
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. കേസിൽ ഇനിയൊരു ഉത്തരവുണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവയ്‌ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക് താൽക്കാലിക ചുമതലയും കോടതി നൽകി. നിലവിലെ വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2025ലെ വഖഫ് നിയമഭേദഗതിപ്രകാരം രണ്ട് അമുസ്ളീം വിഭാഗത്തിൽപെട്ട അംഗങ്ങൾ ബോർഡിൽ ഉണ്ടാകണം. ഈ നിബന്ധന പാലിക്കാതെ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച നിലവിലെ ബോർഡ് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഈ വർഷം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് പേരെയാണ് അംഗങ്ങളായി സർക്കാർ നിശ്ചയിച്ചിരുന്നത്. ഇവരെല്ലാം മുസ്‌ളീം സമുദായാംഗങ്ങളായിരുന്നുവെന്നാണ് ഷോൺ വാദിച്ചത്. കേസ് ഇനി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
മുൻ സർക്കാർ ചട്ടവിരുദ്ധമായാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്‌മയായ ആക്‌ട്സ് (ACTS) സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നേരത്തേ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.