പത്തനംതിട്ട: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അധ്യാപക പരിശീലനം അനിശ്ചിതത്വത്തില്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഈ മാസം ആദ്യവാരം നടക്കേണ്ടിയിരുന്ന പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനാക്കാനാണ് തീരുമാനം. സ്‌കൂളുകള്‍ ജൂണ്‍ 1നാണ് തുറക്കുക. അതിനുമുമ്പ് പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മെയ് ആദ്യവാരമാണ് പരിശീലനം ആരംഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മെയ് രണ്ടാം വാരം ആയിട്ടും ഔദ്യോഗിക നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
കഴിഞ്ഞദിവസം വകുപ്പ് സെക്രട്ടറി ഉന്നതല യോഗം വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനം ആയില്ല. സ്‌കൂള്‍ തുറക്കുന്ന ആഴ്ച പരിശീലനം ആരംഭിച്ചാല്‍ അധ്യാപകര്‍ക്ക് വലിയ ബുദ്ധിമുട്ടാകും. വകുപ്പ് മന്ത്രിയെ തീരുമാനിച്ചിട്ടില്ലെങ്കിലും വകുപ്പ് സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും തീരുമാനമെടുക്കാവുന്ന കാര്യത്തിലാണ് ഈ അനിശ്ചിതത്വം. മെയ് 20 മുതല്‍ അഞ്ചു ദിവസമാണ് പരിശീലനത്തിന് വിദ്യാഭ്യാസ ഗുണമേന്മ സമിതി ആദ്യം തീരുമാനം എടുത്തത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം അധ്യാപകര്‍ക്കാണ് പരിശീലനം വേണ്ടത്. സമഗ്ര ശിക്ഷാ അഭിയാന്‍ ആണ് പരിശീലനം നല്‍കുന്നത്. ഇതിനായി രണ്ട് കോടി രൂപയാണ് എസ്.എസ്.കെ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ ഫണ്ട് അനുവദിച്ചില്ല. മുന്‍വര്‍ഷത്തെ അധികബാധ്യതയും സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ (എസ്‌സിഇആര്‍ടി) നുണ്ട്. സാധാരണ ഏപ്രിലില്‍ പൂര്‍ത്തിയാക്കേണ്ട സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരണവും ഇതുവരെ തുടങ്ങിയിട്ടില്ല. കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്ലാതെ അധ്യാപക പരിശീലനവും സ്‌കൂളുകളുടെ മെയിന്റനന്‍സും ഇതിനോടകം പൂര്‍ത്തിയാക്കാനാവുമായിരുന്നു എന്ന് ചില അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.












