തിരുവനന്തപുരം: വെള്ളറട കൊണ്ടകെട്ടി മലയില്‍ ട്രക്കിംഗിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ത്ഥിയായ അക്ഷയ്‌ക്കാണ് പരിക്കേറ്റത്. 2200 അടി ഉയരത്തില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി വിദ്യാര്‍ത്ഥിയെ ചുമന്നിറക്കി.
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പമാണ് അക്ഷയ് ട്രക്കിംഗിന് എത്തിയത്. കാല്‍ വഴുതി വീണാണ് അക്ഷയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റത്. അക്ഷയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ച തിരിഞ്ഞ് 3:00 മണിയോടെയാണ് അധ്യാപകരും രക്ഷിതാക്കളുമൊത്ത് അക്ഷയ് എത്തിയത്. ഇവിടെ സമയം ചെലവഴിച്ച് ഇറങ്ങുന്നതിനിടയില്‍ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്നാണ് നാട്ടുകാരും വെള്ളറട പൊലീസും പാറശാല അഗ്നിരക്ഷാ സേനയും എത്തി അക്ഷയെ രണ്ടര മണിക്കൂര്‍ കാടിനുള്ളിലൂടെ ചുമന്ന് താഴെ എത്തിച്ചത്
തുടര്‍ന്ന് വെള്ളറട, ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.















