India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പൂനെ: സന്ത് ജ്ഞാനേശ്വറിന്റെയും സന്ത് തുക്കാറാമിന്റെയും പവിത്ര സ്മരണകളുണര്‍ത്തി പതിനായിരങ്ങള്‍ അണിനിരക്കുന്ന പല്ലക്ക് യാത്ര ഭക്തിസാന്ദ്രമായി. ജ്ഞാനോബാ-തുക്കാറാം മന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വെളളിയാഴ്ച വൈകിട്ട് പൂനെയില്‍ സമാപിച്ച യാത്രകള്‍ ശനിയാഴ്ച പുലര്‍ച്ചെ പണ്ഡര്‍പൂര്‍ ധാമിലേക്ക് പുറപ്പെടും.

പിംപരി-ചിഞ്ച്വാഡില്‍ നിന്നാണ് ജഗദ്ഗുരു സന്ത് തുക്കാറാം മഹാരാജിന്റെ പല്ലക്ക് യാത്ര ആരംഭിച്ചത്. ആലന്ദിയില്‍ നിന്നാണ് സന്ത് ജ്ഞാനേശ്വര്‍ മഹാരാജിന്റെ പല്ലക്ക് പുറപ്പെട്ടത്. രണ്ട് പല്ലക്കുകളും പൂനെ സംഗംവാടിയില്‍ സംഗമിക്കുകയായിരുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് യാത്രയ്‌ക്ക് ഉജ്ജ്വലമായ സ്വീകരണം നല്കി. പുഷ്പവൃഷ്ടി നടത്തിയും രംഗോലികള്‍ ഒരുക്കിയും നഗരം സംന്യാസി ശ്രേഷ്ഠരെ വരവേറ്റു.

തുടര്‍ന്ന് പൂനെ ഭവാനിപേഠിലെ വിഠോബക്ഷേത്രത്തില്‍ സന്ത് ജ്ഞാനേശ്വറിന്റെ പല്ലക്കും നാനാപേഠിലെ നിവദുംഗ വിഠോബ ക്ഷേത്രത്തില്‍ സന്ത് തുക്കാറാമിന്റെ പല്ലക്കും പ്രതിഷ്ഠിച്ചു. പൂനെയില്‍ ആതിഥ്യത്തിന് ശേഷം ശനിയാഴ്ച രാവിലെ അഞ്ചിന് രണ്ട് പല്ലക്കുകളും പണ്ഡര്‍പൂരിലേക്ക് യാത്രയാകും.

 

Recent Posts