Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

hen the comes into effect

Published by
എഡിറ്റോറിയൽ ഡെസ്ക്

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികള്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും, വിദേശ ശക്തികളുടെ സഹായത്തോടെ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതുമാണ്. എന്നാല്‍ ചില കേന്ദ്രങ്ങളും മാധ്യമങ്ങളും ഈ നിയമഭേദഗതി സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്.

വിദേശ സംഭാവന (നിയന്ത്രണ) ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്യപ്പെട്ടിരിക്കുകയാണ്. ഉപനിയമങ്ങളായ ചട്ടങ്ങളാണ് മാറ്റിയിരിക്കുന്നത്. 2010 ലെ പ്രധാന എഫ്സിആര്‍എ നിയമമായ വിദേശ സംഭാവന (നിയന്ത്രണ) നിയമം, ഭേദഗതി ചെയ്തിട്ടില്ല. എന്നാല്‍, എഫ്സിആര്‍എ രജിസ്‌ട്രേഷന് ആരെല്ലാം അര്‍ഹരാണ്, അവര്‍ ഔപചാരികമായി എന്തെല്ലാം പ്രഖ്യാപിക്കണം, വിദേശത്തുനിന്ന് ലഭിക്കുന്ന ഓരോ രൂപയും എങ്ങനെ കണക്കാക്കണം, ഇനി മുതല്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രത്യേകമായി നിരോധിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ പ്രവര്‍ത്തനപരമായ സംവിധാനങ്ങളാണ് ആഭ്യന്തര മന്ത്രാലയം മാറ്റിയിരിക്കുന്നത്.

എഫ്‌സിആര്‍എ നിയമത്തില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പ്രധാനമാണ്. ചട്ടങ്ങളിലെ ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. അതിനാല്‍ ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ പ്രസക്തമല്ല. എന്നിരുന്നാലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഭാരതത്തിന്റെ വിദേശ ധനസഹായ നിയന്ത്രണ ഘടനയില്‍ ഏറെക്കാലത്തിനുശേഷം വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്.

2011 ല്‍ യഥാര്‍ത്ഥ വിദേശ സംഭാവന (നിയന്ത്രണ) ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നു. അന്ന് മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ അല്ലെങ്കില്‍ സാംസ്‌കാരികമായ ലക്ഷ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത സംഘടനകളെ, ആ ലക്ഷ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതും സംബന്ധിച്ച് വളരെ കുറച്ചുമാത്രം പരിശോധനയോടെ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ചട്ടങ്ങള്‍ അനുവദിച്ചിരുന്നു. വാര്‍ഷിക റിട്ടേണുകള്‍ നിര്‍ബന്ധമായിരുന്നു, രജിസ്‌ട്രേഷനും ആവശ്യമായിരുന്നു. എന്നാല്‍ ‘മതപരമായ ലക്ഷ്യം’ എന്നത് എന്താണെന്ന് ചട്ടങ്ങളില്‍ വ്യക്തമായി നിര്‍വചിച്ചിരുന്നില്ല. ആ നിശ്ശബ്ദതയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്, ഭരണസഖ്യത്തില്‍ സോണിയാ ഗാന്ധിക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്ന സമയത്ത് ഈ നിയന്ത്രണമില്ലായ്‌മ വെറുമൊരു പോരായ്‌മ മാത്രമല്ലായിരുന്നു. 2011 ലെ ചട്ടങ്ങളിലെ അവ്യക്തമായ ഭാഷ, പ്രഖ്യാപിതമായ ജീവകാരുണ്യ- മതപരമായ ലക്ഷ്യങ്ങളും സംഘടിതമായ ആശയപ്രചാരണങ്ങളും തമ്മിലുള്ള അതിര്‍ത്തി വളരെ നേര്‍ത്തതായിരുന്നു. ഇത് വിദേശ ധനസഹായം എളുപ്പത്തില്‍ ലഭിക്കാന്‍ അവസരമൊരുക്കി. സക്കീര്‍ നായിക്കനെപ്പോലുള്ളവരും ഇത് മുതലാക്കി. നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട സംഘടനകളിലേക്ക് ചൈനീസ് ധനസഹായം എത്തിയെന്ന ആശങ്കകളും ഉയര്‍ന്നു. ഇത്തരം മതിയായ പരിശോധനയില്ലാതെയുള്ള വിദേശ ധനപ്രവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് 2022 ല്‍ സോണിയ ഗാന്ധി അധ്യക്ഷയായിരുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും എഫ്സിആര്‍എ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കപ്പെട്ടത്. ഇതിന് കാരണം ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തിയതായിരുന്നു.

ഇപ്പോഴത്തെ പുതിയ ചട്ടഭേദഗതി വിജ്ഞാപനം കൃത്യവും യുക്തിസഹവുമാണ്. നിലവിലുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ നിയന്ത്രണ ചട്ടക്കൂട് സമ്പൂര്‍ണമാകും. ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഭാരതത്തിലെ ജനങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അത് നിയന്ത്രണങ്ങളില്ലാതെ ചെയ്യാമെന്ന ഉറപ്പ് നല്‍കുന്നു. എന്നാല്‍ അത് രാജ്യത്തിന്റെ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കണം. വ്യക്തമായ ഉദ്ദേശ്യങ്ങളോടെയും പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുമായിരിക്കണം. ഇത്തരം വിദേശ ധനസഹായങ്ങള്‍ മതപരിവര്‍ത്തന അജണ്ടകളില്ലാതെയും ആയിരിക്കണം. നിയമ ഭേദഗതി ഇത്രയും കൃത്യവും സുതാര്യവും ആയതിനാലാവാം നേരത്തെ ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഇത്തവണ ഇല്ലാത്തത്.

 

Recent Posts