തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ആലം കിട്ടാതെ വലഞ്ഞ് വാട്ടര്‍ അതോറിറ്റി. ശുദ്ധീകരണ പ്ലാന്റുകളില്‍ അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള ആലം മാത്രം. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പോളി അലുമിനിയം ക്ലോറൈഡ് (പിഎസി) ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം.
തലസ്ഥാനത്തേക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര പ്ലാന്റില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള ആലം മാത്രമാണ്. മൂന്ന് പ്ലാന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരു പ്ലാന്റിലേക്ക് പ്രതിദിനം ഒരു ടണ്‍ എന്ന നിലയില്‍ ദിവസം മൂന്ന് ടണ്‍ ആലം ആണ് ഇവിടെ വേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ആലം ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സൂക്ഷിച്ചില്ലെങ്കില്‍ പിഎസി അപകടകാരി
ചെളി കലങ്ങിയ വെള്ളം തെളിയിച്ചെടുക്കുന്നതിനാണ് ആലം ഉപയോഗിക്കുന്നത്. ഇതിനുശേഷമാണ് ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. ആലം കിട്ടാതായതോടെ ജലശുദ്ധീകരണ പ്ലാന്റുകളില്‍ പോളി അലുമിനിയം ക്ലോറൈഡ് എത്തിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും ആലത്തിന്റെ മൂന്നിലൊന്നുമതി ഉപയോഗത്തിന് എന്നതിനാല്‍ പിഎസി ഉപയോഗിക്കുന്നത് സാമ്പത്തികമായി നേട്ടമാണ്. എന്നാല്‍ അളവ് നിജപ്പെടുത്തി കൃത്യമായ ലാബ് ടെസ്റ്റ് നടത്തിയ ശേഷമേ പിഎസി ഉപയോഗിച്ച കുടിവെള്ളം വിതരണം ചെയ്യാനാകൂ. ഇതിന് ജീവനക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനവും സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമാണ്.
കൃത്യമായ അളവിലല്ലാതെ പോളി അലുമിനിയം ക്ലോറൈഡ് നേരിട്ട് ശരീരത്തില്‍ പ്രവേശിച്ചാല്‍ വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലിനും വരള്‍ച്ചയ്‌ക്കും കാരണമാകാം. കൂടാതെ പിഎസി പൗഡര്‍ രൂപത്തിലോ ലായനി രൂപത്തിലോ കണ്ണുകളില്‍ വീണാല്‍ ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് അരുവിക്കര പ്ലാന്റിലെ ജീവനക്കാര്‍ക്ക് പിഎസി ഉപയോഗിക്കുന്നതിനുള്ള അടിയന്തര പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ അഭാവം വെല്ലുവിളിയാണ്. വരുംദിവസങ്ങളില്‍ കേരളത്തിലെ വന്‍കിട ജലശുദ്ധീകരണ പ്ലാന്റുകളിലെല്ലാം പിഎസി ഉപയോഗം വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.
സള്‍ഫ്യൂരിക് ആസിഡ് ക്ഷാമം വെല്ലുവിളി
ബോക്‌സൈറ്റ്, അലുമിനിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് സള്‍ഫ്യൂരിക് ആസിഡുമായി പ്രവര്‍ത്തിപ്പിച്ചാണ് അലുമിനിയം സള്‍ഫേറ്റ് (ആലം) തയാറാക്കുന്നത്. അലുമിനിയം സള്‍ഫേറ്റ് ലായനിയിലേക്ക് പൊട്ടാസ്യം ചേരുമ്പോള്‍ ഇത് പരല്‍രൂപത്തിലാകുന്നു. ഇതാണ് കിണറുകളിലും കുളങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് സള്‍ഫ്യൂരിക് ആസിഡ് ലഭിക്കാതായതോടെ ആലം നിര്‍മാണം ഏതാണ്ട് നിലച്ചമട്ടാണ്. പെട്രോളിയം ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമാണ് സള്‍ഫര്‍. ഇതില്‍ നിന്നാണ് സള്‍ഫ്യൂരിക് ആസിഡ് നിര്‍മിക്കുന്നത്. ഭാരതത്തിന് ആവശ്യമുള്ള സള്‍ഫറിന്റെ പകുതിയിലധികവും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.
വന്‍തോതില്‍ സള്‍ഫ്യൂരിക് ആസിഡും ഇറക്കുമതി ചെയ്യുന്നുമുണ്ട്. ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി. പരിമിതമായി ലഭിക്കുന്ന സള്‍ഫ്യൂരിക് ആസിഡിന്റെ ഉപയോഗം വളം നിര്‍മാണത്തിനും ചെമ്പ്, നിക്കല്‍ എന്നിവയുടെ ഖനനത്തിനും സെമികണ്ടക്ടര്‍, ചിപ്പുകള്‍, ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണം തുടങ്ങി അത്യാവശ്യ വ്യവസായങ്ങള്‍ക്കായി നിജപ്പെടുത്തിയിരിക്കുകയാണ്.













