തിരുവനന്തപുരം : വാഹനാപകടത്തിൽ മരിച്ച നടൻ സന്തോഷ് നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ . കോളേജില്‍ തന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.’ എന്നാണ് മോഹൻലാലിന്റെ വാക്കുകൾ .
പത്തനംതിട്ട ഏനാത്തിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് സന്തോഷിന് പരിക്കേറ്റത് . ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതിനു പിന്നാലെയായിരുന്നു മരണം . ഭാര്യയ്‌ക്കും അപകടത്തിൽ സാരമായി പരിക്കേറ്റു.
















