നൃത്തം ശരീരത്തിന്റെ കവിതയെന്ന് പറഞ്ഞത് ചാള്‍സ് ബോദ്‌ലേയറാണ്. ആ കവിതയിലേക്ക് ആത്മാര്‍ത്ഥമായി ആഴ്ന്നിറങ്ങുന്ന ഏതൊരാളും ആഴങ്ങളിലേക്കുതന്നെ പൊയ്‌ക്കൊണ്ടിരിക്കും. നൃത്തം ആവശ്യപ്പെടുന്ന ആത്മസമര്‍പ്പണത്തിന്റെ ഗാഢതയാകാം ഇതിനു കാരണം. അങ്ങനെ അവസാനിക്കാത്ത പഠനവും പരിശീലനവും ജീവിതത്തെതന്നെ മുഴുനീള സാധനയാക്കിത്തീര്‍ക്കുന്നു. മൂന്നാം വയസ്സില്‍ തുടങ്ങി പന്ത്രണ്ടാം വയസ്സില്‍ നിര്‍ത്തിവച്ച നൃത്തമണ്ഡലത്തിലേക്ക് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവ് ഡോ. സൗമ്യ ജഗദീശനെ സംബന്ധിച്ച് ആത്മീയമായൊരു അനുഭവം കൂടിയായിരുന്നു.
ഔദ്യോഗിക, കുടുംബ ജീവിതങ്ങളുടെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ നൃത്തമെന്ന ക്ലാസിക് കലയിലൂടെ അല്‍പ്പനേരമെങ്കിലും സഞ്ചരിക്കാനാവുമോയെന്ന ആഗ്രഹം സാഹസമാകുമോയെന്ന ശങ്ക ഒരുവശത്ത്, പ്രായവും സമയവും തീര്‍ത്ത പരിമതികള്‍ക്കിടയില്‍ ഗൗരവകരമായൊരു കലാപഠനം എത്രത്തോളം സാധ്യമാകുമെന്ന സന്ദേഹം മറുവശത്ത്. ഒടുവില്‍ എല്ലാറ്റിനും സമാധാനം സ്വയമേവ കണ്ടെത്തി. ആ ഉത്തരമാണ് ഡോ. സൗമ്യയുടെ കലാജീവിതം.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡെര്‍മറ്റോളജി വിഭാഗം പ്രൊഫസര്‍, രാവിലെയും വൈകീട്ടുമുള്ള അദ്ധ്യാപനജീവിതം, ഇതിനിടയിലെ നീണ്ട ഒപി പരിശോധനകള്‍, വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികള്‍, തിരക്കേറിയ ന്യൂറോളജിസ്റ്റുകൂടിയായ ഭര്‍ത്താവ്, മാതാപിതാക്കളുടെ ഏകമകള്‍, പന്ത്രണ്ടാം വയസ്സില്‍ അഴിച്ചുവച്ച ചിലങ്ക വീണ്ടുമണിയുമ്പോള്‍ ഇങ്ങനെ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. വര്‍ഷങ്ങള്‍ക്കപ്പുറം ആ മൂന്ന് വയസ്സുകാരി ആരെയാണോ ദക്ഷിണസമര്‍പ്പിച്ച് ഗുരുവായി സ്വീകരിച്ചത്, അതേ ഗുരുതന്നെ വീണ്ടും ആ കലാജീവിതത്തിലേക്ക് മടക്കിവിളിക്കാനെത്തുകയായിരുന്നു.
അമ്മയുടെ അന്നത്തെ മോഹം
ആഗ്രഹിച്ചിട്ടും നടക്കാതെപോയ നൃത്തപഠനം എന്ന അമ്മയുടെ തീവ്രമായ മോഹമായിരുന്നു മൂന്നുവയസ്സുകാരിയായ മകളുടെ നൃത്തപഠനത്തിന് തുടക്കമിട്ടത്. ഗുരുവായി കണ്ടെത്തിയത് കൊടുങ്ങല്ലൂര്‍ക്കാരനായ മനുമാഷെയായിരുന്നു. ഇസ്ലാംസമുദായത്തില്‍ ജനിച്ച അബ്ദുള്‍ മനാഫ് എന്ന മനു മാഷ് ഭരതനാട്യത്തില്‍ സ്വന്തമായൊരു വഴികണ്ടെത്തിയ വളരെ ജ്ഞാനിയായ ഗുരുവായിരുന്നു. പഠിക്കാനുള്ള പ്രായം തികയാതിരുന്നതിനാല്‍ ഒരുപാട് നാള്‍ മാഷുടെ കൂടെയിരുന്ന് കണ്ടും കേട്ടും ആ മൂന്ന് വയസ്സുകാരി നൃത്തത്തെ സ്‌നേഹിക്കാന്‍ തുടങ്ങി. അല്‍പ്പം കൂടി മുതിര്‍ന്നപ്പോള്‍ മാഷ് മറ്റു കുട്ടികളുടെയൊപ്പം ചുവടുവയ്‌പ്പിച്ചു. ഇതിനിടയില്‍ ഗുരുവിന് ഭോപ്പാലിലേക്ക് പോകേണ്ടിവന്നു. മാഷുടെ അനന്തരവന്‍ കരീം മാഷായിരുന്നു തുടര്‍ന്ന് പഠിപ്പിച്ചത്. അപ്പോഴേക്കും ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്‍ ജഗദീശന് കൊച്ചിയിലേക്ക് സ്ഥലം മാറ്റമായി. അതോടെ പഠനവും താമസവും കളമശ്ശേരിയിലേക്ക് മാറി. അവിടെ ആര്‍എല്‍വി ആനന്ദ് എന്നൊരു ഗുരുവിന്റെ കീഴില്‍ കുറച്ചുകാലം കൂടി നൃത്തപഠനം തുടര്‍ന്നുവെങ്കിലും അച്ഛന്റെ ദല്‍ഹിയിലേക്കുള്ള സ്ഥലംമാറ്റത്തോടെ അതും അവസാനിച്ചു. ഇതിനിടയില്‍ സ്‌കൂള്‍ യുവജനോത്സവങ്ങളിലും ചില ക്ഷേത്രോത്സവവേദികളിലും സൗമ്യ ചിലങ്കയണിഞ്ഞുവെങ്കിലും തന്റെ നൃത്തപഠനത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണുവെന്നുതന്നെ സൗമ്യ തീര്‍ച്ചയാക്കി.
സൗമ്യ പിന്നീട് കേരളത്തിലേക്കു മടങ്ങുന്നത് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിനായാണ്. വൈദ്യപഠനമെന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനിടയില്‍ നൃത്തപഠനം തുടരാനുള്ള ചിന്തയോ സാധ്യതയോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എവിടെച്ചെന്നാലും നര്‍ത്തകിയെന്നൊരു മുദ്ര പതിയും. ബിരുദപഠനത്തിനുശേഷം ദല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓഫ്താല്‍മോളജിയില്‍ എംഡിക്ക് ചേര്‍ന്നു. അപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ജനിച്ചിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് വടകര സ്വദേശിയായ വിവേക് നമ്പ്യാര്‍ സ്‌ട്രോക്ക് ന്യൂറോളജിയില്‍ കാനഡയില്‍ ഉപരിപഠനം നടത്തുകയായിരുന്നു. മകനെ നോക്കലും പഠനവും ഒരുമിച്ച് കൊണ്ടുപോകാനായില്ല. ഒരു വര്‍ഷം തികയുമ്പോഴേക്കും കോഴ്‌സ് ഉപേക്ഷിക്കേണ്ടിവന്നു. അടുത്ത വര്‍ഷം നാട്ടില്‍ വന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡെര്‍മറ്റോളജിയില്‍ വീണ്ടും എംഡിക്ക് ചേര്‍ന്നു. മികച്ച റിസല്‍ട്ടോടെ കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡോ. പ്രേം നായരുടെ താല്‍പ്പര്യപ്രകാരം ഭര്‍ത്താവുമൊരുമിച്ച് അമൃതയില്‍ ജോലിയില്‍ പ്രവേശിച്ചു.

മനുമാഷെ വീണ്ടും കണ്ടുമുട്ടുന്നു
ചികിത്സയും അക്കാദമിക് താല്‍പ്പര്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു ഡോ.സൗമ്യയുടെ ഔദ്യോഗികജീവിതം. അദ്ധ്യാപനവും ചികിത്സയും അല്‍പ്പം ചില സംഘടനാപ്രവര്‍ത്തനങ്ങളും ഗവേഷണപ്രവര്‍ത്തനങ്ങളുമൊക്കെയായി കുടുംബകാര്യങ്ങള്‍ക്കുപോലും വേണ്ടത്ര സമയം കിട്ടാതെ പ്രയാസപ്പെട്ട ആ കാലത്താണ് മനുമാഷെ വീണ്ടും കണ്ടുമുട്ടുന്നതും, നൃത്തപഠനം എന്ന സാധ്യത മുന്നില്‍ തെളിയുന്നതും. കൊച്ചിയിലെ എളമക്കരയില്‍ മാഷ് താമസമാക്കിയിരുന്നു. സ്വകാര്യമായൊരു ആനന്ദം എന്നതിലുപരി നൃത്തം അമ്മയോടുള്ള കടപ്പാടിന്റെ ഭാഗം കൂടിയായിരുന്നു. അച്ഛനും അമ്മയും ഭര്‍ത്താവും മക്കളും എല്ലാവരും ശക്തമായ പിന്തുണ നല്‍കി. നൃത്തത്തെ ഒരു ആദ്ധ്യാത്മികസപര്യയായി കാണുന്ന ശ്രീവിദ്യോപാസകന്‍ കൂടിയായിരുന്നു മനുമാഷ്. സംന്യാസിയായ ഈ ഗുരുനാഥന്റെ പഠനരീതികളും പരിശീലനവുമെല്ലാം ഏറെ വ്യത്യസ്തമായിരുന്നു. അതുവരെ പഠിച്ചതത്രയും തൂത്തെറിയുകയെന്നതായിരുന്നു ആദ്യപടി. ശ്രമകരമായ ആ ദൗത്യത്തിനുശേഷം പുതിയ ചുവടുകള്‍ വെച്ചപ്പോള്‍ നൃത്തത്തെക്കുറിച്ചുമാത്രമല്ല ജീവിതത്തെക്കുറിച്ചും അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെല്ലാം അടിമുടി മാറിമറിഞ്ഞു. കലയുടെ ശക്തിയും ആനന്ദവും തിരിച്ചറിഞ്ഞു, കൂടെ കലയുടെ അതീതാനുഭൂതികളും. നൃത്തം തരുന്ന ഉള്‍ക്കാഴ്ചയും ആത്മീയോര്‍ജ്ജവും പിന്നീട് തന്റെ ഔദ്യോഗികജീവിതത്തെ ഏറെ പിന്തുണച്ചിട്ടുണ്ടെന്ന് ഡോ. സൗമ്യ പറയുന്നു. ആഴ്ചയില്‍ ഒരു മണിക്കൂര്‍ എന്ന തോതില്‍ സമയം കണ്ടെത്തിയായിരുന്നു പരിശീലനം തുടങ്ങിയതെങ്കിലും വളരെ വേഗത്തിലത് സമയം കിട്ടുമ്പോഴൊക്കെ നൃത്തം എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ഒരു കലയെന്നതിലുപരി ആത്മീയതയിലേക്കുള്ള പുതിയൊരു വാതായനമായിത്തീരുകയായിരുന്നു നൃത്തമെന്ന് ഡോക്ടര്‍ സൗമ്യ പറയുന്നു.
”നൃത്തം ശരീരത്തിന്റെ ചലനം മാത്രമല്ല, അത് ഒരു സഞ്ചാരമാണ്. ഓരോ ചുവടും ഓരോ ഭാവവും നമ്മെ ബാഹ്യമായ ലോകത്തില്‍ നിന്ന് അല്‍പ്പം വിട്ട്, ആന്തരികമായൊരു ഒരു നിശ്ചല കേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. കഴിഞ്ഞതിന്റെ ഭാരവും വരാനിരിക്കുന്നതിന്റെ ആശങ്കയും അകലുമ്പോള്‍, ‘ഈ നിമിഷം’ എന്ന ഒരൊറ്റ യാഥാര്‍ത്ഥ്യത്തില്‍ നില്‍ക്കാന്‍ നൃത്തം പഠിപ്പിക്കുന്നു. അവിടെ സമയം അളക്കപ്പെടുന്നില്ല; നിമിഷങ്ങള്‍ കണക്കാക്കപ്പെടാതെ, അനുഭവിക്കുക മാത്രം ചെയ്യുന്നു. നൃത്തം ഒരു ധ്യാനാവസ്ഥതന്നെയാണ്. ചലനത്തിലൂടെ അനുഭവപ്പെടുന്ന ഒരു ആത്മസാന്നിധ്യം” ഡോ. സൗമ്യ പറയുന്നു.
വൈദ്യശാസ്ത്രവും കലയും തമ്മില്‍
നൃത്തത്തിലൂടെ അനുഭവിക്കുന്ന ലയം രോഗികളുമായി കുറച്ചുകൂടി ആഴത്തില്‍ ഇടപെടുന്നതില്‍ വലിയ രീതയില്‍ സഹായകമാകുന്നുവെന്ന് ഡോ. സൗമ്യ വിലയിരുത്തുന്നു. ”ഒരു രോഗിയെ കാണുമ്പോള്‍, വേദനയും ആശങ്കയും മനസ്സിലാക്കുമ്പോള്‍, ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല- ഒരു ശ്രോതാവും ഒരു സഹയാത്രികയും കൂടി ആകുന്നു. നൃത്തം എന്ന കല എന്നെ പഠിപ്പിച്ച ഈ സാന്നിധ്യവും ശ്രദ്ധയും, എന്റെ ചികിത്സയോടുള്ള സമീപനം തന്നെ മാറ്റിയിട്ടുണ്ട്. മനു മാഷ് എപ്പോഴും പറയാറുണ്ട്: ‘കല’ എന്ന പദം ‘ഇണക്കം’ എന്ന അര്‍ത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള ഒരു സ്പന്ദനമാണ്. നൃത്തത്തില്‍, സംഗീതത്തില്‍, ചിത്രകലയില്‍ എവിടെയായാലും ആ സ്പന്ദനം നമ്മെ ഒരുമിപ്പിക്കുന്നു, അങ്ങനെയാണല്ലോ നമ്മള്‍ കല ആസ്വദിക്കുന്നത്. ഇതേ ഇണക്കം തന്നെ, വൈദ്യശാസ്ത്രത്തിലും അത്യാവശ്യമാണ്. മരുന്നുകള്‍ക്കും ചികിത്സയ്‌ക്കുമപ്പുറം ഒരു രോഗിക്ക് ആവശ്യമുള്ളത് പലപ്പോഴും മനസ്സിലാക്കപ്പെടുക എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ കലയും വൈദ്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. രണ്ടും മനുഷ്യനെ മനുഷ്യനോട് ചേര്‍ക്കുന്ന വഴികളാണ്. നൃത്തം എന്നെ ഒരു കലാകാരിയാക്കുന്നതിന് പുറമെ, കൂടുതല്‍ തിരിച്ചറിവുള്ള ഒരു ഡോക്ടറാകാനും സഹായിക്കുന്നു എന്നത് എന്റെ വിശ്വാസം മാത്രമല്ല, അനുഭവം കൂടിയാണ്” ഡോക്ടറുടെ വാക്കുകള്‍.
പരിശീലനം ഏകദേശം എട്ടു വര്‍ഷത്തോളം പിന്നിട്ടപ്പോഴാണ് ഇനി സ്വന്തമായൊരു ‘മാര്‍ഗം’ അവതരിപ്പിച്ചുകൂടേയെന്ന ഗുരുവിന്റെ ചോദ്യം വരുന്നത്. 2023 ല്‍ ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഒരു ഭരതനാട്യ കച്ചേരി അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. ഏറെ ആശങ്കകളോടെയാണ് വേദിയിലെത്തിയതെങ്കിലും നിറഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്ന് ഡോക്ടര്‍ ആശ്വാസത്തോടെ ഓര്‍ക്കുന്നു. തുടര്‍ന്ന് ഏറെ വേദികളിലേക്ക് ക്ഷണവുമുണ്ടായി. അക്കാദമിക് തിരക്കുകളും രോഗികളും ക്ലാസും എല്ലാം കൂടി സമയം കണ്ടെത്തുക സുഗമമായിരുന്നില്ല. മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപതാം പിറന്നാളിന്റെ ഭാഗമായുള്ള ആഘോഷപരിപാടിയില്‍ അമൃതപുരിയിലെ പ്രത്യേക വേദിയില്‍ അമ്മയ്‌ക്കു മുന്നില്‍ അഷ്ടപദി ചെയ്തുകൊണ്ടാണ് പിന്നീട് അരങ്ങിലെത്തുന്നത്. ഏറെ വാത്സല്യത്തോടെയും സ്‌നേഹത്തോടെയും അമ്മ ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ച ആ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമെന്ന് ഡോ. സൗമ്യ ഓര്‍ക്കുന്നു. പിന്നീട് അമൃത ആശുപത്രിയുടെ പല പരിപാടികളിലും ഡോ.സൗമ്യയുടെ നൃത്താവതരണങ്ങളുണ്ടായി.
ഔദ്യോഗികജീവിതവും നൃത്തജീവിതവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുക വലിയൊരു വെല്ലുവിളിതന്നെയാണെന്ന് സൗമ്യ പറയുന്നു. പൂര്‍ണ്ണമായ ശ്രദ്ധയും സമയവും സമര്‍പ്പണവും ആവശ്യമുള്ളതാണ് ഈ മൂന്ന് മേഖലകളും. അപ്പോഴും ഇനിയൊരു അവസരം കിട്ടിയാല്‍ വീണ്ടുമൊരു ഡോക്ടറാകാന്‍തന്നെയാണ് ആഗ്രഹിക്കുക എന്നവിധം ഔദ്യോഗികജീവിതം ഏറെ ആസ്വദിക്കുന്നുമുണ്ട് സൗമ്യ. ഓട്ടോ ഇമ്മ്യൂണ്‍ രോഗചികിത്സയില്‍ നൂതനമായ പല പരിവര്‍ത്തനങ്ങളും വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന്റെ ഭാഗമായി സഞ്ചരിക്കുവാന്‍ സാധിക്കുന്നുവെന്നത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഡോ. സൗമ്യ പറയുന്നു. മാനസികമായി ഒരുപാട് ഒറ്റപ്പെടലുകളിലൂടെയും അവഗണനകളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്നവരാണ് ഡെര്‍മറ്റോളജിയില്‍ നിത്യേന എത്തുന്ന രോഗികളില്‍ കൂടുതല്‍ പേരും. രോഗമുക്തിയിലേക്കുള്ള പാതയില്‍ ഒരുപാട് പേരുടെ കൂടെ നില്‍ക്കാനാവുക എന്നതും മറ്റൊരു ആത്മീയസംതൃപ്തി നല്‍കുന്നുവെന്നാണ് ഡോക്ടറുടെ പക്ഷം. അതുകൊണ്ടുതന്നെ തിരക്കേറിയ ഈ അക്കാദിമിക് ജീവിതം ഡോ. സൗമ്യ ഏറെ ഇഷ്ടപ്പെടുന്നു, ആസ്വദിക്കുന്നു.
കരുതിവച്ചതൊക്കെ കൈവരും
നാഷണല്‍ പീഡിയാട്രിക് ഡെര്‍മറ്റോളജി സൊസൈറ്റി കണ്‍വീനര്‍ കൂടിയായ ഡോ. സൗമ്യ നൂറില്‍പരം അക്കാദമിക് ജേര്‍ണലുകള്‍ പ്രസിദ്ധീകരിക്കുകയും, രണ്ടു ടെക്സ്റ്റ് ബുക്കുകള്‍ എഡിറ്റ് ചെയ്തിട്ടുമുണ്ട്. നിരവധി ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളുടെ എഡിറ്റോറിയല്‍ മെമ്പറായും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുടെയും യൂറോപ്യന്‍ അക്കാദമിയുടെയും സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടുള്ള ഡോ. സൗമ്യ കുട്ടികളിലെ എക്‌സിമ, കുട്ടികളിലെ ടോപ്പിക്കല്‍ ഇമ്മ്യൂണോ തെറാപ്പി എന്നീ വിഷയങ്ങളില്‍ അന്തര്‍ദേശീയ തലങ്ങളില്‍ പ്രബന്ധങ്ങള്‍ അതരിപ്പിച്ചിട്ടുണ്ട്.
തിരക്കുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും നൃത്തപരിശീലനത്തിനായി സമയം കണ്ടെത്തുന്നതില്‍ ഡോക്ടര്‍ ഒരു വീഴ്ചയും വരുത്താറില്ല. കല ദൈനംദിന ജീവിതത്തിന്റെ മാലിന്യങ്ങളെ ആത്മാവില്‍നിന്ന് കഴുകിക്കളയുന്നു എന്ന പിക്കാസോയുടെ വാക്കുകള്‍ ഈ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. നൃത്തം ജീവിതത്തിന് നല്‍കുന്ന ആന്തരികമായ ഊര്‍ജ്ജവും ഉന്മേഷവും തിരിച്ചറിഞ്ഞ ഒരാള്‍ക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനടക്കാനാവില്ലെന്ന് ഡോക്ടര്‍ പറയുന്നു.
തിരക്കുകളെ ഒട്ടും ഭയപ്പാടാതെ സമയത്തെ കൃത്യമായി മാനേജ് ചെയ്യുകയെന്നതാണ് പ്രധാനം. അതില്‍ വിജയിച്ചാല്‍ എന്ത് കാര്യവും ലാഘവത്തോടെ സമീപിക്കാനാവുമെന്ന് ഡോ. സൗമ്യ പറയുന്നു. ഓരോന്നിനും നിശ്ചയിച്ച സമയം അതിനുമാത്രമായി വിനിയോഗിക്കുക. ഓരോരുത്തര്‍ക്കും കരുതിവച്ചതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വന്നുചേരുമെന്നുതന്നെയാണ് ഡോക്ടര്‍ വിശ്വസിക്കുന്നത്. അതിന്റെ ദൃഢസാക്ഷ്യം കൂടിയാണ് ഡോ. സൗമ്യയുടെ വിജയകരമായി മുന്നോട്ടുപോകുന്ന കലാജീവിതവും ഔദ്യോഗികജീവിതവും. താന്‍ പഠിച്ചറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതുമായ കലാപാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഒരവസരം ലഭിക്കുമെന്ന മോഹം കൂടി ഡോക്ടര്‍ക്കുണ്ട്.
അച്ഛന്‍ ജഗദീശന്‍, അമ്മ സരള, ഭര്‍ത്താവ് ഡോ. വിവേക് നമ്പ്യാര്‍, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി വൈശാഖ്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിവ് എന്നിവര്‍ക്കൊപ്പം ആലുവയിലാണ് ഡോ. സൗമ്യയുടെ താമസം.
















