മസ്‌ക്കറ്റ് : 2026-ലെ ഫിഫ ലോകകപ്പിന്റെ ഭാഗമായി ഒമാൻ സെൻട്രൽ ബാങ്ക് ഒരു വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു. ജൂൺ 17-നാണ് ഒമാൻ സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ഫിഫയുമായി സഹകരിച്ചാണ് ഈ നാണയം നിർമ്മിച്ചിരിക്കുന്നത്. 99.9 ശതമാനം ശുദ്ധമായ വെള്ളി ഉപയോഗിച്ച് ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ നാണയം നിർമ്മിച്ചിരിക്കുന്നതെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഒരു ഒമാനി റിയാലിന്റെ മുഖവിലയുള്ള ഈ നാണയത്തിന് 38.61 മില്ലിമീറ്റർ വ്യാസവും, 28.28 ഗ്രാം ഭാരവുമുണ്ട്. ആകെ 5,000 നാണയങ്ങളാണ് പുറത്തിറക്കുന്നത്.
ഇതിൽ 1,000 നാണയങ്ങൾ ഒമാനിൽ വിൽപ്പനയ്‌ക്കായി നീക്കിവച്ചിട്ടുണ്ടെന്നും, ബാക്കി 4,000 എണ്ണം ഫിഫ അംഗീകൃത വിതരണക്കാർ വഴി അന്താരാഷ്‌ട്ര തലത്തിൽ വിപണനം ചെയ്യുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. 2026 ജൂൺ 30 മുതൽ റൂവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ ശാഖകളിലൂടെയും ഒമാൻ പോസ്റ്റിന്റെ ഓപ്പറ ഗാലേറിയയിലെ വിൽപ്പന ഔട്ട്‌ലെറ്റിലൂടെയും ഈ നാണയം ലഭ്യമാകുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ആഗോള വെള്ളി വിലയിലെ മാറ്റങ്ങൾക്ക് വിധേയമായി ഒരു നാണയത്തിന് പ്രാരംഭ വിൽപ്പന വിലയായി 73 ഒമാൻ റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്.
















