
മലപ്പുറം: മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു വളര്‍ത്തിയ സിപിഎമ്മിന് മലപ്പുറത്ത് കനത്ത തിരിച്ചടി. ചരിത്രത്തില്‍ ആദ്യമായാണ് ജില്ലയില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും നേടാനാവാത്തത്.
താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറി മത്സരിച്ച മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ വന്‍ പരാജയമേറ്റുവാങ്ങേണ്ടിവന്നു. 24,137 വോട്ടിനാണ് ലീഗിന്റെ കുറുക്കോളി മൊയ്തീനെതിരെ മന്ത്രി തോറ്റത്. അബ്ദുറഹിമാന് 81971 വോട്ട് മാത്രമെ നേടാനായുള്ളു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ താനൂരില്‍ വിജയിച്ച വി. അബ്ദുറഹിമാന്‍ ഇത്തവണ പരാജയം മണത്താണ് തിരൂരിലേക്ക് മാറിയത്. താനൂരില്‍ പി.കെ. നവാസ് 27,131 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച മുഹമ്മദ് സമീറിനെ പരാജയപ്പെടുത്തുകയും ചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയെയടക്കം പരാജയപ്പെടുത്തിയ ചരിത്രമുള്ള കെ.ടി. ജലീലാകട്ടെ തവനൂരില്‍ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയോട് പരാജയം ഏറ്റുവാങ്ങി. രണ്ട് തവണ തവന്നൂരില്‍ വിജയിച്ച ജലീല്‍ ഇത്തവണ 14,647 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. പൊന്നാനിയില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി നൗഷാദിനോട് 13,267 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. നിലമ്പൂരിലാകട്ടെ ആര്യാടന്‍ ഷൗക്കത്ത് ഭൂരിപക്ഷം ഇരട്ടിയായി. ഇടത് സ്വതന്ത്രന്‍ യു. ഷറഫലിക്ക് 58,735 വോട്ട് മാത്രമാണ് നേടാനായത്. പെരിന്തല്‍മണ്ണയിലെ പരാജയമാണ് സിപിഎമ്മിനെ മറ്റൊരു തിരിച്ചടിയായത്. കഴിഞ്ഞ തവണ 38 വോട്ടിന് മാത്രം വിജയിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരം ഇത്തവണ 32,431 വോട്ട് നേടി വിജയിച്ചു.