
തൃത്താല: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന ‘ഡുകോങ്’ ചാലിശ്ശേരിയിലും വിളഞ്ഞിരിക്കുകയാണ്. ചാലിശ്ശേരിക്ക് സമീപം ഒറ്റപ്പിലാവ് മേലെത്തലക്കല്‍ മൊയ്തുണ്ണിയുടെ വീട്ടുവളപ്പിലാണ് ‘ഡുകോങ്’ വിളഞ്ഞുനില്‍ക്കുന്നത്.
ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ‘ലാന്‍സിയം ഡൊമസ്റ്റിക്കം’ സസ്യകുടുംബത്തിലെ അംഗമായ ഡുകോങ് വ്യാപകമായി കൃഷി ചെയ്യുന്നത്്. ലിച്ചിപ്പഴത്തോട് സാദൃശ്യമുള്ളതും മധുരവും പുളിയും കലര്‍ന്നതുമായ ഈ പഴം കേരളത്തിലെ വിപണിയില്‍ ഇപ്പോഴും അപൂര്‍വമാണ്.
തായ്‌ത്തടിയിലും പ്രധാന കൊമ്പുകളിലും നേരിട്ട് കുലകളായാണ് കായ്‌ക്കുക. ഒരു ഹോബിയായി കൃഷി ചെയ്യാന്‍ തുടങ്ങിയ ഈ വിദേശപ്പഴം തോട്ടത്തില്‍ വ്യാപകമായി കായ്ച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസി വ്യവസായിയായ മൊയ്തുണ്ണി. ദുബായിലിരുന്ന് വീട്ടുവളപ്പില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളിലൂടെയാണ് അദ്ദേഹം തോട്ടത്തിന്റെ പരിപാലനം നിരീക്ഷിക്കുന്നത്.
യുവ കര്‍ഷകനും അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റുമായ പി.എസ്. സതീഷ്‌കുമാറിന്റെ സാങ്കേതിക സഹായത്തോടെയാണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. നാട്ടില്‍ ആദ്യമായി വിളഞ്ഞ ഈ അപൂര്‍വ വിദേശപ്പഴം കാണാനും രുചിച്ചറിയാനും നിരവധിപേരാണ് മൊയ്തുണ്ണിയുടെ വീട്ടിലേക്ക് വരുന്നത്.