പത്തനംതിട്ട: സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ഇടതു സര്‍ക്കാര്‍ സമയബന്ധിതമായി സമര്‍പ്പിക്കാഞ്ഞതിനാല്‍ കേരളത്തെ ഒഴിവാക്കി കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ മെയ് 8ന് രാജ്യവ്യാപകമായി നിലവില്‍ വന്നു. കേന്ദ്ര തൊഴില്‍ നിയമങ്ങളോടുള്ള ഇടതുസര്‍ക്കാരിന്റെ എതിര്‍പ്പ് സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങളില്‍ മേല്‍കോടതിക്കു പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇതുമൂലം കേരളത്തിലേക്ക് വന്‍കിട സംരംഭകര്‍ വരാന്‍ മടിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
കേന്ദ്ര-സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ ലേബര്‍ കോഡ് രൂപീകരിച്ചത്. കഴിഞ്ഞ നവംബറിലാണ് പുതിയ ലേബര്‍ കോഡ് സംബന്ധിച്ച് വിജ്ഞാപനമായത്. പക്ഷേ സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും ലഭിക്കാഞ്ഞതിനാല്‍ നിയമം പൂര്‍ണമായി പ്രാബല്യത്തിലായില്ല. എന്നാല്‍ ജനുവരിയില്‍ കേന്ദ്ര തൊഴില്‍ നിയമങ്ങളുടെ കരടുരേഖ കേന്ദ്രം പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളില്‍ നിന്നും തൊഴിലാളി സംഘടനകളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ തുടര്‍ നടപടികള്‍ വൈകി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെരുമാറ്റച്ചട്ടം നീങ്ങിയ സാഹചര്യത്തിലാണ് നിയമം രാജ്യവ്യാപകമായി നടപ്പാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം വന്നത്. ഇതോടെ 100 വര്‍ഷമായി നിലനിന്ന 29 കേന്ദ്ര നിയമങ്ങളും 200 ലധികം സംസ്ഥാന നിയമങ്ങളും ഇല്ലാതായി.
ഫലത്തില്‍ തൊഴില്‍നിയമം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. തൊഴിലാളി തര്‍ക്കങ്ങളില്‍ ഏത് നിയമമാണ് ഉപയോഗിക്കേണ്ടതെന്ന് ലേബര്‍ ഓഫീസര്‍മാര്‍ക്കും വ്യക്തതയില്ല.
2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നതിന്റെ ആലോചന തുടങ്ങിയത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതോടെ തുടര്‍നടപടികള്‍ തുടങ്ങി.
2019-ല്‍ പുതിയ ലേബര്‍ കോഡ് ലോക്‌സഭയും രാജ്യസഭയും പാസാക്കി. തുടര്‍ന്ന് സംസ്ഥാന നിയമങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
2021-ല്‍ ഭാരതത്തില്‍ ആദ്യമായി പുതിയ തൊഴില്‍ നിയമങ്ങള്‍ രൂപീകരിച്ച സംസ്ഥാനമായി കേരളം മാറിയെങ്കിലും വിജ്ഞാപനം നടന്നില്ല. കേന്ദ്ര തൊഴില്‍ നിയമത്തെ പഴി പറഞ്ഞാണ് വിജ്ഞാപനം നടത്താതിരുന്നത്. അതിനാല്‍ ഇപ്പോള്‍ സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി. അധികാരമേല്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണണം.















