കണ്ണൂര്‍: അക്കരെ കൊട്ടിയൂര്‍ സ്വയംഭൂ കുടികൊള്ളുന്ന മണിത്തറക്ക് മുകളില്‍ താത്കാലിക ശ്രീകോവിലിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഉഷകാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തില്‍ ബ്രാഹ്‌മണ സ്ഥാനികരും നമ്പീശന്‍മാരും ചേര്‍ന്നാണ് ശ്രീകോവില്‍ നിര്‍മ്മിക്കുന്നത്. ഓട, മുള, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. വൈശാഖ മഹോത്സവം ആരംഭിച്ച് കഴിഞ്ഞാല്‍ മാത്രം നിര്‍മ്മിക്കുന്ന താത്കാലിക ശ്രീകോവില്‍ ഉത്സവം സമാപിക്കുന്ന തൃക്കലശാട്ട് ദിവസം പിഴുതെടുത്ത് തിരുവഞ്ചിറയില്‍ തള്ളും. വയനാടന്‍ കാടുകളില്‍ ലഭ്യമാകുന്ന ഞെട്ടിപ്പനയോലയും ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവില്‍ നിര്‍മ്മിക്കുന്നത്. തിരുവോണം ആരാധനയ്‌ക്ക് മുമ്പ് ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.
തിരുവോണം ആരാധന
ഉത്സവനാളില്‍ നടക്കുന്ന നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധന വെള്ളിയാഴ്‌ച്ച നടക്കും. തിരുവോണം ആരാധന നാളില്‍ പെരുമാളിനെ തിരുവാഭരണങ്ങള്‍ അണിയിച്ച് മുപ്പത്തിയാറ് കുടം അഭിഷേകം നടത്തും. ഉച്ചയ്‌ക്ക് പൊന്നിന്‍ ശീവേലിയും നടക്കും. വെള്ളിയാഴ്‌ച്ച മുതല്‍ കൂത്തമ്പലത്തില്‍ മത്തവിലാസം കൂത്തും ആരംഭിക്കും. തിങ്കളാഴ്ചയും നല്ല ഭക്തജനത്തിരക്കാണ് കൊട്ടിയൂരില്‍ അനുഭവപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങളൊരുക്കിയതിനാല്‍ ഗതാഗതക്കുരുക്കിനും ശമനമുണ്ടായിട്ടുണ്ട്.











