ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, ആസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ രണ്ടുഘട്ടമായായിരുന്നു വോട്ടെടുപ്പ്.
എക്സിറ്റ്പോളിനും പ്രവചനങ്ങള്‍ക്കും അപ്പുറം ജനമനസ് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണുക. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഒന്‍പതോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ വിവിധ സംസ്ഥാനങ്ങളില്‍ ആര് ഭരണത്തില്‍ എത്തുമെന്ന ചിത്രംതെളിയും.
കേരളത്തില്‍ 140, തമിഴ്നാട്ടില്‍ 234, പുതുച്ചേരിയില്‍ 30, ആസാമില്‍ 126, ബംഗാളില്‍ 294 മണ്ഡലങ്ങളുമാണുള്ളത്. ബംഗാളിലെ ഫാല്‍ട്ട മണ്ഡലത്തില്‍ റീ പോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മണ്ഡലമൊഴികെയുള്ള വോട്ടണ്ണലാണ് ഇന്ന് നടക്കുക. പോണ്ട (ഗോവ), ബാഗല്‍കോട്ട്, ദവാനഗേരെ സൗത്ത്, (കര്‍ണാടക), കോറിഡംഗ് (നാഗാലാന്‍ഡ്), ധര്‍മ്മനഗര്‍ (ത്രിപുര), ഉംറേത്ത് (ഗുജറാത്ത്), രാഹുറി, ബാരാമതി (മഹാരാഷ്‌ട്ര) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ട്രെന്‍ഡുകളും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ECINET മൊബൈല്‍ ആപ്പ് വഴിയോ results.eci.gov.in എന്ന പോര്‍ട്ടല്‍ വഴിയോ അറിയാം.












