Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ-റെയിൽ പ്രതിഷേധം നടത്തിയവർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത 3000 ഏക്കറോളം ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി.

പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ യുഡിഎഫ് നേതാക്കൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ. എൽ.ഡി.എഫ് സർക്കാർ 2020-ൽ പദ്ധതിക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവും, ഭൂമി ഏറ്റെടുക്കലിനായുള്ള വിജ്ഞാപനങ്ങളുമാണ് റദ്ദാക്കുന്നത്.

മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം ഉയർത്തിയിരുന്നു. അന്ന് കെ-റെയിലിനെതിരെ നടന്ന സമരങ്ങളും തുടർന്നുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.

Recent Posts