തിരുവനന്തപുരം : ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിലെത്തിയതിന് പിന്നാലെ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രി എം.ബി. രാജേഷ്. നീതിരഹിതമായ ഒരു ലോകക്രമത്തിൽ മൈതാനങ്ങളിൽ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുതെന്നാണ് എം ബി രാജേഷ് പറയുന്നത്. വർഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല,പലപ്പോഴും അധീശ വർഗ്ഗനീതി നടപ്പാക്കപ്പെടാമെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ട്രമ്പിന്റെ ഉറ്റമിത്രവും സയണിസ്റ്റുമായ അർജൻറീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡണ്ടിനും ഇപ്പോൾ ഒരു ലോകകപ്പ് അർജൻ്റീനയിലെത്തിയാൽ കൊള്ളാമെന്ന് തോന്നാൻ കാരണങ്ങൾ ധാരാളമുണ്ട്. വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്‌ട്രത്തിൻറെ, അതും ആതിഥേയ രാഷ്‌ട്രത്തിൻറെ പ്രസിഡൻ്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാൽ തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ആസംശയം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണ്.
ചിലപ്പോൾ ഇത് ഒരു അതിവായനയായി തോന്നാം.പക്ഷേ ട്രമ്പ്- ഇൻഫാൻ്റിനോ കൂട്ടുകെട്ടിന്റെ ചെയ്തികളാണ് എല്ലാറ്റിനും ഹേതുവെന്നും എം ബി രാജേഷ് പറയുന്നു.
















