പത്തനംതിട്ട: സംസ്ഥാനത്തെ ക്വാറി ഉടമകളില്‍ പലരും നിയമപ്രകാരം ചെലവഴിക്കേണ്ട കോര്‍പറേറ്റ് എന്‍വയോണ്‍മെന്റ് റസ്‌പോണ്‍സിബിലിറ്റി(സിഇആര്‍) ഫണ്ട് പരിസ്ഥിതി സംരക്ഷണത്തിനും പൊതു താത്പര്യങ്ങള്‍ക്കും ഉപയോഗിക്കാതെ വകമാറ്റുന്നു. പിണറായി സര്‍ക്കാരിന്റെ അറിവോടെ പ്രതിവര്‍ഷം 2000 കോടിയിലേറെ രൂപയാണ് ഇത്തരത്തില്‍ ക്വാറി ലോബി അടിച്ചു മാറ്റിയത്. ക്വാറികള്‍ക്ക് കേരളാ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിട്ടിയുടെ ക്ലിയറിങ് ലൈസന്‍സ് വേണം. ഇതനുസരിച്ച് പാറമടയില്‍ നിന്നുള്ള വരുമാനത്തിന്റെ രണ്ട് ശതമാനം തുക സിഇആര്‍ ഇനത്തില്‍ അനുബന്ധ പഞ്ചായത്തിനും സമീപമുള്ള ഗവണ്‍മെന്റ് സ്‌കൂളിനും ഗവണ്‍മെന്റ് ആശുപത്രിക്കും മറ്റ് പൊതു ആവശ്യങ്ങള്‍ക്കുമായി നല്‍കണമെന്നാണ് നിയമം.
ഇത് പണമായോ ലൈസന്‍സില്‍ പറയുന്ന മറ്റ് അടിസ്ഥാന സൗകര്യവികസനത്തിനോ വിനിയോഗിക്കാം. എത്ര തുക ചെലവഴിക്കണമെന്ന് ലൈസന്‍സില്‍ വ്യക്തമാക്കും. ആദ്യ രണ്ട് വര്‍ഷത്തില്‍ തന്നെ ഇത് വിനിയോഗിക്കണമെന്നും തുടര്‍ന്നുള്ള പദ്ധതി കാലാവധിയില്‍ നടപ്പാക്കിയ പ്രവത്തികളുടെ മേല്‍നോട്ടവും സംരക്ഷണവും നടത്തണമെന്നുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറേറ്റ്, പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ തയാറാക്കുന്ന എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ടതെന്നും ചട്ടത്തിലുണ്ട്. എന്നാല്‍ യോഗം വിളിക്കുകയോ പരിസ്ഥിതി സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിക്കുകയൊ ചെയ്യാറില്ല. യോഗം നടന്നതിന്റെ മിനിറ്റ്‌സ് കോപ്പികളോ മറ്റ് രേഖകളൊ ബന്ധപ്പെട്ട ഓഫീസുകളില്‍ ഉണ്ടാവാറുമില്ല.
നടപ്പാക്കിയ പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ എല്ലാ ആറ് മാസത്തിലും ലൈസന്‍സ് അതോറിറ്റിക്ക് ക്വാറി ഉടമകള്‍ കൈമാറണമെന്നാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തുകയും വേണം. എന്നാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് പോലും സമയത്ത് ആരും സമര്‍പ്പിക്കാറില്ല. പത്തനംതിട്ട പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സിഇആറിന്റെ ഭാഗമായി നടപ്പാക്കേണ്ട യാതൊരു പ്രവര്‍ത്തികളും നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച പരാതിയിലും നടപടി ഉണ്ടായില്ല.
എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറിങ് ലൈസന്‍സ് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാണ്. ഇതിന്റെ കോപ്പി ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ഗ്രാമപഞ്ചായത്തിനും അതോറിറ്റി അയക്കും.
പക്ഷേ ഇത് ആരും പരിശോധിക്കുകയോ വ്യവസ്ഥകള്‍ പാലിച്ചാണോ ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താറോ ഇല്ല. വ്യവസ്ഥ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിഴ ഈടാക്കണമെന്നുമാണ് നിബന്ധന. എന്നാല്‍ ഇടത് സര്‍ക്കാരിനുമേല്‍ ക്വാറി ഉടമകള്‍ക്കുള്ള സ്വാധീനം മൂലം ഇതൊന്നും നടന്നിരുന്നില്ല.











