തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകള്‍ വ്യാജമാണോ അല്ലയോ എന്നത് സംബന്ധിച്ച് കേരളപൊലീസ് ഡിജിപിയ്‌ക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടാല്‍ ചിരിച്ചു മണ്ണുകപ്പും. ഈ രേഖകള്‍ വ്യാജമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ഒറിജിനലാണോ അല്ലയോ എന്നത് മധ്യപ്രദേശില്‍ പോയി അന്വേഷിച്ചാലേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും കേരള പൊലീസ്.പറയുന്നു.
വിവാഹത്തിനായി ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇവര്‍ നല്‍കിയത്. ഈ രേഖകള്‍ ഒറിജിനല്‍ ആണെന്നാണ് തിരുവനന്തപുരം റൂറല്‍ എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ രേഖകള്‍ തയ്യാറാക്കാന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും ഇത് മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്നും ആണ് റൂറല്‍ എസ് പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവാഹത്തിനായി ഇവര്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് ആരോപണം. വ്യാജ രേഖയുടെ സഹായത്തോടെ വിവാഹം നടത്തി എന്നാണ് ദേശീയ പട്ടിക ജാതി കമ്മീഷന്റെ കണ്ടെത്തല്‍.
മാര്‍ച്ച് 11 ന് പൂവാറിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതിന് ശേഷം പൂവാര്‍ പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷ നല്‍കി. ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ സമര്‍പ്പിച്ചിരുന്നു. ഇവ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു.
അതേസമയം, കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്‌തതിന്റെ പേരിലെടുത്ത പോക്സോ കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്റെ അറസ്‌റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കേരളാ ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പ്രസ്താവിച്ച വിധിയില്‍ പറയുന്നത്. ഫര്‍മാനെതിരെ. കേസെടുത്തോ എന്ന കാര്യത്തില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20 ന് വീണ്ടും പരിഗണിക്കും.
എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, എഎ റഹിം എന്നിവര്‍ക്കെതിരെയും കേസ് വേണം
ഇവരുടെ വിവാഹം മുന്നില്‍ നിന്നും നടത്തിയവരില്‍ മൂന്ന് പേര്‍ സിപിഎം നേതാക്കളാണ്. എം.വി. ഗോവിന്ദന്‍, എഎ റഹിം, വി. ശിവന്‍കുട്ടി എന്നിവര്‍. ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം കുംഭമേള പെണ്‍കുട്ടിക്ക് 16 വയസ്സേ ഉള്ളൂ. എന്നാല്‍ 18 വയസ്സിന്റെ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു, മാത്രമല്ല, പ്രായം തിരുത്താനായി വ്യാജമായ ആധാര്‍ കാര്‍ഡും നിര്‍മ്മിച്ചു. ഇതു രണ്ടും വ്യാജരേഖ ചമയ്‌ക്ക്ലല്‍ പ്രകാരം ഗുരുതരമായ കുറ്റമാണ്. ആരാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിന് പിന്നില്‍ എന്നത് അന്വേഷണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
















