ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേ നെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്‌ക്കൽ മിനി വേണുഗോപാൽ (65), സഹോദരൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്കാണ് പരുക്കുപറ്റിയത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഇടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
പരുക്കേറ്റവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം മംഗളൂരു മണിപ്പാൽ മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി. അപകടത്തിൽ മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കുന്ദാപുര ആദർശ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബിജു ആണ് ജ്യോതിയുടെ ഭർത്താവ്. മക്കൾ: ലക്ഷ്മിപ്രിയ (നേഴ്സ് ആന്ധ്ര), ദേവപ്രിയ (നേഴ്സിംങ് വിദ്യാർഥി ചങ്ങനാശേരി), അവന്തിക. ആര്യയുടെ ഭർത്താവ് അനൂപ്. മകൾ: അവനി(ഒരു വയസ്).
സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











