കരാര്‍ നിയമനങ്ങളില്‍ ഇത് പാലിച്ചില്ല. കേരള സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരും കൂട്ടത്തിലുണ്ട്.
പാര്‍ട്ടിയില്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ യോഗ്യത ഉള്ള താത്കാലിക ജീവനക്കാരെ നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.