പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറ് ദിന ത്രിരാഷ്‌ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കുകയാണ്. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കേവലമൊരു നയതന്ത്ര പര്യടനമല്ല. മറിച്ച്, ജക്കാര്‍ത്തയില്‍ തുടങ്ങി, കാന്‍ബെറ വഴി വെല്ലിങ്ടണില്‍ അവസാനിക്കുന്ന യാത്രയുടെ തെരഞ്ഞെടുപ്പ് തന്നെ ഏറെ തന്ത്രപരമാണ്. തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ ദക്ഷിണ പസഫിക് മേഖലയിലൂടെയുള്ള ഈ യാത്ര ഭാരതത്തിന്റെ സമുദ്ര സുരക്ഷ, നിര്‍ണ്ണായക ധാതുക്കള്‍ (Critical Minerals), വ്യാപാരം, സാങ്കേതികവിദ്യ, സാംസ്‌കാരിക ബന്ധം എന്നിവയെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കുന്നു.
ആഗോള വിതരണ ശൃംഖലകള്‍, സമുദ്ര സുരക്ഷ, സാങ്കേതിക പങ്കാളിത്തം എന്നിവയില്‍ ഭൗമരാഷ്‌ട്രീയ മത്സരം കടുക്കുന്ന ഈ സമയത്ത് ഭാരതത്തിന്റെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന മൂന്ന് രാജ്യങ്ങളുമായി ബന്ധം ആഴത്തിലാക്കുവാനാണ് ന്യൂദല്‍ഹി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഇന്തോ-പസഫിക് നയത്തില്‍ വലിയ സ്ഥാനമുള്ള ഈ രാജ്യങ്ങളിലേക്ക് വളരെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടുള്ളതാണ് ഈ സന്ദര്‍ശനം. ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഭാരതത്തിന്റെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിനപ്പുറത്തേയ്‌ക്ക് സമുദ്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിശ്വസനീയമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമാണ് സന്ദര്‍ശനം കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.
ഇന്തോനേഷ്യ: സമുദ്ര സുരക്ഷ, വ്യാപാരം, സംസ്‌കാരം
ഭാരതത്തിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളില്‍ ഇന്തോനേഷ്യയ്‌ക്ക് സവിശേഷ സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ വ്യാപാര- ഊര്‍ജ്ജ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജക്കാര്‍ത്ത പ്രധാന പങ്കുവഹിക്കുന്നു.
ഭാരതവും ഇന്തോനേഷ്യയും തമ്മില്‍ 2018-ല്‍ ഒപ്പുവെച്ച ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ നടപ്പിലാക്കുന്ന വേളയിലാണ് മോദിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ചൈനീസ് ഭീഷണികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ ഈ ജലപാതയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനാണ് ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. ഇന്തോനേഷ്യ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന രാജ്യമായതിനാല്‍ ദ്വീപില്‍ ഭാരതം പുതിയതായി ഒരുക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഭാരതത്തില്‍ നിന്നും ബ്രഹ്‌മോസ് മിസൈല്‍ ഇറക്കുമതി ചെയ്യാനും ഇരു രാജ്യങ്ങളും അടുത്തിടെ കരാറിലെത്തിയിരുന്നു.
സന്ദര്‍ശനം കേവലം സുരക്ഷാ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ആസിയാന്‍ മേഖലയില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്തോനേഷ്യ. കല്‍ക്കരി, പാം ഓയില്‍ എന്നിവയുടെ പ്രധാന വിതരണക്കാരുമാണവര്‍. ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്കും ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കും അത്യാവശ്യമായ നിക്കലിന്റെ വന്‍തോതിലുള്ള ശേഖരം ഇന്തോനേഷ്യയിലുണ്ട്. അതുകൊണ്ട് തന്നെ നിര്‍ണ്ണായക ധാതുക്കള്‍ (Critical Minerals)ക്കായുള്ള ആഗോള മത്സരം മുറുകുമ്പോള്‍ ഭാരതത്തിന്റെ വ്യാവസായിക പരിവര്‍ത്തനത്തില്‍ ഇന്തോനേഷ്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്.
യാത്രയിലെ നയതന്ത്രത്തിനൊപ്പം സംസ്‌കാരത്തെയും കൂട്ടിയിണക്കിക്കൊണ്ട് യോഗ്യകര്‍ത്തയിലെ യുനെസ്‌കോ പൈതൃക പട്ടികയിലുള്ള പ്രമ്പാനന്‍ ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ദൃഢമാക്കും.
ഓസ്ട്രേലിയ: വിഭവ സുരക്ഷയും സാങ്കേതിക പങ്കാളിത്തവും
ഇന്തോനേഷ്യ ഭാരതത്തിന്റെ സമുദ്ര സുരക്ഷ ആവശ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ ഓസ്ട്രേലിയ പ്രതിനിധീകരിക്കുന്നത് വിഭവ സുരക്ഷയെയാണ്. മെല്‍ബണില്‍ നടക്കുന്ന മൂന്നാമത് ഭാരതം-ഓസ്ട്രേലിയ വാര്‍ഷിക ഉച്ചകോടിയില്‍ നിര്‍ണായക ധാതുക്കള്‍, സൈബര്‍ സുരക്ഷ, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ശുദ്ധമായ ഊര്‍ജ്ജം, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നിവയ്‌ക്കായിരിക്കും പ്രധാന മുന്‍ഗണന.
ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍, അര്‍ദ്ധചാലക നിര്‍മ്മാണം എന്നിവയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത ലിഥിയം, കൊബാള്‍ട്ട് , അപൂര്‍വ ധാതുക്കള്‍ (Rare Earth Minerals) എന്നിവയുടെ വലിയൊരു ശേഖരം ഓസ്ട്രേലിയക്കുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ വിഭവങ്ങള്‍ ലഭ്യമാക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര നിര്‍മ്മാണ രംഗത്ത് വലിയ സഹായകരമാവും.
‘ഇന്ത്യ-ഓസ്ട്രേലിയ സിഇഒ ഫോറ’ത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാല്‍ തന്നെ നിലവിലെ ധാരണകളെ യഥാര്‍ത്ഥ നിക്ഷേപങ്ങളായും സാങ്കേതിക പങ്കാളിത്തങ്ങളായും പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി രംഗത്ത് ചൈന നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാന്‍ കാന്‍ബെറയുമായുള്ള ബന്ധം ന്യൂദല്‍ഹിയെ ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.
പ്രതിരോധത്തിന് പുറമെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്. ഭാരതീയരായ അപേക്ഷകര്‍ക്ക് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിലെ താമസം സംബന്ധിച്ച ആശങ്കകള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ആശങ്കകളും ഈ ഉച്ചകോടിയില്‍ ചര്‍ച്ചയാവും.
ന്യൂസിലാന്‍ഡില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം
ഈ പര്യടനത്തിന്റെ അവസാന ഘട്ടം തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. ഏകദേശം 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്നത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ഈ സന്ദര്‍ശനത്തെ ‘ചരിത്രപര’മെന്നാണ് വിശേഷിപ്പിച്ചത്. അടുത്തിടെ ഒപ്പുവെച്ച ന്യൂസിലാന്‍ഡ്-ഭാരതം സ്വതന്ത്ര വ്യാപാര കരാരിന് തൊട്ടുപിന്നാലെയാണ് മോദിയുടെ ഈ സന്ദര്‍ശനം. ഇത് ന്യൂസിലാന്‍ഡിലേക്കുള്ള 95 ശതമാനം ഭാരത കയറ്റുമതിയുടെയും താരിഫ് ഇല്ലാതാക്കുമെന്നതിനൊപ്പം കൃഷി, ഭക്ഷ്യസംസ്‌കരണം, ഡയറി ടെക്നോളജി, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയില്‍ വലിയ അവസരങ്ങള്‍ രാജ്യത്തിന് തുറന്നു കിട്ടും.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരൊറ്റ വിപണിയെ മാത്രം ആശ്രയിക്കാതെ, ഇന്തോ-പസഫിക്കിലുടനീളം സാമ്പത്തിക പങ്കാളിത്തം വൈവിധ്യവത്കരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണിത്. മുന്‍കാലങ്ങളില്‍ ദക്ഷിണ പസഫിക് മേഖലയുമായി ഭാരതത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ സന്ദര്‍ശനം ഈ മേഖലയില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കാന്‍ ഏറെ സാധിക്കും.
ചുരുക്കത്തില്‍, ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള തുടരേയുള്ള പര്യടനം ഭാരതത്തിന്റെ ഇന്തോ-പസഫിക് തന്ത്രം എത്രത്തോളം പക്വതയാര്‍ന്നതാണെന്ന് തെളിയിക്കുന്നു. സമുദ്ര സുരക്ഷ, വിഭവ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ, സാംസ്‌കാരിക നയതന്ത്രം എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഇവ നടപ്പാക്കുന്നത്.
പുതിയ സിദ്ധാന്തങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പകരം ഭാരതത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങളെ നേരിട്ട് സഹായിക്കുന്ന പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിലാണ് ഈ പര്യടനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള രാഷ്‌ട്രീയം വിതരണ ശൃംഖലകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ചുറ്റും കറങ്ങുന്ന വേളയിലെ ഭാരതത്തിന്റെ ഈ നയതന്ത്ര നീക്കം ഇന്തോ-പസഫിക് നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടുന്നതാണ്.
















