
തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലെ ന്യൂനപക്ഷവകുപ്പ് നയം വിവാദത്തില്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഹജ്ജിനും വഖഫ് ബോര്‍ഡിനും മാത്രം നല്‍കിയ പരിഗണനയ്‌ക്കെതിരെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍. മുനമ്പം ഭൂമി വഖഫ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വഖഫ് ബോര്‍ഡിന് പ്രഥമ പരിഗണന നല്‍കിയത് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയതിനാലെന്നും ആക്ഷേപം.
നയപ്രഖ്യാപന പ്രസംഗത്തില്‍ 19-ാമത്തെ തലക്കെട്ടിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ ഉള്‍പ്പെടുത്തിയത്. അതില്‍ 59-ാമത്തെ നമ്പരായി അഞ്ച് വരിയിലെ ഒറ്റപാരഗ്രാഫിലാണ് സര്‍ക്കാരിന്റെ നയം ഉള്‍പ്പെടുത്തിയത്. ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ സംവിധാനങ്ങള്‍, വഖഫ് ആസ്തികളുടെ സംരക്ഷണവും പരിപാലനവും, വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ആധുനികവത്കരണം എന്നിവയ്‌ക്ക് പ്രഥമ പരിഗണന നല്‍കും’ എന്ന് മാത്രമാണ് ഉള്‍പ്പെടുത്തിയത്. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലിം, ക്രിസ്ത്യന്‍ മതത്തിലെ എല്ലാ വിഭാഗങ്ങളും, സിഖ്, ബുദ്ധ, ജൈനമതക്കാര്‍, പാഴ്‌സി എന്നിങ്ങനെ ആറ് മതവിഭാഗങ്ങളാണുള്ളത്. 2011ലെ സെന്‍സസ് പ്രകാരം 18.33 ശതമാനമാണ് ക്രിസ്ത്യന്‍ വിഭാഗം. എന്നിട്ടും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഉന്നമന കാര്യങ്ങളൊന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ അമര്‍ഷം പുകയുന്നത്.
മുനമ്പം ഭൂമി തര്‍ക്കത്തില്‍ 650 കുടുംബങ്ങളെ വഞ്ചിച്ചാണ് ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന്റേതാണെന്ന് കാട്ടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിലും പ്രതിഷേധം ഉയരുന്നതിനിടെയാണ് വഖഫ് ബോര്‍ഡിനെ സംരക്ഷിക്കാന്‍ മാത്രം നയപ്രഖ്യാപനം നടത്തിയത്.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2008ലാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചത്. ന്യൂനപക്ഷത്തിലെ ആറ് മതവിഭാഗങ്ങളിലുംപെടുന്ന ആളുകളുടെ സാമൂഹികം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിവയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ട വകുപ്പാണിത്.
എന്നാല്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി മാത്രാമണ് ന്യൂനപക്ഷ വകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രിസ്ത്യന്‍ സംഘടനകള്‍ നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു.
അതേ നയം തന്നെയാണ് വി.ഡി.സതീശന്‍ സര്‍ക്കാരും പിന്തുടരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പിലെ നയത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ഉയരുകയാണ്.