ആത്മബോധം നഷ്ടപ്പെടുകയാല്‍ ദിശാബോധമില്ലാതെ ഭൗതികജീവിതത്തിന്റെ അധമവീഥികളിലൂടെ ചരിച്ചുകൊണ്ടിരുന്ന കേരളീയസമൂഹത്തെ അധ്യാത്മജ്ഞാനത്തിന്റെ ദിവ്യശക്തി പ്രയോഗിച്ച് ഉന്നതനിലയില്‍ പ്രതിഷ്ഠിക്കുക എന്ന യുഗധര്‍മ്മമാണ് എഴുത്തച്ഛന്‍ അനുഷ്ഠിച്ചത്. ആധുനിക മലയാള ഭാഷയുടെ പിതാവാണ് എഴുത്തച്ഛന്‍ എന്നു പറയുന്നതിനെ അക്ഷരാര്‍ത്ഥത്തിലല്ല എടുക്കേണ്ടത്. മഹത്തും ബൃഹത്തുമായ നിരവധി നിസ്തുലസംഭാവനകള്‍ നല്‍കിയതുകൊണ്ട് കേരളീയരുടെ പരമാചാര്യനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍.
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മനുഷ്യാവകാശങ്ങളെ ഭൗതികതലത്തിലും ആത്മീയതലത്തിലും കൈവരിക്കുന്നതിനാവശ്യമായ ക്രിയാത്മകവും പ്രായോഗികവുമായ പദ്ധതികളാണ് എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. അതില്‍ ജാതിയുടെ അര്‍ത്ഥശൂന്യത, ലിംഗവിവേചനത്തിന്റെ യുക്തിശൂന്യത, സമ്പത്തിന്റെ അസ്ഥിരത, ആഢ്യത്വത്തിന്റെ പൊള്ളത്തരം മുതലായ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. കേരളീയസമൂഹത്തെ കീഴ്‌പ്പെടുത്താന്‍ പുറത്തുനിന്നു ശ്രമിച്ചുകൊണ്ടിരുന്ന അധിനിവേശശക്തികള്‍ക്കെതിരെ അതിശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളുമുണ്ട്. സകലപ്രകാരത്തിലുള്ള പരിമിതികളെയും പരാധീനതകളെയും അതിലംഘിച്ച് ജന്മസാക്ഷാത്കാരമെന്ന പരമലക്ഷ്യം കൈവരിക്കേണ്ടതിനാവശ്യമായ മഹനീയസന്ദേശവുമുണ്ട്.
അതിനാല്‍ കേരളം ദര്‍ശിച്ച ആദ്യത്തെ യഥാര്‍ത്ഥ വിപ്ലവകാരി എഴുത്തച്ഛനാണ്. ആ വിപ്ലവകാരിയില്‍ ത്യാഗിയും യോഗിയും വിദ്യാഭ്യാസവിചക്ഷണനും മഹാകവിയും ദാര്‍ശനികനും സ്വാതന്ത്ര്യഗായകനും ഒക്കെയായ അനവധിവ്യക്തിത്വങ്ങള്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു.
എഴുത്തച്ഛന്‍ ജീവിച്ചിരുന്ന 16-ാം നൂറ്റാണ്ടിലെ കേരളീയസമൂഹം ഭൗതികവും ആത്മീയവുമായ ഒട്ടേറെ സന്ദേഹങ്ങളാലും സംഘര്‍ഷങ്ങളാലും അത്യന്തം സങ്കീര്‍ണ്ണമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ന് സമൂഹത്തിലെ ബഹുഭൂരിപക്ഷവും ജാതിയുടെ പേരിലുള്ള പാതിത്യംനിമിത്തം മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു. ആ വിഭക്തസമൂഹത്തിലാണ് ഒരു ശംഖനാദംപോലെ എഴുത്തച്ഛന്റെ കിളിപ്പാട്ടുകളും ഇതരകൃതികളും ആവിര്‍ഭവിച്ചത്.
ജാതിക്കെതിരായ ആദ്യസന്ദേശം
പൂരുഷ സ്ത്രീ ജാതി നാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ
എന്നാണ് എഴുത്തച്ഛന്റെ രാമന്‍ ശബരിയോടു പറയുന്നത്. തന്നുടെ ഗുരുഭൂതന്മാരായ മുനിജനത്തിനുപോലും അലഭ്യമായ ശ്രീപാദദര്‍ശനം കൈവന്നതിനെസ്സംബന്ധിച്ച ശബരിയുടെ പരിഭവത്തിനുള്ള മറുപടിയിലാണത്. ആ പരിഭവത്തില്‍,
ജ്ഞാനമില്ലാത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ
എന്ന അപകര്‍ഷബോധം മുന്നിട്ടുനിന്നിരുന്നു. അതിനെയാണ് എഴുത്തച്ഛന്റെ രാമന്‍ ഒന്നാമതായി ഖണ്ഡിക്കുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ആഢ്യനെന്നോ അധമനെന്നോ അധികാരിയെന്നോ ദരിദ്രനെന്നോ മൃഗമെന്നോ പക്ഷിയെന്നോ യാതൊരു ഭേദവുമില്ല ഈശ്വരഭജനത്തിന് എന്നാണ് ഇവിടത്തെ വിവക്ഷിതം. എത്ര ഉദാത്തമായ സങ്കല്‍പ്പം! ഈശ്വരഭജനം യഥാര്‍ത്ഥജ്ഞാനത്തിലേക്കുള്ള മാര്‍ഗമാണ്. എന്നുവച്ചാല്‍, അറിവിന്നും അവകാശത്തിന്നും മനുഷ്യര്‍ക്കിടയില്‍ യാതൊരു വിലക്കുമില്ല നമ്മുടെ സംസ്‌കാരത്തില്‍ എന്നു സാരം. ഇക്കാര്യം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തില്‍, ശ്രീരാമസന്നിധിയില്‍ ശരണാഗതിയായെത്തുന്ന വിഭീഷണനെ സ്വീകരിക്കുന്നതുസംബന്ധിച്ച സംവാദത്തിലും ശ്രീഹനുമാനിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്,
ജാതിനാമാദികള്‍ക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
എന്ന ധീരപ്രഖ്യാപനത്തിലൂടെ. മനുഷ്യകൃതമായ ജാതിഭേദത്തിന് യാതൊരു യുക്തിയും അടിസ്ഥാനവുമില്ലെന്നാണല്ലോ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവണ്ണം എഴുത്തച്ഛന്‍ കേരളത്തെ ഉദ്‌ബോധിപ്പിക്കുന്നത്. കേരളീയസമൂഹത്തില്‍ ജാതിക്കെതിരെ ആദ്യമുയര്‍ന്ന ആഹ്വാനമായി ചരിത്രത്തില്‍നിന്ന് അറിയാന്‍കഴിയുന്നത് ഇതാണ്. സമൂഹത്തിലെ അധഃസ്ഥിതരോടും പ്രാന്തീകൃതരോടുമുള്ള താദാത്മ്യം സ്പഷ്ടമാക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ എഴുത്തച്ഛന്‍ കൃതികളില്‍ വേറെയും അവതരിപ്പിക്കുന്നുണ്ട്. അതു മനസ്സിലാക്കാന്‍ ഒന്നാമതായി ശ്രീരാമന്റെ പേരില്‍ മൃത്യുവരിച്ചവരുടെ പട്ടികനോക്കിയാല്‍ മതിയാകും. ഗുഹന്‍, ജടായു, ശബരി, സമ്പാതി എന്നിങ്ങനെ നീളുന്നു അവരുടെ പട്ടിക. ജാതിയില്‍ താണവരും രാമഭക്തിയില്‍ ഉന്നതരുമായ ഇവരില്‍ കീഴാളര്‍ മാത്രമല്ല, പക്ഷിമൃഗാദികള്‍വരെ അണിനിരക്കുന്നുണ്ടല്ലോ. ഇതിനെല്ലാം മകുടംചാര്‍ത്തുന്ന മട്ടില്‍ ഒരു വിപ്ലവപ്രഖ്യാപനംകൂടി എഴുത്തച്ഛന്‍ നടത്തിയിട്ടുണ്ട്. അത് ഹരിനാമകീര്‍ത്തനത്തിലാണ്. അതിങ്ങനെ:
ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്‌നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ
മനുഷ്യജന്മത്തില്‍ ഈശ്വരഭജനത്തിനും സത്യസാക്ഷാത്കാരത്തിനും ഏതൊരാള്‍ക്കും ഒരേയര്‍ഹത തന്നെയാണെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. ആ അര്‍ഹത മനസ്സിലാക്കി യോഗ്യമായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാല്‍ കവിയും ഗുരുവുമാകാമെന്നതിന്റെ പ്രഥമോദാഹരണമാണല്ലോ വാല്മീകിമഹര്‍ഷി. അക്കാര്യവും രാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
രാമാനാമത്തെജ്ജപിച്ചോരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതുകണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുള്‍ചെയ്തു.
ഭാരതത്തിന്റെ മോചനം ഭാവിയില്‍ സാധ്യമാകുന്നത് അധഃസ്ഥിതരുടെ മുന്നേറ്റത്തിലൂടെയായിരിക്കുമെന്നു ദീര്‍ഘദര്‍ശനം ചെയ്യാന്‍ സ്വാമിവിവേകാനന്ദനു പ്രേരണ നല്‍കിയത് രാമായണത്തിലെ ഈ മാതൃകയായിക്കൂടെന്നില്ല.
സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരെയും പ്രാന്തീകൃതരാക്കിത്തീര്‍ത്ത ജാത്യഭിമാനത്തിന്റെയും ആഢ്യമ്മന്യതയുടെയും സംരക്ഷകരും വക്താക്കളുമായ അധികമാളുകളും ഇവിടെ നയിച്ചുപോന്നതാകട്ടെ, ധാര്‍മ്മികമായി അധഃപതിച്ച ജീവിതമായിരുന്നുതാനും. അതിന്റെ നേര്‍ച്ചിത്രം വരച്ചിട്ടതു പൂന്താനമാണ്, ‘ജ്ഞാനപ്പാന’യില്‍.
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
ഗതികെട്ടു നടക്കുന്നിതു ചിലര്‍.
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
……………………………………………………………
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നതിനു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുംപോലെ ഗര്‍ദ്ദഭം!
ആ അജ്ഞാനികളെ ആത്മബോധത്തിലേക്ക് ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുക എന്നതായിരുന്നു എഴുത്തച്ഛന്‍ സ്വയം ഏറ്റെടുത്ത കര്‍ത്തവ്യം. ശരീരം, ഗൃഹം, സമ്പത്ത്, പദവി, അധികാരം എന്നിവയുടെ ആനുകൂല്യങ്ങളില്‍ മദിച്ച് ജീവിതത്തിന്റെ ലക്ഷ്യമറിയാതെ ഉഴന്നവരായിരുന്നു അവരിലേറെയും. അതിനാല്‍ അവരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തത്ത്വോപദേശം ചെയ്യേണ്ടതുണ്ടായിരുന്നു എഴുത്തച്ഛന്. കിളിപ്പാട്ടുകളിലും ഇതരകൃതികളിലും കാണുന്ന സ്തുതികളും ഉപദേശങ്ങളുമെല്ലാം ഈ ഉദ്ദേശ്യത്തോടെയാണ് എഴുത്തച്ഛന്‍ രചിച്ചത്.
സ്ത്രീയുടെ തുല്യപദവിക്കുവേണ്ടി
സമൂഹപുരോഗതിക്കാസ്പദം അറിവുമാത്രമാണ്. അത് സ്ത്രീക്കുണ്ടായാല്‍ ഏറ്റവും നന്ന്. സ്ത്രീ അറിവുനേടിയാല്‍ അത് സമൂഹത്തിന്റെ മുഴുവന്‍ നേട്ടമാണെന്നാണല്ലോ പറയാറ്. കാരണം, അവളുടെ അറിവ് സ്ത്രീത്വത്തിന്റെ മഹനീയഭാവമായ മാതൃത്വത്തിന്റെ ശക്തിചൈതന്യമായി പരിണമിച്ചുകൊള്ളും. സ്ത്രീക്ക് വിദ്യാഭ്യാസം ചെയ്യാന്‍പറ്റിയ സാഹചര്യമോ സ്ഥാപനങ്ങളോ ഉള്ളതായിരുന്നില്ല എഴുത്തച്ഛന്റെ കാലംവരെയുള്ള കേരളത്തിന്റെ അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് എഴുത്തച്ഛന്റെ കൃതികളും പള്ളിക്കൂടങ്ങളും (തുഞ്ചന്‍പറമ്പിലും ചിറ്റൂരിലും) കേരളീയസമൂഹത്തില്‍ വിപ്ലവം സൃഷ്ടിച്ചത്. ‘ഋതുവായ പെണ്ണിനും’ ‘ഹീനജാതിയിലുള്ള മൂഢ’യ്‌ക്കും മറ്റുപ്രാന്തീകൃതര്‍ക്കും (യാചകര്‍, ശവം ദഹിപ്പിക്കുന്നവര്‍, അധഃസ്ഥിതര്‍ മുതലായവര്‍) വേണ്ടിയാണ്, ശരിക്കുപറഞ്ഞാല്‍, എഴുത്തച്ഛന്‍ ഇപ്പറഞ്ഞ കൃതികളെല്ലാം രചിച്ചത്. ‘ബോധഹീനന്മാര്‍ക്കറിയാംവണ്ണം’ രാമായണം രചിക്കുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടല്ലോ രാമായണത്തിന്റെ തുടക്കത്തില്‍. അവരില്‍ സ്ത്രീകളും പ്രാന്തീകൃതരും മാത്രമല്ല, ആഢ്യമ്മന്യരും ദേഹാഭിമാനികളുമെല്ലാം ഉള്‍പ്പെടും. അത്തരക്കാരെ ബാധിച്ചിരിക്കുന്ന അജ്ഞാനത്തിന്റെ തിമിരമകറ്റാന്‍ മഹനീയമാതൃത്വത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് എഴുത്തച്ഛനറിയാമായിരുന്നു. അതാണ് ഔപചാരികവിദ്യാഭ്യാസത്തിന് അവസരമില്ലാതിരുന്ന സ്ത്രീകളുടെയും പ്രാന്തീകൃതരുടെയും സമൂഹത്തിലേക്ക് എഴുത്തച്ഛന്‍ കൃതികള്‍ കൂടുതല്‍ കടന്നുചെല്ലാന്‍ കാരണം. അതിന്റെ ഫലമായി അക്ഷരവിദ്യ അഭ്യസിക്കാത്ത സ്ത്രീകളുടെയും മറ്റുള്ളവരുടെയും ഉള്ളിലും നാവിലും രാമായണവും ഹരിനാമകീര്‍ത്തനവും മറ്റും തത്തിക്കളിച്ചു. അത് സംസ്‌കാരമുള്ള തലമുറകളുടെ ഉദയത്തിനു കാരണമായിത്തീരുകയും ചെയ്തു.
ഭാരതസംസ്‌കൃതിയിലെ അതിവിശിഷ്ടമായ ഒരു പൈതൃകമാണ് സ്ത്രീത്വത്തിനു കല്‍പ്പിക്കപ്പെട്ടിട്ടുള്ള വന്‍പ്രാധാന്യം. അത് അംഗീകരിക്കപ്പെട്ട കാലങ്ങളിലാണ് ഭാരതം ഉയര്‍ന്നതും നമ്മുടെ സംസ്‌കൃതി കൂടുതല്‍ ശോഭിച്ചതും. സത്യദര്‍ശികളായ സ്ത്രീകള്‍ ഋഷിക എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഗാര്‍ഗി, മൈത്രേയി തുടങ്ങി വൈദിക ഋഷികളില്‍വരെ സ്ഥാനംപിടിച്ചവരായി നാല്‍പ്പതില്‍പരം ഋഷികമാരുടെ പേരുകള്‍ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അറിവും ആര്‍ദ്രതയും സ്‌നേഹവും സഹനവും ത്യാഗവും കൈമുതലായ മാതൃകാവ്യക്തിത്വങ്ങള്‍ സ്ത്രീവര്‍ഗ്ഗത്തിലുണ്ടായാല്‍ അവര്‍ നയിക്കുന്ന കുടുംബം ശ്രേയസ്സുകൈവരിക്കുമെന്നതില്‍ സംശയംവേണ്ട. രാമായണത്തിലെ സുമിത്ര, കൗസല്യ, ശബരി, സ്വയംപ്രഭ, താര, മണ്ഡോദരി എന്നിവര്‍ ഋഷികകള്‍ക്കൊപ്പം തേജസ്വിനികളായത് ഇക്കാരണത്താലാണ്.
രാമായണവും ഹരിനാമകീര്‍ത്തനവും മറ്റും ശ്രവണമനനങ്ങളിലൂടെ അഭ്യസിക്കുന്ന വനിതകള്‍ നിറവേറ്റുന്നത് മഹത്തായ ഒരു സാമൂഹികോത്തരവാദിത്വമായിരിക്കുമെന്ന് എഴുത്തച്ഛനു ബോദ്ധ്യമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍, വേദശാസ്ത്രങ്ങളില്‍ അവഗാഹംനേടിയ സംന്യാസിനിമാരും കുടുംബിനികളുമാണ് എക്കാലത്തും സംസ്‌കാരത്തെ നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും. അങ്ങനെയല്ലാത്തപ്പോഴെല്ലാം, അതായത് സ്ത്രീത്വം അപമാനിക്കപ്പെട്ടപ്പോഴെല്ലാം, സംസ്‌കാരം തകരുകയും സമൂഹം അധഃപതിക്കുകയും ചെയ്തതിനു തെളിവുകളുമുണ്ട്. മുഗളഭരണകാലത്ത് യുദ്ധഭൂമിയില്‍ വീരചരമം പ്രാപിച്ച യോദ്ധാക്കളുടെ ഭാര്യമാരെ ബലാത്സംഗംചെയ്ത് വര്‍ണ്ണസാങ്കര്യം വരുത്താന്‍ തുനിഞ്ഞപ്പോഴാണല്ലോ ഇവിടെ സതി എന്നത് ആചാരമായിത്തീര്‍ന്നത്. സ്ത്രീത്വത്തിനേറ്റ കളങ്കം പിന്നീട് ഒരത്യാചാരമായി മാറി. അപ്പോള്‍ ഏതൊരു സമൂഹത്തിനും സുസ്ഥിതിയും അഭിവൃദ്ധിയും ഉണ്ടാകണമെങ്കില്‍ സ്ത്രീത്വം ആദരണീയമായിത്തന്നെ നിലനില്‍ക്കണം. എഴുത്തച്ഛന്റെ കാലം മേല്‍പ്പറഞ്ഞ ഒട്ടേറെ അത്യാചാരങ്ങളുടെ യാതനാഭരിതമായ ഘട്ടമായിരുന്നല്ലോ.
വിദ്യാഭ്യാസദര്‍ശനം
സ്ത്രീവിദ്യാഭ്യാസത്തിന് എഴുത്തച്ഛന്‍ പരമപ്രാധാന്യം കല്‍പ്പിച്ചതിന്റെ കാരണങ്ങള്‍ മേല്‍പ്പറഞ്ഞവയാണ്. ഈ നിലയില്‍ നോക്കുമ്പോള്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസവിചക്ഷണനും വനിതാവകാശങ്ങളുടെ വക്താവും പ്രയോക്താവുംകൂടിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. അറിവും അവകാശങ്ങളും പക്ഷേ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടിയല്ല വിനിയോഗിക്കേണ്ടത്. അവ വെറും തുച്ഛമായ ലക്ഷ്യങ്ങളാണ്. ആത്യന്തികലക്ഷ്യം നിത്യമുക്തിയായിരിക്കണം; ആണിനായാലും പെണ്ണിനായാലും. അതിന്റെ ആഹ്വാനങ്ങളാണ് എഴുത്തച്ഛന്റെ ഓരോ കൃതിയും.
ഇതൊക്കെയും സാധ്യമായത് എഴുത്തച്ഛന്റെ കാവ്യരചനയിലും അദ്ധ്യാപനത്തിലുംകൂടി ആവിഷ്‌കൃതമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇപ്പറഞ്ഞതിനോടു യോജിക്കാത്തവരും ഇവിടെ ഉണ്ടായേക്കാം എന്നു മറക്കുന്നില്ല. അച്ചടിയും പുസ്തകപ്രസാധനവും വായനശീലവുമൊന്നും സാര്‍വ്വത്രികമല്ലാതിരുന്നതുകൊണ്ട് എഴുത്തച്ഛന്‍ കൃതികള്‍ സമൂഹത്തിന്റെ മുഴുവന്‍ സ്വത്തായിരുന്നില്ല എന്നും, ഇതരമതസ്ഥര്‍ അവയെ സ്വീകരിച്ചിരുന്നില്ല എന്നുമത്രേ അവരുടെ വാദം. ഈ ചപലമായ വാദത്തെ ഖണ്ഡിക്കുവാന്‍ വലിയ അദ്ധ്വാനമൊന്നും ആവശ്യമില്ല. ‘മനുഷ്യന്‍ ചനിലിറങ്ങി’ എന്നുപറഞ്ഞാല്‍ ഭൂമിയിലുള്ള മനുഷ്യരെല്ലാം ചന്ദ്രനിലിറങ്ങി എന്നല്ലല്ലോ. അത് ഒരു പ്രതിനിധാനമാണ്. എന്നുമാത്രമല്ല, കാലം ചെല്ലുന്തോറും എഴുത്തച്ഛന്‍കൃതികള്‍ എത്രമാത്രം സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു എന്നതാണു പ്രധാനം.
മേല്‍പ്പറഞ്ഞവണ്ണം ജാതി, വര്‍ണ്ണ, വര്‍ഗ്ഗങ്ങളാല്‍ വിഭക്തവും വിചിത്രവുമായിരുന്ന ആ കേരളീയസമൂഹത്തിലേക്കാണ് പോര്‍ച്ചുഗീസുകാരും മറ്റുവിദേശാധിനിവേശശക്തികളും കടന്നുകയറ്റം നടത്തിയത്. ‘ഒരു കൈയില്‍ തോക്കും മറുകൈയില്‍ ബൈബിളുമായിവന്ന പോര്‍ച്ചുഗീസുകാര്‍’ നമ്മുടെ സ്വാതന്ത്ര്യത്തിനുമേല്‍ കൈയേറ്റവും ചിരകാലവിശ്വാസത്തെ ഹനിക്കുന്ന നിര്‍ബന്ധിത മതംമാറ്റവും ഉള്‍പ്പെടെ ഭീതിദമായ ഒരു അന്തരീക്ഷമാണു സൃഷ്ടിച്ചത്. അതിന്റെ സൂചനകളാണ് പൂന്താനത്തിന്റെ ഈ ഈരടികളിലുള്ളത്!
മത്തേഭംകൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയല്ല കപ്പല്‍വയ്‌പിച്ചിട്ടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
പോര്‍ച്ചുഗീസുകാര്‍ വന്നതോടുകൂടി തുടങ്ങിയ അധിനിവേശഘട്ടത്തിന്റെ സത്യസന്ധമായ പലവിവരണങ്ങളും സര്‍ദാര്‍ കെ.എം. പണിക്കര്‍ ‘മലബാര്‍ ആന്‍ഡ് പോര്‍ച്ചുഗീസ്’ എന്ന കൃതിയില്‍ നല്‍കുന്നുണ്ട്. അസ്വാസ്ഥ്യജനകമായ ആ ദുരനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് പ്രൊഫ. ഒഎന്‍വി കുറുപ്പ് ഇങ്ങനെ വിലയിരുത്തുന്നു: ”തോറ്റു പിന്മടങ്ങുമ്പോഴും തങ്ങളുപേക്ഷിച്ചുപോകുന്ന പ്രദേശത്ത് തച്ചുതകര്‍ക്കാവുന്നതെല്ലാം തകര്‍ത്തുതരിപ്പണമാക്കിപ്പോകുന്ന സ്വഭാവം അവര്‍ (പോര്‍ച്ചുഗീസുകാര്‍) എന്നും പുലര്‍ത്തിയിട്ടുണ്ട്. (ഒടുവില്‍ 1961 ഡിസംബര്‍ 19-ന് മനസ്സില്ലാമനസ്സോടെ ഗോവ വിട്ടുപോകുമ്പോള്‍പോലും പോര്‍ച്ചുഗീസുകാര്‍ എത്രയോ പാലങ്ങളും മറ്റും തകര്‍ത്തിട്ടാണു പോയതെന്ന് ഇന്നത്തെ തലമുറയും ഓര്‍ക്കുമല്ലോ). കേരളത്തിന്റെ തീരപ്രദേശത്തെ കല്‍പ്പവൃക്ഷതുല്യമായ കേരവൃക്ഷങ്ങള്‍ വെട്ടിവീഴ്‌ത്തി അവര്‍ തലമുറകളെ ദ്രോഹിച്ചുപോയിട്ടുണ്ട്. നിര്‍ബന്ധിതമായ മതപരിവര്‍ത്തനത്തിനും ഇടവരുത്തിയിട്ടുണ്ട്.”
രാമായണത്തിലെ രാക്ഷസന്മാരോ മഹാഭാരതത്തിലെ കൗരവപക്ഷമോ ഒക്കെ ചെയ്തുകൂട്ടിയ അധര്‍മ്മപരമ്പരയുടെ പിന്തുടര്‍ച്ചതന്നെയല്ലയോ ഇതെല്ലാമെന്നു സംശയിച്ചാല്‍ തെറ്റുണ്ടോ?
കൈക്കരുത്തും ആയുധശേഷിയും കുതന്ത്രങ്ങളും കൂടിച്ചേര്‍ന്ന അധര്‍മജന്യമായ ആക്രമണോത്സുകതയുടെ സന്ദര്‍ഭങ്ങളിലാണ് ഭക്തിപ്രസ്ഥാനംപോലുള്ള സാത്വികപ്രതിരോധത്തിന്റെ അധൃഷ്യമായ സാമൂഹികോര്‍ജ്ജം ഭാരതത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ”ആക്രമണ സമ്പാദ്യത്തെക്കാള്‍ ത്യാഗത്തിലൂടെയുള്ള സമ്പാദ്യമാണ് രാമായണപ്രതിഭ പ്രദാം ചെയ്യുന്നത്. അവകാശവും അര്‍ഹതയുമുണ്ടെങ്കില്‍ക്കൂടി അത് അധര്‍മത്തിനു കാരണമാണെങ്കില്‍ അവയെ ത്യജിക്കണമെന്നു രാമായണം പഠിപ്പിക്കുന്നു. ത്യാഗോജ്ജ്വലമായ വ്യക്തിജീവിതംകൊണ്ടു സമ്പന്നമായ മനുഷ്യജീവിതം സംഭരണത്തിന്റെ പരിഷ്‌കൃതമേഖലകളെ തച്ചുടയ്‌ക്കുന്നു” എന്ന് സ്വാമി സത്യാനന്ദ സരസ്വതി ‘രാമായണത്തിലെ സാഹോദര്യം’ എന്ന കൃതിയില്‍ മുന്നോട്ടുവയ്‌ക്കുന്ന നിഗമനം ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു. രാമായണത്തെ ‘ചിത്തശുദ്ധിയുടെ നീതികാവ്യം’ എന്നുവിളിക്കാന്‍ മഹാത്മാഗാന്ധിയെ പ്രേരിപ്പിച്ചത് ഈ ത്യാഗസന്നദ്ധതയാണ്. രാമരാജ്യത്തില്‍ എല്ലാവരും തുല്യരാണെന്ന നിലയാണു പുലര്‍ന്നത്. അതാണ് ഗാന്ധിജി സ്വതന്ത്രഭാരതത്തെ രാമരാജ്യമായി വിഭാവനംചെയ്യാന്‍ കാരണം. അതുകൊണ്ടാണ് നാം ഇപ്പോഴും രാമരാജ്യത്തെ പ്രതീക്ഷിക്കുന്നത്. മനുഷ്യവംശത്തിന്റെ അനശ്വരമായ ആദര്‍ശങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചരിത്രം കൂടിയാണല്ലോ രാമായണം. ഈ സന്ദേശമുള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ പ്രലോഭിപ്പിച്ചും ബലംപ്രയോഗിച്ചുമുള്ള മതപരിവര്‍ത്തനത്തെയും പ്രണയംനടിച്ച് നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ആഗോളഭീകരതയുടെ വലയില്‍ കുടുക്കുന്ന പൈശാചികതയും ഉള്‍പ്പെടെയുള്ള അധിനിവേശത്തിന്റെ എല്ലാ കുതന്ത്രങ്ങളെയും അതിജീവിക്കാന്‍ കേരളത്തിനു കഴിയും.
(തുടരും)















