
വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
കാലം 1963. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെളുത്തമണല്‍ എല്‍വിഎല്‍പിഎസിലെ (ഇപ്പോള്‍ യുപിഎസ്) നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു കൊച്ചു പെണ്‍കുട്ടി. വസന്തകുമാരി. ജെ. ആ സ്‌കൂളിലെ മലയാളം അധ്യാപകനായ ‘ശാന്തിസാര്‍’ എന്നു വിളിക്കുന്ന ദാമോദരന്‍ സാര്‍ ഈ കുട്ടിയെ പ്രത്യേകം ഇഷ്ടപ്പെട്ടു. മലയാള പാഠങ്ങള്‍ തെറ്റുകൂടാതെയും സ്ഫുടമായും ഉച്ചത്തിലും വായിക്കുകയും പദ്യങ്ങള്‍ താളാത്മകമായി ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്നതുകൊണ്ടാണ് ഈ കുട്ടിയെ അദ്ദേഹം ഇഷ്ടപ്പെട്ടത്.
1924 ല്‍ കഥാപ്രസംഗം എന്ന കല ഉടലെടുത്തു. സ്വാമി സത്യദേവനിലൂടെ പ്രചുരപ്രചാരം നേടി. ജാതിയും മതവും കൊടികുത്തിവാഴുകയും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരള ജനതയെ ഗ്രസിക്കുകയും ചെയ്യുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ മഹാകവി കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന ഖണ്ഡകാവ്യം കഥാപ്രസംഗമെന്ന പേരില്‍ ഉത്ഭവിച്ചത്. വടക്കന്‍ പറവൂരിെല ചേന്ദമംഗലം സ്‌കൂള്‍ അങ്കണമായിരുന്നു വേദി. അക്കാലത്ത് കേരളത്തില്‍ പലരും ഹരികഥകള്‍ നടത്തിയിരുന്നു. സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രം ആസ്വദിക്കാനുള്ള കഥകളിയും ചാക്യാര്‍കൂത്തും പാഠകവും മറ്റും ക്ഷേത്രത്തിനകത്തുമാത്രം നടത്തിവന്നിരുന്നു.
ഹരികഥയുടെ ചുവടുപിടിച്ചാണ് കഥാപ്രസംഗകലയ്‌ക്ക് രൂപം നല്‍കിയത്. സാമൂഹികമായ ആസ്വാദനത്തിന്റെ കാല്‍ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ഭാരതജനത വെമ്പല്‍കൊണ്ടിരുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ ഉണര്‍ത്തുപാട്ടായിട്ടാണ് കഥാപ്രസംഗം അരങ്ങേറിയത്. സ്വാമി സത്യദേവന്‍ ‘ചണ്ഡാലഭിഷുകി’ അവതരിപ്പിച്ചേപ്പാള്‍ ക്ഷേതങ്ങള്‍ക്കു പുറത്ത് സാധാരണ ജനങ്ങള്‍ക്ക് ആസ്വദിക്കാനും അറിവു നേടാനുമുള്ള ഒരു ഉപാധിയായി കഥാപ്രസംഗകല നിലകൊണ്ടു. കെ.കെ. വാദ്ധ്യാര്‍, ജോസഫ് കൈപ്പറമ്പന്‍, എം.പി. മന്മഥന്‍, പി.സി. എബ്രഹാം, കെ.ജി. കേശവപ്പണിക്കര്‍, ചേര്‍ത്തല ഭവാനിയമ്മ, ഹരിപ്പാട് സരസ്വതിയമ്മാള്‍, പട്ടം പി.കെ.സരസ്വതി, തിരുവല്ല പൊന്നമ്മ തുടങ്ങിയ പ്രഗത്ഭമതികള്‍ ഈ കലയുമായി രംഗത്തെത്തി.
സാമൂഹ്യപരിഷ്‌കരണത്തിനും മാനസിക പരിവര്‍ത്തനത്തിനും ഉതകുന്ന നിരവധി കഥകള്‍ കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ആര്‍ഭാടമേറിയ ഇതര കലകളേക്കാള്‍ മനസ്സിനെ രമിപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്ന ലളിതമോഹന കലയായി, ജനകീയ കലയായി കഥാപ്രസംഗം ഉയര്‍ന്നു. ശ്രുതിമധുരമായ സംഗീതവും, അതിനു മാറ്റുകൂട്ടുന്ന പശ്ചാത്തല ഉപകരണങ്ങളുമായി അവതരിപ്പിക്കുന്ന കഥാപ്രസംഗം ഒരു അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായി കേരളമെമ്പാടും അലയടിച്ചു.
പ്രൊഫ. വി. സാംബശിവന്‍, കൊല്ലം ബാബു, കെടാമംഗലം സദാനന്ദന്‍, ഓച്ചിറ രാമചന്ദ്രന്‍, കടവൂര്‍ ബാലന്‍ തുടങ്ങിയ മഹാരഥന്മാര്‍ കാലങ്ങളോളം ഈ കലയെ സമ്പന്നമാക്കി. ഈ രംഗത്ത് ഒരു നൂതനശൈലി അവലംബിച്ച് കഥാപ്രസംഗത്തെ കൂടുതല്‍ ധന്യവും മഹത്തരവുമാക്കിത്തീര്‍ത്ത രാജശില്‍പ്പിയായിരുന്നു വി. സാംബശിവന്‍.
ഈ കാലഘട്ടത്തിലാണ് 1963 ല്‍ തൊടിയൂര്‍ എല്‍വിഎല്‍പിഎസിലെ മലയാളം അദ്ധ്യാപകനായ ശാന്തിസാര്‍ വസന്തകുമാരി എന്ന കൊച്ചുകുട്ടിക്ക് കഥപറയാനും പാടാനുമുള്ള കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞത്.
അക്കാലത്ത് കരുനാഗപ്പള്ളിയില്‍ നിന്നും ‘വില്ലന്‍’ എന്ന പേരില്‍ ഒരു സ്വതന്ത്ര രാഷ്‌ട്രീയ വിനോദമാസിക പ്രസിദ്ധീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്ന ആളായിരുന്നു വസന്തകുമാരിയുടെ പിതാവായ എം. ചെല്ലപ്പന്‍പിള്ള. തൊടിയൂര്‍ കല്ലേലിഭാഗം വില്ലേജില്‍ വാഴാലില്‍ വീട്ടില്‍ ജാനമ്മയമ്മയാണ് അമ്മ.
വിദ്യാഭ്യാസത്തോടൊപ്പം ഉത്സവപ്പറമ്പുകളിലെ പ്രേക്ഷകരെ കഥ പറഞ്ഞു രസിപ്പിച്ച ഈ കൊച്ചുകാഥിക തൊടിയൂര്‍ വസന്തകുമാരി എന്ന പേരില്‍ പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറി. ഉത്സവങ്ങള്‍ക്കു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന സ്റ്റേജുകളിലേക്ക് അച്ഛന്‍ എടുത്തു കയറ്റുന്ന രംഗം ഓര്‍ക്കുന്ന ധാരാളം പേര്‍ ഇന്നും ഈ നാട്ടിലുണ്ട്.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തീകരിക്കുമ്പോഴേക്കും കേരളം മുഴുവന്‍ അറിയപ്പെടുന്ന തിരക്കുള്ള കാഥികയായി അവര്‍ മാറിക്കഴിഞ്ഞു. വി. സാംബശിവന്‍, കൊല്ലം ബാബു, കടവൂര്‍ ബാലന്‍, ഇരവിപുരം ഭാസി തുടങ്ങിയ നിരവധി കാഥികരോടൊപ്പം ഒരേ വേദികളില്‍ കഥ പറഞ്ഞു. നാല്‍പതിലധികം കഥകള്‍ ഏഴായിരത്തി അഞ്ഞൂറോളം വേദികളില്‍ അവര്‍ അവതരിപ്പിച്ചു. 1975 മുതല്‍ സ്വന്തമായിത്തന്നെയാണ് കഥകളും ഗാനങ്ങളും എഴുതി അവതരിപ്പിക്കുന്നത്.
1977 ല്‍ ചാത്തന്നൂര്‍ തേമ്പറ അയ്യപ്പന്‍പിള്ളയുടെയും (ശ്രീധരന്‍ നായര്‍) വരവിള മാവോലില്‍ വീട്ടില്‍ ശാരദക്കുഞ്ഞമ്മയുടെയും മകന്‍ ടി.എസ് ശ്രീനി വിവാഹം കഴിച്ചതോടെ കഥാപ്രസംഗ ലോകത്ത് കൂടുതല്‍ അറിയപ്പെടുന്നതിനു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും വസന്തകുമാരിക്ക് ലഭിച്ചു. കേരളത്തിനു പുറത്ത്, മദ്രാസ്, ബോംബെ, പൂന, ഭോപ്പാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. വിദേശ രാജ്യങ്ങളായ യുഎഇ, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും മലയാളികള്‍ക്കു മുന്നില്‍ അവര്‍ കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു.
കഥാപ്രസംഗത്തോടൊപ്പം പൊതുപ്രവര്‍ത്തനരംഗത്തും അവര്‍ സജീവമായി. തൊടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യത്തെ വനിതാ ഡയറക്ടര്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ചു.
കലാകേരളത്തിന് മായ്‌ക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് കഥാപ്രസംഗ കലയുമായി ജൈത്രയാത്ര നടത്തിയ വസന്തകുമാരി ആകാശവാണിയിലൂടെ കഴിഞ്ഞ 41 വര്‍ഷങ്ങളായി മികച്ച കഥാപ്രസംഗപരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. ആകാശവാണിയുടെ എ ഗ്രേഡ് കാഥികയാണ്. 2002 ല്‍ കേരള സംഗീതനാടക അക്കാദമിയുടെ സ്റ്റേറ്റ് അവാര്‍ഡു നല്‍കി സാംസ്‌കാരിക വകുപ്പ് അവരെ അനുമോദിച്ചു. നൂറിലധികം അവാര്‍ഡുകളും ആദരവുകളും അവര്‍ക്ക് ലഭിച്ചു. ആകാശവാണിയുടെ ആഡിഷന്‍ കമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമിയുടെ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും അവര്‍ ശ്രദ്ധേയയായി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പലരേയും കഥാപ്രസംഗം പഠിപ്പിച്ചു.
കഥാപ്രസംഗകലയുടെ പരിപോഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവര്‍ കരുതുന്നു. സിനിമ കഴിഞ്ഞാല്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ കഥാപ്രസംഗമെന്ന കലപോലെ മറ്റൊന്നിനും സാദ്ധ്യമല്ലെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഈ കലയ്‌ക്കുണ്ടായിരിക്കുന്ന മങ്ങല്‍ നീക്കി പുത്തനുണര്‍വ്വോടെ കഥാപ്രസംഗം നിലനില്‍ക്കാന്‍ ഉത്സവക്കമ്മിറ്റികളും സര്‍ക്കാരും മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിക്കണം. കാലപ്രവാഹത്തില്‍ ഈ ജനകീയകല നശിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. നിരവധി കഥാപ്രസംഗങ്ങള്‍ സ്വന്തമായി എഴുതിയ വസന്തകുമാരി നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേദവതി (ഖണ്ഡകാവ്യം), ഗൗരി പറഞ്ഞത് (കുട്ടിക്കവിതകള്‍), വൈഖരി (കവിതാ സമാഹാരം), നന്ദാദീപം (ലഘുകാവ്യസമാഹാരം). മേല്‍പ്പുത്തൂരിന്റെ ‘നാരായണീയം’ ലളിത മലയാള കാവ്യമായിട്ടെഴുതി പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരിക്കുന്നു.
പ്രേക്ഷകരുമായി മുഖാമുഖം സംവദിക്കുന്ന കഥാപ്രസംഗം എന്ന ജനകീയ കലയിലൂടെ നിരവധി ധന്യാത്മാക്കളെ കണ്ടുമുട്ടാനും പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിന്റെ മഹാഭാഗ്യമായി വസന്തകുമാരി കരുതുന്നു. കഥാപ്രസംഗം മാത്രമല്ല, ഈ നാടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വാഗ്‌ദേവതയുടെ വശ്യതയാര്‍ന്ന പ്രഭാഷണങ്ങള്‍കൊണ്ട് അവര്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ശ്രീ സത്യസായിസേവാ ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി അവര്‍ സാന്നിദ്ധ്യമാണ്. ഒരു ബാലവികാസ് ഗുരുവായും ശോഭിക്കുന്നു. ഇപ്പോള്‍ വേദികളില്‍ അവതരിപ്പിക്കുന്നത് വേദവതി, മോണ്ടിക്രിസ്റ്റോ എന്നിവയാണ്. അവരുടെ മാസ്റ്റര്‍പീസ് കഥയാണ് മോണ്ടിക്രിസ്റ്റോ.
വസന്തകുമാരിയുടെ ഫോണ്‍ നമ്പര്‍: 9846716752