News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Published by
പ്രദീപ് കൃഷ്ണൻ

സമൂഹത്തിലെ അസഹിഷ്ണുതക്ക് യഥാർത്ഥ കാരണം ഭൂരിപക്ഷ ആധിപത്യമാണോ? ഇടതു ലിബറലുകൾക്ക് എന്താണ് കുഴപ്പം? കോഴിക്കോട് ഐഐഎം (ഐഐഎം) ലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ കൗശിക് ഗംഗോപാധ്യായ എഴുതിയ ‘മെജോറിട്ടേറിയൻ മിത്ത്: എങ്ങനെയാണ് അശാസ്ത്രീയമായ സാമൂഹിക സിദ്ധാന്തങ്ങൾ അസമത്വം സൃഷ്ടിക്കുന്നത്’ (The Majoritarian Myth: How Unscientific Social Theories Create Disharmony) എന്ന പുതിയ പുസ്തകം, ഈ ചോദ്യങ്ങൾ വിശദമായി പരിശോധിച്ച് അവയ്‌ക്ക് പരിഹാരങ്ങൾ നിർദേശിക്കുന്നു. ഭാരതീയ സമൂഹത്തിലെ അസഹിഷ്ണുതയുടെ കാരണം ഹിന്ദുഭൂരിപക്ഷമാണെന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും ഇടതുപക്ഷ അക്കാദമിക പണ്ഡിതരുടേയും ആരോപണങ്ങളെ ഈ പുസ്തകം പ്രത്യേകമായി ചർച്ച ചെയ്യുന്നു.

ഹിന്ദുത്വം, ‘ഹിന്ദുഫാസിസം’ തുടങ്ങിയ ലേബലുകൾ പതിച്ച് ‘ അസഹിഷ്ണുക്കളായ ഭൂരിപക്ഷ ഹിന്ദു, ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങളെ താൻ വികസിപിച്ച ”സാമൂഹിക പരിണാമത്തിന്റെ രേഖീയ സിദ്ധാന്തത്തെ (ലീനിയർ തിയറി ഓഫ് സോഷ്യൽ ഇവല്യൂഷൻ-എൽടിഎസ്ഇ) അടിസ്ഥാനമാക്കി രചയിതാവ് വിശദമായി പരിശോധിക്കുന്നു.
ഒരു ദശാബ്ദത്തിലെ ഗവേഷണത്തിൽ, വിവിധ സംസ്‌കാരിക സമൂഹങ്ങളിലെ കാലാകാലങ്ങളായുള്ള പ്രവണതകളെ വിശകലനം ചെയ്തതിനു ശേഷം, പ്രൊഫ. കൗശിക്, സമൂഹത്തിലെ അസഹിഷ്ണുതകൾക്കും അക്രമങ്ങൾക്കും കാരണം എൽടിഎസ്ഇ വിശ്വാസികൾ ആണെന്നു കണ്ടെത്തി.
ഇത്തരം വിശ്വാസികൾ ഒരു സമൂഹത്തിൽ ന്യൂനപക്ഷം ആയാലും അസഹിഷ്ണുതയും അക്രമവും വളർത്താൻ പര്യാപ്തമാണ്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷവും എൽടിഎസ്ഇ വിസ്വാസികളല്ലെങ്കിൽ, അവിടെ അസഹിഷ്ണുതക്ക് സാധ്യതയേയില്ല.
കെട്ടുകഥകൾക്കു സമൂഹത്തിലുള്ള സ്വാധീനം വിലയിരുത്തിയാണ് രചയിതാവ് പുസ്തകം ആരംഭിക്കുന്നത്. ഭാരതമുൾപ്പെടെ എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്ന അത്തരമൊരു കള്ളകഥ, ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നു എന്നതാണ്. അത്തരം കഥകളുടെ പ്രേരണയാലാണ് പല സംഭവങ്ങളെയും മാധ്യമങ്ങളെയും അക്കാദമിക പണ്ഡിതരും വിലയിരുത്തുന്നത്. ഉദാഹരണമായി 1990-ലെ കശ്മീർ താഴ്വരയിൽ നിന്നുള്ള 120,000 പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. ഈ സംഭവത്തെപറ്റി ഗ്ലോബൽ ന്യൂസ് സ്ട്രീം ഡാറ്റാബേസിൽ (ജിഎൻഎസ്ഡി), 1,802 റിപ്പോർട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, 2002-ലെ ഗോധ്രാ തീവെപ്പിനെ തുടർന്നുണ്ടായ ലഹളയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പതിനാറ് മടങ്ങ് (29,092) കൂടുതൽ ആയിരുന്നു. അതിൽ പരാമർശിച്ചതാകട്ടെ, 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്നും! 2020 ജനുവരി 1 നും 2022 ഡിസംബർ 31 നും ഇടയിൽ, ‘ഭൂരിപക്ഷo’ ‘ ഭൂരിപക്ഷവാദി’ എന്നീ രണ്ട് പദങ്ങൾ 8,806 തവണ ജിഎൻഎസ്ഡിയിൽ പരാമർശിക്കപെട്ടതായി രചയിതാവ് കണ്ടെത്തി. മാത്രമല്ല, 1,671 കേസുകളിൽ കുറ്റവാളിയുടെ മതം (ഹിന്ദുക്കൾ) സൂചിപ്പിക്കുകയോ വ്യക്തമാക്കുകയോ ചെയ്തു. അതിൽ 80 ശതമാനവും ഹിന്ദുക്കളായിരുന്നു. അതേസമയം പ്രസ്തുത റിപ്പോർട്ടിൽ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലിങ്ങളെ പരാമർശിച്ചിരിക്കുന്നത് യഥാക്രമം 1.8 ഉം 0.1 ശതമാനവുമാണ്! ലോക ജനസംഖ്യയുടെ 18 ശതമാനത്തിൽ താഴെ മാത്രമുള്ള ഹിന്ദു ഭൂരിപക്ഷവാദി യാണെന്ന അനുമാനം തീർച്ചയായും വിചിത്രമാണ്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും കാണുന്ന കുറഞ്ഞ സംഖ്യയ്‌ക്ക് കാരണം സുവ്യക്തം: ഇരു രാജ്യങ്ങളിലും അവിടങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇതിനകം തന്നെ ‘ശുദ്ധീകരിച്ചു’ കഴിഞ്ഞിരിക്കുന്നു.
ഭാരത ഭരണഘടന, നീതിന്യായ വ്യവസ്ഥ, രാഷ്‌ട്രീയ സംവിധാനങ്ങൾ എന്നിവഎല്ലാംതന്നെ ഹിന്ദുക്കളേക്കാൾ ന്യൂനപക്ഷങ്ങളോട് ചായ്വുള്ളവയാണെന്ന് രചയിതാവ് ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ഭരണകൂടത്തിന്റെ ഹിന്ദു ഭൂരിപക്ഷത്തിനെതിരായ വിവേചനത്തിന്റെയും ഹിന്ദുവിരുദ്ധ നയങ്ങളുടെയും അടിസ്ഥാനം 25 മുതൽ 30 വരെയുള്ള ആർട്ടിക്കിളുകളാണ്. ഇവ ഭേദഗതി ചെയ്തില്ലെങ്കിൽ അത് എന്നും ഭൂരിപക്ഷത്തിനു പ്രതികൂലമായിതന്നെ ഇരിക്കും.
ശബരിമല ക്ഷേത്രപ്രവേശനം, കശ്മീരിലെ പണ്ഡിറ്റുകൾക്കെതിരായ പീഡനങ്ങൾ, മറ്റു മതപരമായ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ, ജുഡീഷ്യറി ഭൂരിപക്ഷവാദമെന്ന മിഥ്യയിൽ ഉറച്ചുനിൽക്കുന്നതായി കാണുന്നു. ഇരയാണെങ്കിലും ഭൂരിപക്ഷമാണ് തെറ്റുകാരാണെന്ന് കോടതി വിധിന്യായങ്ങൾ നിർഭാഗ്യവശാൽ അനുമാനിക്കുന്നു. ഹിന്ദുമതത്തിന്റെ ‘അനിവാര്യ ആചാരങ്ങളും’ ‘അനിവാര്യമല്ലാത്ത ആചാരങ്ങളും’ (Essential and non-essential customs) തീരുമാനിക്കുന്നതിൽ ജുഡീഷ്യറി ക്രിസ്ത്യൻ സഭകളുടെ പങ്ക് നിർവഹിക്കുന്നു. ന്യൂനപക്ഷ മതങ്ങളും അവരുടെ അക്രമാസക്തരും തന്ത്രശാലികളുമായ അനുയായികളും ഇത്തരം ഇടപെടലുകളിൽ നിന്ന് രക്ഷപ്പെടുമ്പോൾ, എല്ലാ ജുഡീഷ്യൽ, ഭരണഘടനാ നടപടികളും ഹിന്ദുക്കളെ ഭരിക്കാനും നിയന്ത്രിക്കാനും മാത്രമായി മാറിയിരിക്കുന്നു.
ഭാരതത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ മാർക്‌സിസം അക്കാദമിക് മേഖലയാകെ പിടിച്ചടക്കുകയും ഭൂരിപക്ഷാധിപത്യമെന്നവാദത്തെ അരക്കിട്ട് ഉറപ്പിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം പോരടിക്കുന്ന രണ്ട് സാംസ്‌കാരിക വിഭാഗങ്ങൾ എന്ന വികലആശയത്തെ ശക്തമാക്കി. ഭൂരിപക്ഷം, അതായത് പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്ന ഹിന്ദുസമൂഹം, കുറ്റവാളികളും അടിച്ചമർത്തുന്നവരുമായി ആരോപിക്കപെട്ടു. ‘കുറ്റവാളി’ യായ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ഈ ആശയം 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്ടിലും, ഡോ. അംബേദ്കറുടെ രചനകളിലും, സ്വാതന്ത്ര്യാനന്തര നെഹ്റുവിയൻ രാഷ്‌ട്രീയത്തിലും, ഒടുവിൽ 1969 ന് ശേഷമുള്ള ഇടതുപക്ഷം കീഴടക്കിയ അക്കാദമികളിലും ഏറെ പ്രകടമാണെന്ന് ഉദാഹരണങ്ങൾ ഉദ്ധരിച്ച് രചയിതാവ് സമർഥിക്കുന്നു.
സാമൂഹിക പരിണാമത്തിനായി ”ലിബറൽ പടിഞ്ഞാറ്” സൃഷ്ടിച്ച രേഖീയ പദ്ധതിയെ (linear theory) ഗംഗോപാധ്യായ തന്റെ ‘Linear Theory of Social Evolution’ (LTSE) ലൂടെ പരിഷ്‌കരിക്കുന്നു. ഇതിലെ നിർണായകമായ കാര്യം, LTSE-യിൽ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക മാറ്റങ്ങൾക്ക് സാധ്യതയില്ല എന്നതാണ്. പ്രധാനമായും, LTSE-യിൽ വിശ്വസിക്കുന്നവർ ‘മറ്റുള്ളവർ,’ അതായത് അവരുടെ സാമൂഹ്യ പദ്ധതികളിൽ വിശ്വസിക്കാത്ത ആളുകളോട്, അവർ ഈ സാമൂഹിക പദ്ധതി പിന്തുടരാത്തതിനാൽ, വ്യത്യസ്തമായി പെരുമാറുന്നു. രാഷ്‌ട്രീയ ക്രിസ്തുമതo, ഇസ്ലാം മതം, കമ്മ്യൂണിസം അല്ലെങ്കിൽ മാർക്‌സിസം, നാസിസം, വംശീയത, സാംസ്‌കാരിക മാർക്‌സിസം അല്ലെങ്കിൽ ലിബറലിസം എന്നിവയുടെ അനുയായികൾ എങ്ങനെയാണ് LTSE യുടെ ഏറ്റവും ശക്തമായ പ്രമോട്ടർമാരും വിശ്വാസികളുമാകുന്നതെന്നു ഗ്രന്ഥകാരൻ തെളിവുകൾ ഉദ്ധരിച്ച് സമര്ധിക്കുന്നു. ഇവർക്കെല്ലാം പൊതുവായി രണ്ട് സ്വഭാവസവിശേഷതകളുണ്ട്:
1. മാനവരാശിക്കാകെ ഒരു പൊതുവായ രേഖീയ പദ്ധതി: ക്രിസ്ത്യാനികളല്ലാത്തവരും മുസ്ലിങ്ങളല്ലാത്തവരും കമ്മ്യുണിസ്റ്റു കാരല്ലാതവരും യഥാക്രമം ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്‌ടോ ആയി മാറണം അല്ലെങ്കിൽ മാറ്റണം; തൊഴിലാളിവർഗം മാത്രമേ ഭരണാധികാരികളാകൂ; വൈവിധ്യം- സമത്വം- ഉൾക്കൊള്ളൽ എന്നീ തത്വങ്ങളാൽ ലിബറലിസത്തിന് മാത്രമേ മനുഷ്യസമത്വം ഉറപ്പു നൽകാൻ കഴിയൂ; സ്വന്തം കാഴ്ചപ്പാടുകളും സിദ്ധാുനതങ്ങളും മതവും മാത്രം ഏറ്റവും മികച്ചത്, അതിൽ വിശ്വസിക്കാത്ത ‘അവിശ്വാസി’കളെ താഴ്ന്നവരായി പരിഗണിക്കുകയും ആവശ്യമെങ്കിൽ അവരെഉന്മൂലനം ചെയ്യുക.
2. ഇവരുടെ LTSE സിദ്ധാന്തങ്ങളിൽ വിശ്വസിക്കാത്തവരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വിധേയരാക്കും: ക്രിസ്ത്യാനികളല്ലാത്തവർക്ക് നിത്യനരകം ഉണ്ടാക്കും; കമ്മ്യൂണിസ്റ്റുകളല്ലാത്തവരെ ഉന്മൂലനം ചെയ്യാനായി അയോഗ്യരായ ‘പിന്തിരിപ്പന്മാർ’ എന്ന് മുദ്രകുത്തും; ലിബറലിസത്തിൽ വിശ്വസിക്കാത്തവർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുo. അധികാരം പിടിച്ചെടുക്കാൻ ഏത് അജണ്ടയും നടപ്പാക്കും.

ഹിന്ദുമതം/ഹിന്ദുത്വം ഇത്തരം മരവിച്ച സിദ്ധാന്തങ്ങളിലോ പ്രത്യയശാസ്ത്രങ്ങളിലോ ഉന്നിയതല്ലാത്തതിനാൽ വൈവിധ്യത്തെയും മാറ്റങ്ങളെയും ജൈവികമായും അതിക്രമങ്ങളില്ലാതെയും ഉൾക്കൊള്ളുന്നതിനാലും കാലത്തിനനുസരിച്ച് മാറിക്കൊണ്ടേ യിരിക്കുന്നതിനാലും അവയിൽ LTSE കൾ ഉൾച്ചേർന്നിട്ടില്ലെന്നു രചയിതാവ് വാദിക്കുന്നു. ഇസ്ലാമും ക്രിസ്തുമതവും വ്യക്തികൾക്ക് ധാർമ്മിക ജീവിതം നയിക്കാനുള്ള ഒരു പാത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവയിൽ അന്തർലീനമായ സാമ്രാജ്യത്വം വ്യക്തികളെ LTSE ഗ്രൂപ്പുകളായി ഏകീകരിക്കുന്നു.
ഹിന്ദുത്വത്തിന്റെ പരിണാമത്തെ വിശകലനം നടത്തി ഹിന്ദുത്വo LTSE അടിസ്ഥാനമക്കാൻ ഒരിക്കലും സാധ്യതയില്ലെന്ന് രചയിതാവ് വാദിക്കുന്നു. നിരീശ്വരവാദിയായിരുന്ന വീര സവർക്കറിന് മുസ്ലിങ്ങളോടോ ക്രിസ്ത്യാനികളോടോ ഒരു വിദ്വേഷവും ഉണ്ടായിരുന്നില്ല. അജ്ഞതയിൽ നിന്ന് ജനിച്ച മുൻവിധികളിൽ നിന്ന് മുക്തരായാൽ ഇന്ത്യൻ മുഹമ്മദീയരിൽ ഭൂരിഭാഗത്തിനും നമ്മുടെ നാടിനെ അവരുടെ പിതൃരാജ്യമായി സ്‌നേഹിക്കാൻ സാധ്യതയുണ്ട് എന്ന് സവർക്കർ പറഞ്ഞതായി ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. വാസ്തവത്തിൽ, നിരീശ്വരവാദിയായിരുന്ന സവർക്കർ എല്ലാ സമുദായങ്ങളെയും തുല്യനിലയിൽ പരിഗണിക്കണമെന്ന് പ്രഖ്യാപിച്ചു. എല്ലാ നിഷേധാത്മക പ്രചാരണങ്ങൾ ഉണ്ടായിരുന്നിട്ടും സവർക്കറിന്റെ ”ഹിന്ദു” നിർവചന മാണ് (മുസ്ലിമല്ല, ക്രിസ്ത്യാനിയല്ല, ജൂതനല്ല, പാർസിയല്ല) ഇപ്പോൾ ഭാരത ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ ഏകീകൃത സിവിൽ നിയമങ്ങൾക്ക് പകരം, ഇന്ത്യൻ ഭരണഘടന ഹിന്ദുക്കൾക്കും ഹിന്ദുക്കളല്ലാത്തവർക്കും (ന്യൂനപക്ഷങ്ങൾക്കും) വ്യത്യസ്ത നിയമങ്ങൾ അംഗീകരിക്കുന്നു.
അബ്രഹാമിക് മതങ്ങളെ പോലെ ഹിന്ദുമതം ഒരു മതമല്ലെന്നും മറിച്ച് പാരമ്പര്യങ്ങളുടെ (സമ്പ്രദായങ്ങളുടെ) ഒരു വലിയ സംയോജനമാണെന്നും കൗശിക് ഗംഗോപാധ്യായ അംഗീകരിക്കുന്നു. അതിലെ പരമ്പരകളിൽ ദേവതകൾ, ഗുരുക്കന്മാർ, വംശപരമ്പരകൾ എന്നിവയ്‌ക്ക് കൂടുതൽ പ്രാധാന്യം മുണ്ട്. ഈ പരമ്പരാഗത സംസ്‌കാരത്തിന്റെ അടിസ്ഥാനപരമായ വീക്ഷണം വ്യത്യാസങ്ങളോടുള്ള നിസ്സംഗതയാണ്. യൂറോപ്യൻ കൊളോണിയലിസ്റ്റുകൾ ഭാരത സംസ്‌കാരത്തിലെ വൈവിധ്യമാർന്ന നിരവധി ആചാരങ്ങളെ മനസ്സിലാക്കുന്നതിനായി അവർ ഈ സംസ്‌കാരത്തിന് മതത്തിന്റെ ഒരു ആഖ്യാനം നിർമ്മിച്ചു, നിർവചനപരമായി അത് ക്രിസ്തുമതം, ഇസ്ലാം അല്ലെങ്കിൽ ജൂതമതം എന്നിവയിൽ നിന്ന് (ഒരു ദൈവം, ഒരു ക്ഷേത്രം, ഒരു ദൂതൻ, ഒരു പുസ്തകം) തികച്ചും വ്യത്യസ്തമായിരുന്നു. ഈ നിർമ്മിത ഹിന്ദുമതത്തിലെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പരസ്പര കൈമാറ്റങ്ങളുമായി സ്വാഭാവികമായി ഇടപഴകുന്നു. തീവ്രമായ സംവാദങ്ങൾ നടന്നാലും ‘അവിശ്വാസികൾ’ ക്കെതിരായ അക്രമം ഇന്ത്യൻ സംസ്‌കാരത്തിനു പ്രായോഗികമായി അജ്ഞാതമായിരുന്നു. അടിസ്ഥാന തലത്തിൽ അഭാരതീയ മതങ്ങൾ, ‘ഞങ്ങൾ മാത്രം സത്യo, നിങ്ങൾ വ്യാജo’ എന്നു പ്രഖ്യപിക്കുബോൾ ഭാരതീയ മതങ്ങൾ, ‘ഞങ്ങളും സത്യം, നിങ്ങളും സത്യം” എന്നാണ് പ്രഖ്യാപിക്കുന്നത്. അതിനാൽ LTSE യിൽ നിന്നും ഏറെ അകലെയാണ് ഹിന്ദുമതം എന്ന് രചയിതാവ് അവകാശപ്പെടുന്നു.
അതുപോലെ, ആർഎസ്എസ്-ബിജെപിയുടെ ഹിന്ദുത്വ നിർവചനത്തെ LTSE ൽ ഉൾപ്പെടുത്താനെ ആവില്ല. അയോധ്യയിലെ ക്ഷേത്ര പുനർ നിർമ്മാണം, ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കൽ എന്നിവയാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ പൊതുവായ ആരോപണങ്ങൾ. എന്നിരുന്നാലും, അയോധ്യ ക്ഷേത്രത്തെക്കുറിച്ചുള്ള വിദഗ്‌ദ്ധ പുരാവസ്തു തെളിവുകൾ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ നിർദ്ദേശിച്ചിരിക്കുന്ന UCC നടപ്പാക്കുക, കശ്മീരിനുള്ള പ്രത്യേക പദവി താൽക്കാലികം മാത്രമായിരുന്നു എന്ന വസ്തുത ഈ ആരോപണങ്ങൾക്ക് മതിയായ ഉത്തരം നൽകുന്നുവെന്ന് രചയിതാവ് വാദിക്കുന്നു. പൗരത്വ ഭേദഗതി നിയമം, മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഒരു മതന്യൂനപക്ഷ ഗ്രൂപ്പിലെ അംഗങ്ങൾക്കും യുഎസിലെ അവരുടെ കുടുംബാംഗങ്ങളുമായി ചേരാൻ അനുവദിച്ച യുഎസിലെ ലൗട്ടൻബർഗ് ഭേദഗതിക്ക് സമാനമാണ്. അല്ലാതെ സിഎഎയിൽ LTSE യുടെ ഒരു ഘടകവും ഉൾപ്പെടുന്നില്ല എന്ന് ഗംഗോപാധ്യായ അടിവരിട്ടു പറയുന്നു .
അതുപോലെതന്നെ നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്തതുപോലെ ഭാരതത്തിൽ മുസ്ലിം വംശഹത്യ നടക്കുമെന്ന പ്രചാരണങ്ങൾക്ക് വാസ്തവത്തിൽ യാതൊരു അടിസ്ഥാനവുമില്ല. കാരണം, ഇവിടെ ബിജെപി സംസ്ഥാന, കേന്ദ്ര തലങ്ങളിൽ പലതവണ അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഒരിക്കലും ന്യൂനപക്ഷങ്ങളോടു വിവേചനത്തോടെ യുള്ള ഒരു നടപടിയും ഇതേവരെ എടുത്തിട്ടില്ല. മറിച്ച് മുൻ സർക്കാരുകളുടെ ഭരണകാലത്തെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അക്കാദമിക് സ്‌കോളർഷിപ്പുകളിലും ക്ഷേമ പദ്ധതികളിലും കാലാനുസൃതമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതല്ലാതെ ഒരു കുറവും ബിജെപി സർക്കാരുകൾ വരുത്തിയിട്ടില്ലെന്നു ഗംഗോപാധ്യായ പറയുന്നു. മാത്രമല്ല രാജ്യത്തെ മുസ്ലിം ബ്യൂറോക്രാറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശി, നാസി വംശഹത്യകൾ ഉൾപ്പെടെ ചരിത്രത്തിലെ പത്ത് പ്രധാന വംശഹത്യകളെക്കുറിച്ച് പഠിക്കുമ്പോൾ, മിക്കതിനും കാരണം LTSE ആണെന്ന് രചയിതാവ് ചൂണ്ടിക്കാണിക്കുന്നു. അസഹിഷ്ണുത വിലയിരുത്തുന്നതിലെ മാധ്യമ റിപ്പോർട്ടുകളിലെ തെറ്റായ പ്രവണതകൾ, മാക്കിയവെല്ലിയനിസം, നാർസിസിസം, സൈക്കോപതി, എന്നീ ത്രയങ്ങളുടെ സ്വാധീനം രചയിതാവ് ഉദാഹരണസഹിതം വിശദമായി രേഘപ്പെടുതുന്നു. ഇവർ സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ആഖ്യാനങ്ങൾ ചമക്കുന്നതിലും കൃത്രിമം കാണിക്കുന്നു.
മൈക്രോഅഗ്രഷനായി, ഒരു ഗ്രൂപ്പിന്റെ ആക്രമണത്തിന്റെ ഇരയാണെന്ന ധാരണ സൃഷ്ടിക്കാനായുള്ള പ്രവർത്തി, വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് തെറ്റായ മാധ്യമ പ്രവർത്തനമാണ്. മാധ്യമ റിപ്പോർട്ടുകൾ കണ്ണടച്ച് വിശ്വസിക്കുന്നവർ ആക്രമണത്തിന് ഇരയായ ഗ്രൂപ്പുകളോട് സഹതപിക്കുന്നു. സാധാരണയായി LTSE ഗ്രൂപ്പുകൾ ആണ് ഇത്തരം കെട്ടു കഥകൾ കെട്ടിച്ചമയ്‌ക്കുന്നത്. ഉദാഹരണത്തിന്, ക്രിസ്ത്യൻ സഭകൾ പ്രചരിപ്പിച്ച രക്തസാക്ഷികളുടെ കഥകൾ ജനങ്ങൾക്ക് അവരോടു സഹതാപം ഉണർത്താൻ സഹായിച്ചു എന്നുമാത്രമല്ല ഒടുവിൽ അത് റോമിലെ പാർശ്വവല്ക്കരിക്കപെട്ടവരുടെ വംശനാശത്തിലേക്ക് നയിച്ചു.
അസഹിഷ്ണുത അടിചെൽപ്പിക്കുന്നവർക്കും അതിന്റെ യഥാർത്ഥ ഇരകൾക്കും ഉത്തരവാദികളെ അറിയാം. യഥാർത്ഥത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിലേക്ക് കുടിയേറുന്ന ഇരകളുടെ അനുപാതം ക്രമേണ കുറയുന്നു. ജർമ്മനിയിലെ ജൂതന്മാരുടെയും ടിബറ്റിലെ ടിബറ്റുകാരുടെയും കശ്മീരിലെ ഹിന്ദുക്കളുടെയും അവസ്ഥ ഇതാണ്. ഏറ്റവും പ്രത്യയശാസ്ത്രപരമായി മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്യപ്പെട്ട രാഷ്‌ട്രീയ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന അഫ്ഗാനിസ്ഥാനിൽ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഹിന്ദുക്കളുടെയും സിഖ്കാരുടെയും ജനസംഖ്യ ആകെ ജനസംഖ്യയുടെ 7 ശതമാനമായിരുന്നു. ഇപ്പോൾ, ജീവൻ അപകടത്തിലാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്നത് കഷ്ടിച്ച് നൂറുകണക്കിന് ഹിന്ദുക്കളും സിഖുകാരുമാണ്. 1947-ൽ ഭാരതവിഭജന സമയത്ത് പശ്ചിമ പാകിസ്ഥാനിലെയും കിഴക്കൻ പാകിസ്ഥാനിലെയും ഹിന്ദുക്കളുടെ അനുപാതം യഥാക്രമം 15 ശതമാനവും 29 ശതമാനവുമായിരുന്നു എങ്കിൽ ഇപ്പോൾ പാകിസ്ഥാനിലെ ജനസംഖ്യയുടെ 2 ശതമാനo മാത്രമാണ് ഹിന്ദുക്കൾ. ബംഗ്ലാദേശിലാകട്ടെ (മുൻ കിഴക്കൻ പാകിസ്ഥാൻ) ഹിന്ദുക്കൾ ക്രമേണ 9 ശതമാനത്തിൽ താഴെയായി കുറഞ്ഞു.

ഇതിനു വിപരീതമായി, സ്വാതന്ത്ര്യനന്തര ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ 9.8 ശതമാനത്തിൽ നിന്ന് 2011 ൽ 14.2 ശതമാനമായി വർദ്ധിച്ചു. അതേസമയം, സ്വാതന്ത്ര്യലബ്ധിക്കുശേഷം 84.1 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ 2011 ൽ 79.8 ശതമാനമായി കുറഞ്ഞു. മുസ്ലീം പീഡനത്തിന്റെ കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഗുജറാത്തിൽ, 2001 ൽ 8.7 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2011 ൽ 9.7 ശതമാനമായി വർദ്ധിച്ചു.
ആഗോള ജനസംഖ്യയുടെ 17 ശതമാനം മാത്രമായ ഹിന്ദുക്കളുടെ ഭൂരിപക്ഷ ആധിപത്യ വാദത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിലെയും അക്കാദമിക് റിപ്പോർട്ടുകളുടെയും 80 ശതമാനo വരും. അതേസമയം വിരോധാഭാസമെന്തെന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യയിൽ ഹിന്ദുക്കൾക്ക് അവകാശങ്ങൾ കുറവാണ്. പലപ്പോഴും ലിബറലുകൾ എന്നറിയപ്പെടുന്ന സാംസ്‌കാരിക മാർക്‌സിസ്റ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളാണ്, ഹിന്ദുക്കളിൽ അസഹിഷ്ണുത ആരോപിക്കുന്നത്. ഇക്കുട്ടർ ഒരു LTSE ആയിട്ടാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്ന് രചയിതാവ് ആരോപിക്കുന്നു. അമേരിക്കൻ, ഭാരതീയ സർവകലാശാലകളിലെ ഇടതുപക്ഷ- ലിബറൽ പ്രത്യയശാസ്ത്രത്തിന്റെ ഉയർച്ച ഭയാനകമായ അനുപാതത്തിലേക്ക് വളർന്നു. 2005ൽ, യുഎസിലെ ഫാക്കൽറ്റി അംഗങ്ങൾക്കിടയിലെ ഡെമോക്രാറ്റ് (ഇടത്) റിപ്പബ്ലിക്കൻ (വലത്) അനുപാതം 11.5:1 ആയിരുന്നു. കൂടുതൽ ദോഷകരമായി, യാഥാസ്ഥിതിക ഫാക്കൽറ്റി അംഗങ്ങൾ തങ്ങളുടെ ആശയങ്ങളും വിശ്വാസങ്ങളും കാമ്പസിൽ ചെറുത്തുനിൽപ്പും എതിർപ്പും നേരിടേണ്ടിവരുമെന്ന്’ ഭയപ്പെടുന്നു .
വാസ്തവത്തിൽ സാംസ്‌കാരികപരവും പരമ്പരാഗതവുമായ സ്വത്വങ്ങളോട് അസഹിഷ്ണുത പുലർത്തുന്നവരും സമൂഹത്തിന്റെ തീവ്രമായ വിഘടനത്തിൽ വിശ്വസിക്കുന്നവരുo LTSE ലിബറലുകളാണ്. ഒരു വ്യക്തി കൂടുതൽ ലിബറൽ ആകുന്തോറും മറ്റുള്ളവരോടുള്ള വിവേചനവും അസഹിഷ്ണുതയും വർദ്ധിക്കുമെന്നത് നമ്മുടെ അനുഭവമാണ്.
LTSE യിലുള്ള വിശ്വാസം, അസഹിഷ്ണുതയെ ധാർമ്മികമായി ന്യായീകരിക്കുന്നതിനാൽ തന്നെ അസഹിഷ്ണുതയുടെ ഏറ്റവും ഉയർന്ന രൂപമാണ്. ക്രൈസ്തവലോകത്തിലെ ആഭ്യന്തരയുദ്ധം യൂറോപ്പിലെ രാജ്യങ്ങൾക്കിടയിൽ സംഘർഷത്തിലേക്ക് നയിച്ചു, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധം LTSE യുടെ വലിയ തോതിലുള്ള അപകടത്തെ കാണിക്കുന്നു. അവസാനമായി, ഒരു ചെറിയ കൂട്ടം ആളുകളുടെ പരിമിതമായ അനുഭവം എല്ലായ്‌പ്പോഴും മാനവരാശിക്കാകെ സാമൂഹിക ഐക്യത്തിനുള്ള വഴികാട്ടിയാകാൻ കഴിയില്ലെന്ന് രചയിതാവ് പറയുന്നു. ഇന്ത്യൻ നാഗരികത ആയിരക്കണക്കിന് വർഷങ്ങളായി മാനവിക ഐക്യത്തിനുള്ള വഴികൾ പരിപൂർണ്ണമാക്കിയവയാണ്. പാരമ്പര്യ ഭാരതത്തിനു ‘വ്യത്യാസങ്ങളോടു” നിസ്സംഗതയായിരുന്നതിനാൽ ”അന്യ” വിശ്വാസങ്ങളെ ഉൾക്കൊള്ളാൻ എളുപ്പമായിരുന്നു. ഇത് ക്രമേണ കടന്നുവന്ന അന്യ വിശ്വാസങ്ങളെ അസഹിഷ്ണുതയിൽ നിന്ന് സഹിഷ്ണുതയിലേക്ക് മാറ്റി.
ഈ സ്വാഭാവിക പ്രക്രിയ തുടരുന്നതിനും ഇന്ത്യൻ സംസ്‌കാരത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുന്നതിനും പകരം, ചില ബുദ്ധിജീവികൾ പാരമ്പര്യങ്ങളിൽ നിന്നകന്നു മതങ്ങളെ സഹിഷ്ണുതയിൽ നിന്ന് അസഹിഷ്ണുതയിലേക്കുള്ള പാതയിലൂടെ നയിച്ചു. ഇന്ത്യൻ സാമൂഹിക-സാംസ്‌കാരിക സംവിധാനങ്ങളിൽ ധർമ്മം – സാമൂഹിക ക്രമം അല്ലെങ്കിൽ സുസ്ഥിര ജീവിതം – സത്തയായി ഇഴുകി ചേർന്നിട്ടുണ്ട്. രചയിതാവ് വിശദീകരിക്കുന്നതുപോലെ, നമ്മുടെ തത്ത്വചിന്ത മനുഷ്യ മനസ്സിനെ രണ്ട് വിശാലമായ വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: ലോകത്തിന്റെ സുസ്ഥിര ക്ഷേമത്തിനായി ഉദ്ദേശിച്ചിട്ടുള്ള ദൈവികമെന്നും വ്യക്തിയുടെ അഹങ്കാര, പൂർത്തികരണത്തിനായുള്ള അസുരികo മെന്നും.
ഇന്ത്യൻ സംസ്‌കാരത്തിലെ പ്രധാന ആശയങ്ങൾ സത്യം, അഹിംസ എന്നിവയാണ്. എന്നാൽ ലിബറൽ ആശയങ്ങൾ സത്യത്തെ നിഷേധിക്കുന്നുവെന്നു മാത്രമല്ല അത് അടിച്ചമർത്തപെട്ടവരെ സഹായിക്കുന്നുമില്ല എന്ന് രചയിതാവ് വാദിക്കുന്നു. ഏതെങ്കിലും സമൂഹത്തിനെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങൾ ഹിംസ അല്ലെങ്കിൽ അക്രമമാണ്. അഭിപ്രായ സ്വതന്ത്രിയത്തിനെതിരെയുള്ള മുറവിളികൾ, മെറിറ്റ് വിരുദ്ധ മനോഭാവം, മാധ്യമ വിവേചനം എന്നിവ വ്യക്തികൾക്കും സമൂഹങ്ങൾക്കും എതിരായ ഹിംസയാണ്, ധർമ്മത്തിന് വിരുദ്ധവുമാണെന്നും കൗശിക് വാദിക്കുന്നു.
പാശ്ചാത്യരേ ഇപ്പോൾ ആകർഷിച്ചുകൊണ്ടിരിക്കുന്ന ലിബറലിസം, ഭാരതീയ സംസ്‌കാരത്തിൽ അടിച്ചേൽപ്പിക്കുമ്പോൾ, അത് കടുത്ത വികലതകളിലേക്കും പൊരുത്തക്കേടുകളിലേക്കും സമൂഹത്തെ നയിക്കുന്നു. കാരണം, ഐക്യത്തിനും ബഹുസ്വര സംസ്‌കാരത്തെ കൈകാര്യം ചെയ്യുന്നതിനുമുള്ള നമ്മുടെ സംവിധാനങ്ങൾ തികച്ചും വ്യത്യസ്തമാണ്. പാശ്ചാത്യരുടെ വ്യക്തിവാദം ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിനു എതിരെയുള്ള അക്രമാസക്തമായ കടന്നാക്രമണമാണ്.
ഗംഗോപാധ്യായയുടെ ഈ പുസ്തകം ലിബറലിസo അപകടമാണെന്നും ലോകത്തിലെ അസഹിഷ്ണുതകൾക്കെല്ലാം അതാണെന്നും ശക്തമായി സ്ഥാപിക്കുന്നു. അതേസമയം സമൂഹത്തെ സമഗ്രമായി യോജിപ്പിക്കുന്ന ഭാരതീയ ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും രചയിതാവ് നൽകുന്നു. അക്കാദമിക, മാധ്യമ, പൊതു ബൗദ്ധിക ഇടങ്ങൾ ഇവയിൽ പ്രചരിക്കുന്ന വർത്തമാനകാല വികലമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കാൻ ഈ പുസ്തകം ശ്രദ്ധാപൂർവ്വമായി വായിക്കണം.
ഭൂരിപക്ഷമേൽക്കോയ്‌മ എന്ന വാദത്തിനെതിരെ മതിയായ തെളിവുകൾ ഉണ്ടെങ്കിലും, ലിബറൽ സിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് മിക്കവാറും അസാധ്യമാണെന്ന് ലേഖകൻ പ്രസ്താവിക്കുന്നു. ഒരു ശാസ്ത്രീയ വിശകലനത്തിന് പ്രശസ്ത അക്കാദമിക ജേർണലുകൾ തമസ്‌ക്കരിക്കുന്ന സംസ്‌കാരങ്ങളുടെ താരതമ്യ പഠനം അത്യാവശ്യമാണ്. ലിബറലിസത്തിന്റെ ആധിപത്യത്തിന് കീഴിലുള്ള ഒരു അക്കാദമിക അന്തരീക്ഷത്തിൽ അത്തരം ചർച്ചകൾ ബുദ്ധിമുട്ടായിരിക്കുമെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ ഭാരതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ലക്ഷ്യമിടുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് ഇത്.
The Majoritarian Myth: How Unscientific Social Theories Create Disharmony by by Kausik Gangopadhyay. Garuda Books, New Delhi. Pages: 332. Rs.427/- (available in Amazon)

* പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റൈറ്റിംഗിലും ഡിപ്ലോമകളും ഉള്ള അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’ – 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530.
***************

Recent Posts