Kollam

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

ഇടതുപക്ഷം പോഷകസംഘടനയായി കൊണ്ട് നടന്ന സേനയെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുറ്റപ്പെടുത്തുന്നത് വ്യാപകമായി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ദുരിതപൂര്‍ണമായി മാറുന്നു. അടിമപണി ചെയ്യിക്കുന്നതിനെതിരെ ഹരിത സേനാംഗങ്ങള്‍ പഞ്ചായത്തുകളില്‍ പ്രതിഷേധമുയരുന്നു.

വീട്ടിലും നാട്ടിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചില്ലുകള്‍, ഇ-വേസ്റ്റുകള്‍ എന്നിവ ശേഖരിച്ച് നാടിന്റെ ശുചിത്വം നിലനിര്‍ത്തുന്ന ഹരിതകര്‍മസേന നിലനില്‍ക്കേണ്ടതു നാളെയുടെ കൂടി ആവശ്യമാണ് എന്നിരിക്കെ ഹരിതകര്‍മ്മസേനയെ തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഹരിതകര്‍മ്മസേനയെ നിയന്ത്രിക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകള്‍ പോലെ കാണുന്നുവെന്ന പരാതിയാണ് വ്യാപകമാകുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങളുടെ പരാതി കേള്‍ക്കാതെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ക്ലസ്റ്റര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയ സംഭവം.

സമാന രീതിയില്‍ ചാത്തന്നൂര്‍ പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങി പോവുകയും ചെയ്ത സംഭവമുണ്ട്. ഈ സംഭവങ്ങളുടെ ആധാരം തന്നെ ഹരിത സേനാംഗങ്ങളോട് അനുഭാവപൂര്‍വം പെരുമാറാത്തതാണ്. വരുമാനമെന്നതിലുപരി ഇവര്‍ ചെയ്യുന്ന സേവനത്തെ പലരും വിലമതിക്കുന്നില്ല. ഹരിതകര്‍മ സേനയ്‌ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട സഹായം പലയിടങ്ങളിലും തദ്ദേശ സ്ഥാപന ജനപ്രതിനിധികളില്‍നിന്നു പോലും ലഭിക്കുന്നില്ല. പ്രത്യേകിച്ചു ഇടതുപക്ഷ ജനപ്രതിനിധികളില്‍നിന്നും.

ഇടതുപക്ഷം പോഷകസംഘടനയായി കൊണ്ട് നടന്ന സേനയെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കുറ്റപ്പെടുത്തുന്നത് വ്യാപകമായി. ജില്ലയിലെ പല പഞ്ചായത്തുകളിലെയും ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. നഗരസഭകളിലും പഞ്ചായത്തുകളിലുമായി 1500 ഹരിതകര്‍മ സേനാംഗങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും സഹകരിക്കുന്ന സ്ഥലങ്ങളില്‍ പദ്ധതി നന്നായി നടക്കുന്നു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്കു വീടുകളില്‍നിന്നു പിരിക്കുന്ന യൂസേഴ്‌സ് ഫീസിനു പുറമേ മറ്റു വരുമാനമില്ല.

വീടുകളില്‍നിന്നു പരമാവധി 50 രൂപ വരെയാണ് ഫീസ് ഈടാക്കുന്നത്. കടകളില്‍നിന്നു 100 രൂപ മുതല്‍ മാലിന്യത്തിന്റെ അളവ് അനുസരിച്ച് കൂടുതല്‍ തുകയും ഈടാക്കും. നിലവില്‍ 2000 രൂപ മുതലാണ് ഒരു അംഗത്തിന്റെ ശരാശരി മാസവരുമാനം. 10,000 രൂപ ലഭിക്കുന്നവരുമുണ്ട്. ഒരു വാര്‍ഡില്‍ ശരാശരി 2 പേരാണു ജോലി ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.

അപമാനത്തിന് കുറവില്ല
പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ വീടുകളില്‍ എത്തുന്ന ഹരിത കര്‍മസേനാംഗങ്ങളെ കാണുമ്പോള്‍ വാതിലടച്ച് ഇടുന്നവരുമുണ്ട്. കണ്ടാല്‍ വാതിലടയ്‌ക്കുന്നവരും കുറവല്ല. നായ്‌ക്കളെ തുറന്ന് വിടുന്നവരുണ്ട്, ഭിക്ഷക്കാര്‍ക്ക് കൊടുക്കുന്നത് പോലെ അന്‍പത് രൂപ ഗേറ്റില്‍ കൊണ്ട് എറിഞ്ഞു കൊടുക്കുന്നവര്‍ ഉണ്ട്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കൈമാറുന്നവരുണ്ട്. പലരും യൂസര്‍ ഫീ നല്‍കാന്‍ മടിക്കുന്നു. ചിലരാകട്ടെ അനാവശ്യമായി തര്‍ക്കിക്കും. പ്രതിമാസ യൂസര്‍ ഫീസ് ലാഭിക്കാനായി നാലോ അഞ്ചോ മാസമാകുമ്പോള്‍ അജൈവ പാഴ്‌വസ്തുക്കള്‍ ഒന്നിച്ചു കൊടുത്തുവിടുന്നവരും കുറവല്ല. കടകളിലെ പാഴ്‌വസ്തുക്കള്‍ വീടുകളില്‍ കൊണ്ടുവന്നിട്ട് ഏല്‍പിക്കുന്നവരുമുണ്ട്.

ജനപ്രതിനിധികളുടെ അവഗണന
ജനപ്രതിനിധികള്‍ കൃത്യമായി സഹകരിക്കാത്തതും മാലിന്യം ശേഖരിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനുള്ള നടപടികള്‍ക്കുള്ള തുടക്കമാണ് ഹരിതകര്‍മസേന നടത്തുന്നത്. അതിനു എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണ് വാതില്‍പടി സേവനം നടത്തുമ്പോള്‍ ഇവര്‍.

സുരക്ഷ സാമഗ്രികളില്ല
സേനാംഗങ്ങള്‍ക്ക് മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ല. ആവശ്യപ്പെട്ടാലും ഫണ്ടില്ല എന്ന മറുപടിയാണ് തദ്ദേശസ്ഥാപനങ്ങള്‍ പറയുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ട ആധുനിക ഉപകരണങ്ങള്‍ നല്‍കേണ്ടവര്‍തന്നെ കൈമലര്‍ത്തുമ്പോള്‍ പാവപ്പെട്ട ഈ സ്ത്രീകള്‍ എന്തുചെയ്യുമെന്നാണ് മറ്റൊരു ചോദ്യം.

 

 

Recent Posts