Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Published by
എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ AVSM VSM (റിട്ട.)

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ തെക്ക് ദക്ഷിണാമൂര്‍ത്തി നട മുതല്‍ പടിഞ്ഞാറേ നട വരെയുള്ള രണ്ടാം ഖണ്ഡത്തിലുള്ളത് മഹാഭാരത കഥാശില്പങ്ങള്‍. പാണ്ഡവര്‍ക്കും കൗരവര്‍ക്കും കൃപാചാര്യരുടെ നേത്യത്വത്തിലുള്ള ശിക്ഷണം, കിണറ്റില്‍ പോയ പന്ത് അമ്പുകളാല്‍ പുറത്തെടുത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന ദ്രോണാചാര്യര്‍, കൗരവ പാണ്ഡവ ആയോധന പരിശീലനം, കൗരവര്‍ വിഷം നല്‍കി നദിയിലെറിഞ്ഞ ഭീമസേനന്‍ നാഗലോകത്തില്‍, അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട പാണ്ഡവരെ ഗംഗാനദി കടത്തുന്ന തോണിക്കാരന്‍, ഹിഡുംബി- ഭീമ സമാഗമം, ഹിഡുംബനുമായുള്ള യുദ്ധം, ഘടോല്‍കചന്റെ ജനനം, പോത്തുകള്‍ വലിക്കുന്ന വണ്ടിയില്‍ ബകാസുരന്റെ അടുത്തേക്ക് ഭീമന്റെ യാത്ര, ബകവധം, പാഞ്ചാലീസ്വയംവരത്തില്‍ അര്‍ജുനന്റെ അസ്ത്രപാടവം, പാഞ്ചാലീസ്വയംവരം ഇവയാണ് രണ്ടാം ഖണ്ഡത്തിലുള്ള മഹാഭാരതകഥാ പ്രതിപാദ്യങ്ങള്‍.

പടിഞ്ഞാറേ നടയില്‍ നിന്നും വടക്ക് ഓവു വരെയും തുടര്‍ന്ന് കിഴക്ക് സോപാനം വരെയുള്ള ശ്രീകോവിലിന്റെ പകുതിഭാഗത്തോളം വരുന്ന രണ്ട് ഖണ്ഡങ്ങളിലെ ശില്‍പങ്ങളുടെ ഇതിവൃത്തം രാമായണമാണ്. ഭാര്യമാരോടും രാമലക്ഷ്മണന്മാരോടുമൊത്തുള്ള ദശരഥന്‍, വിശ്വാമിത്രനുമൊത്ത് രാമലക്ഷണന്മാരുടെ വനയാത്ര. താടകാവധം, അഹല്യാമോക്ഷം, ജനകരാജധാനിയില്‍ ശ്രീരാമചന്ദ്രന്റെ ശൈവചാപം കുലയ്‌ക്കല്‍, സീതാപരിണയം, ശ്രീരാമ-പരശുരാമ സംവാദം, ബാലിവധം, ഹനുമാനെ ലങ്കയിലേക്ക് അയക്കുന്ന ജാംബവാന്‍ എന്നിവയാണ് പടിഞ്ഞാറ് ഭാഗത്തുനിന്നും വടക്ക് ഓവു വരെയുള്ള മൂന്നാം ഖണ്ഡത്തിലുള്ളത്.

ഹനുമാന്റെ ലങ്കയിലേക്കുള്ള യാത്ര, അശോകവനത്തില്‍ സിതാദേവിയെ കാണുന്നത്, ലങ്കയിലേക്ക് വാനരപ്പടയുടെ സേതുബന്ധനം എന്നിവ വടക്ക് ഭാഗത്ത് ഓവു മുതല്‍ കിഴക്ക് സോപാനം വരെയുള്ള നാലാം ഖണ്ഡത്തില്‍ കാണാം. തീകൊളുത്താനായി രാക്ഷസന്മാര്‍ ഹനുമാന്റെ വാലില്‍ തുണി ചുറ്റുന്ന രംഗങ്ങള്‍, കുംഭകര്‍ണ്ണനെ ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ത്തുവാന്‍ വേണ്ടി ആനയെക്കൊണ്ട് മിശ വലിപ്പിക്കുന്നത് മുതലായവ വളരെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ധനുഷ്‌കോടിയില്‍നിന്ന് ലങ്കയിലേക്ക് കല്ലുകള്‍ കൊണ്ട് സേതുബന്ധനം നടത്തുന്ന വാനരപ്പടയെയും, തന്നാലായത് ചെയ്യുന്ന അണ്ണാറക്കണ്ണനോടൊപ്പമുള്ള ശ്രീരാമനെയും വളരെ കൗതുകകരമായി കൊത്തിവെച്ചിരിക്കുന്നു.

ശ്രീകോവിലിന്റെ ഒന്നാം നിരയില്‍ പ്രതിപാദിച്ച 18 ശില്പങ്ങളുടെ ഇടയില്‍ വരുന്ന ഭാഗങ്ങളിലൊക്കെ മനോഹരവും വിശിഷ്ടവുമായ നിരവധി ശില്‍പങ്ങളുണ്ട്. കൊക്കായി വന്ന ബകാസുരന്റെ കൊക്കുകള്‍ പിളര്‍ക്കുന്ന ശ്രീകൃഷ്ണന്‍, മൂഷികന്റെ വായിലൂടെ കുത്തിയിറക്കുന്ന രണ്ട് ശസ്ത്രങ്ങള്‍ ശരീരം തുളച്ച് മറുവശത്ത് എത്തിനില്‍ക്കുന്നത് എന്നിവയൊക്കെ ശില്പിയുടെ വൈദഗ്‌ദ്ധ്യം വിളിച്ചോതുന്നവയില്‍ ചിലതുമാത്രം.

വരിക്കപ്ലാവിന്റെ തടിയിലാണ് ശ്രീകോവില്‍ ഭിത്തിയുടെയും അതിലെ ശില്‍പങ്ങളുടെയും നിര്‍മ്മാണം. 10 സെ.മീ. മാത്രം വീതിയുള്ള രണ്ടാം നിരയില്‍ സ്ഥലപരിമിതിയെ അതിജീവിച്ച് വ്യക്തമായും മനോഹരമായും ശില്പങ്ങള്‍ കൊത്തി വെച്ചിരിക്കുന്നു. കേരളീയ ക്ഷേത്രങ്ങളിലെ മഹത്തായ ദാരുശില്‍പങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ് തൃക്കൂരുട്ടിയിലേത് എന്ന് നിസ്സംശയം പറയാം. ക്ഷേത്രദര്‍ശനത്തിന് വരുന്ന ജിജ്ഞാസുക്കളായ ഭക്തജനങ്ങള്‍ ഭഗവദ് ദര്‍ശനത്തിനൊപ്പം അവശ്യം കണ്ടറിഞ്ഞ് മനസ്സിലാക്കേണ്ടത് തന്നെയാണ് ഈ ശില്‍പങ്ങള്‍. ഗവേഷകര്‍ക്ക് നിധികുഭമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ ശില്പ ചേതോഹരാവിഷ്‌കാരങ്ങള്‍.
1827-ല്‍ (കൊ.വ. 1002) സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തൃക്കുരട്ടിയിലെ ശ്രീകോവിലിന്റെ ജീര്‍ണോദ്ധാരണം വിപുലമായി നടന്നതായി രേഖകളുണ്ട്. അതിനാല്‍ നാം ഇന്ന് കാണുന്ന ദാരുശില്‍പങ്ങളുടെ നിര്‍മ്മാണം നടന്നതും 1827-ല്‍ ആണെന്നു കരുതാം. രണ്ടു നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഈ അമൂല്യ ശില്പങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി തുടങ്ങിയിട്ടുണ്ട്. ഒട്ടും അമാന്തിക്കാതെ ഇവ സംരക്ഷിക്കേണ്ടത് പുതു തലമുറയുടെ കടമയാണ്. ഉത്തരവാദപ്പെട്ടവര്‍ ഇതിന് വേണ്ട നടപടികള്‍ എടുക്കാന്‍ വൈകിക്കൂടാ.
(അവസാനിച്ചു)

Recent Posts