കൊച്ചി:വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍.മകന്‍ 44 വയസുള്ള പ്രവീണാണ് അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.മര്‍ദനമേറ്റ പുരുഷന്‍ ലോട്ടറി വില്‍പനക്കാരനാണ്.
പ്രവീണ്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുന്ന ആളാണ്.അച്ഛനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ പ്രവീണിനെതിരെ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുക്കുന്ന സമയത്തെല്ലാം അച്ഛനും സഹോദരിയും കേസെടുക്കണ്ടെന്ന് പറഞ്ഞ് പ്രവീണിനെ കൊണ്ടുപോകാറാണ് പതിവ്.
പതിവ് സംഭവമായപ്പോള്‍ പൊലീസ് ആര്‍ഡിഒയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ആര്‍ഡിഒ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സയ്‌ക്ക് ശേഷം പ്രവീണ്‍ മദ്യപാനം നിര്‍ത്തുകയും ചെയ്തു. അതിനിടെയാണ് സഹോദരിയും ഭര്‍ത്താവും വീട്ടില്‍ താമസിക്കാനെത്തിയത്.
ഇവര്‍ക്കുള്ള മൂന്ന് സെന്റ് സ്ഥലത്തില്‍ ഒന്നര സെന്റ് സഹോദരിക്ക് എഴുതി നല്‍കിയതില്‍ പ്രകോപിതനായ പ്രവീണ്‍ മദ്യപിച്ചെത്തി അച്ഛനെ മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















